ആപ്പ്ജില്ല

കത്തിയമർന്ന് ചിന്നമ്മ, ശേഷിച്ചത് കാല്‍പ്പാദം മാത്രം; സ്റ്റൗവില്‍ നിന്നും ട്യൂബ് ഊരിമാറ്റിയ നിലയിൽ, കൊന്നതാര്?

ഇടുക്കി നാരകക്കാനത്തെ 62 കാരിയുടെ മരണം കൊലപാതകമാണെന്ന സൂചന ലഭിച്ചതോടെ ഊർജിത അന്വേഷണം. കുമ്പിടിയാമ്മാക്കല്‍ ചിന്നമ്മയാണ് മരിച്ചത്. ആത്മഹത്യയെന്നായിരുന്നു ആദ്യം കരുതിയത്.

Samayam Malayalam 25 Nov 2022, 8:39 am
ഇടുക്കി: നാരകക്കാനത്ത് ഗ്യാസ് പടര്‍ന്ന് തീ പിടിച്ച് വയോധിക മരിച്ച സംഭവം കൊലപാതകമാണെന്ന സൂചന ലഭിച്ചതോടെ അന്വേഷണം ഊർജിതമാക്കി പോലീസ്. ബുധനാഴ്ച വൈകിട്ട് അഞ്ചോടെയാണ് കുമ്പിടിയാമ്മാക്കല്‍ ചിന്നമ്മയെ (62) മരിച്ച നിലയില്‍ കണ്ടത്. മകന്റെ മകളാണ് സംഭവം ആദ്യം കണ്ടത്. ചായക്കട നടത്തുകയായിരുന്ന പിതാവിനെയും നാട്ടുകാരെയും അറിയിച്ചതിനെ തുടര്‍ന്ന് ഇവരെത്തിയാണ് തീയണച്ചത്. ആദ്യനോട്ടത്തില്‍ തന്നെ അപകടമരണമല്ലെന്ന് സംശയം തോന്നിയിരുന്നു. മുറികളിലെ ഭിത്തികളില്‍ പലഭാഗത്തും രക്തകറകള്‍ കണ്ടെത്തിയിരുന്നു.
Samayam Malayalam police investigation in narakakkanam chinnamma case
കത്തിയമർന്ന് ചിന്നമ്മ, ശേഷിച്ചത് കാല്‍പ്പാദം മാത്രം; സ്റ്റൗവില്‍ നിന്നും ട്യൂബ് ഊരിമാറ്റിയ നിലയിൽ, കൊന്നതാര്?



​സംഭവം ആദ്യം കാണുന്നത് മകന്റെ മകൾ

ബുധനാഴ്ച രാവിലെ മകന്റെ മകളും ചിന്നമ്മയുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഒന്‍പതിനുശേഷം മകന്റെ മകള്‍ സ്‌കൂളില്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയിരുന്നു. അഞ്ചു മണിയോടെയാണ് തിരികെ വന്നത്. പകല്‍ ഒറ്റയ്ക്കാണ് ചിന്നമ്മ വീട്ടിലുണ്ടായിരുന്നത്. സംഭവം നടന്നത് ഉച്ചക്കുശേഷമായിരിക്കുമെന്ന് സമീപവാസികള്‍ പറയുന്നു. മൂന്നു മണിയോടെ ഇവിടെ നിന്നു പുക കണ്ടതായും പറയപ്പെടുന്നുണ്ട്.

​ഗ്യാസ് സ്റ്റൗ ഉപയോഗിക്കുന്നതിൽ പരിചയം

ചിന്നമ്മ ആരോഗ്യവതിയും ഗ്യാസ് സ്റ്റൗ ഉപയോഗിക്കുന്നതിന് പരിചയം നേടിയിട്ടുള്ളയാളുമാണ്. രണ്ട്, മൂന്ന് സ്റ്റൗവുകള്‍ ഒന്നിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനും പരിചയമുള്ളയാളാണ്. അപകടമുണ്ടായാല്‍ നേരിടാനുള്ള കഴിവുമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ചിന്നമ്മ ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവുമില്ല. അതിനാല്‍ തന്നെ ഇതു കൊലപാതകമെന്ന് ആദ്യനോട്ടത്തില്‍ തന്നെ നാട്ടുകാര്‍ പറഞ്ഞു.

​മൃതശരീരം കിടന്നഭാഗത്ത് മാത്രം തീ

മൃതശരീരം കിടന്നഭാഗത്ത് മാത്രമേ തീ കത്തിയിട്ടുള്ളൂ. വീട്ടിലെ ഉപകരണങ്ങള്‍ക്കും സ്റ്റൗവിനും യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ല. സ്റ്റൗവില്‍ നിന്നും ട്യൂബ് ഊരിമാറ്റിയ നിലയിലായിരുന്നു. മൃതശരീരം കിടന്നതിനടിയില്‍ പുതപ്പിട്ടിരുന്നതും വീട്ടിലെ മറ്റ് തുണികള്‍ മൃതശരീരത്തിനോടൊപ്പം കണ്ടതും സംശയത്തിനിടയാക്കിയിരുന്നു. ശരീരത്തില്‍ കാല്‍പാദം മാത്രമേ ശേഷിച്ചിരുന്നുള്ളൂ.

​സ്വർണം കവർന്നതായി സംശയം

ചിന്നമ്മയുടെ ശരീരത്തില്‍ ഏഴുപവനോളം സ്വര്‍ണമുണ്ടായിരുന്നതായി ബന്ധുകള്‍ പറയുന്നു. വീട്ടീല്‍ നിന്ന് മറ്റെന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചതിനുശേഷമേ പറയാന്‍ കഴിയുകയുള്ളൂ. അലമാര തുറന്നുകിടന്നതായും ദൃക്‌സാക്ഷികള്‍ പറയുന്നു. മോഷണശ്രമത്തിനിടെ കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ നിന്നെടുത്ത പുതപ്പില്‍ കിടത്തിയശേഷം മറ്റു തുണികള്‍ മുകളിലിട്ട് ഗ്യാസ് ട്യൂബ് ഊരിവിട്ട് കത്തിച്ചതാകാമെന്നാണ് സംശയം. മൃതശരീരം കിടന്ന ഭാഗം മാത്രമേ കത്തിയിട്ടുള്ളൂ. കിടത്തിയിരുന്ന പുതപ്പിന്റെ ബാക്കിഭാഗം കത്താതെ കിടന്നതിലും ദുരൂഹതയുണ്ട്.

​കട്ടപ്പന ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല

പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ സംഭവസ്ഥലത്തുവെച്ചുതന്നെ പോസ്റ്റുമോര്‍ട്ടം നടത്തി. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഇന്നലെ വൈകിട്ടോടെ നാരകക്കാനം ചര്‍ച്ചില്‍ സംസ്‌ക്കരിച്ചു. ബുധനാഴ്ച തന്നെ വീടു പൂട്ടി സീല്‍ ചെയ്തിരുന്നു. ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസ് സ്ഥലത്ത് പരിശോധന നടത്തുകയും കട്ടപ്പന ഡിവൈഎസ്പി നിഷാദ്‌മോന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ അന്വേഷണത്തിന് ചുമതലപ്പെടുത്തുകയും ചെയ്തു. അന്യസംസ്ഥാന തൊഴിലാളികളെക്കുറിച്ചും മറ്റും അന്വേഷണം നടത്തിവരികയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്