ആപ്പ്ജില്ല

തന്നെ വധിക്കാൻ സിപിഎം നേതാവ് ക്വട്ടേഷൻ നൽകിയെന്ന് കെ എം ഷാജി! ആരോപണം തോൽവി ഭയന്നോ? വട്ടിയൂർകാവ് മോഡലിൽ അഴീക്കോട് പിടിക്കാൻ സിപിഎം

തന്നെ വധിക്കാൻ ഗൂഡാലോചന നടക്കുന്നുണ്ടെന്ന ആരോപണവുമായി അഴീക്കോട് എംഎൽഎ കെ എം ഷാജി.

Samayam Malayalam 19 Oct 2020, 5:07 pm
കണ്ണൂർ: ഹിമാലയം തന്നെ തടയാൻ വന്നാലും ആരെടാ മാറി നിൽക്കങ്ങോട്ട് എന്നു പറഞ്ഞ് നെഞ്ചുവിരിച്ചു കൈവീശി മുൻപോട്ടു നടന്ന എം വി ആറിൻ്റെ മണ്ഡലമാണ് അഴീക്കോട്. സിപിഎമ്മിൻ്റെ ഈ പൊന്നാപുരം കോട്ടയിൽ നിന്നും ചരിത്രത്തിലാദ്യമായി പാർട്ടിയെ വെല്ലുവിളിച്ചു ജയിച്ചൊരാളും എം വി രാഘവൻ തന്നെ. എം വി ആറിനുശേഷം അഴീക്കോടു മറുചേരിയിൽ നിന്നു ജയിച്ച മറ്റൊരാൾ കെ എം ഷാജിയാണ്.
Samayam Malayalam azhikode mla km shaji alleges he facing death threat and files complaint to cm and dgp
തന്നെ വധിക്കാൻ സിപിഎം നേതാവ് ക്വട്ടേഷൻ നൽകിയെന്ന് കെ എം ഷാജി! ആരോപണം തോൽവി ഭയന്നോ? വട്ടിയൂർകാവ് മോഡലിൽ അഴീക്കോട് പിടിക്കാൻ സിപിഎം



​വികസന മുരടിപ്പും വിഭാഗീയതയും തുണച്ചു; കെ എം ഷാജിയുടെ വിജയം ഇങ്ങനെ

പണ്ട് കോൺഗ്രസ് മുന്നണി മര്യാദയുടെ പേരിൽ ഉദാരതയോടെ വെച്ചു നീട്ടിയ അഴീക്കോട് സീറ്റു ഏറ്റെടുക്കുമ്പോൾ മുസ്ലീം ലീഗ് ഒരിക്കലും ഇവിടെ ജയിക്കാനാവുമെന്ന് കരുതിയിരുന്നില്ല. വയനാടൻ ചുരം കയറി ഇരട്ടക്കുഴൽ തുപ്പാക്കി പോലെ വെടിയുതിർക്കുന്ന നാവുമായി യുത്ത് ലീഗ് നേതാവായിരുന്ന കെ എം ഷാജി അഴിക്കോട്ടേക്ക് മത്സരിക്കാനായി എത്തിയപ്പോൾ സ്വന്തം പാർട്ടി പോലും അദ്ദേഹം ജയിച്ചു കയറുമെന്ന് വിശ്വസിച്ചിരുന്നില്ല. ഒടുവിൽ സിപിഎം കോട്ടയിലെ മുക്കും മൂലയും ഇളക്കിമറിച്ച ഷാജി പച്ചക്കൊടി ഉയർത്തുക തന്നെ ചെയ്തു. സിപിഎം സ്ഥാനാർഥി എം പ്രകാശനോടുള്ള എതിർപ്പും അഴീക്കോട്ടെ വികസന മുരടിപ്പും സിപിഎമ്മിനകത്തെ വിഭാഗീയതയുമായിരുന്നു തുണയായത്.

​കിണറ്റിലിറങ്ങിയുള്ള വോട്ടുപിടിത്തവും കരയ്ക്കു നിന്നുള്ള ചുണ്ടയിടലും!

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കിണറ്റിലിറങ്ങിയും വോട്ടു പിടിക്കാമെന്ന് കേരളത്തിന് കാണിച്ചു കൊടുത്തത് എൽഡിഎഫ് സ്ഥാനാർത്ഥി എം വി നികേഷ് കുമാറായിരുന്നു. എന്നാൽ കിണറ്റിലിറങ്ങി അഴിക്കോട് മണ്ഡലത്തിലെ വീടുകളിലെ കുടിവെള്ളം അശുദ്ധമാണെന്ന് നികേഷ് തെളിയിച്ചുവെങ്കിലും കരയ്ക്കു നിന്നു നോക്കി ചിരിച്ച കെ എം ഷാജിയാണ് ജയിച്ചത്. പിന്നീട് ഷാജി വർഗീയവിദ്വേഷം പരത്തുന്ന ലഘുലേഖ വിതരണം ചെയ്തു വോട്ടു പിടിച്ചെന്ന നികേഷിൻ്റെ പരാതിയിൽ എംഎൽഎയെന്ന നിലയിൽ ഷാജി കൈപറ്റുന്ന ആനുകുല്യങ്ങൾ തടയാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇതു നികേഷിനും സിപിഎമ്മിനും താൽക്കാലിക ആശ്വാസം പകർന്നിട്ടുവെങ്കിലും അഴീക്കോട് മണ്ഡലം ഇപ്പോഴും ഷാജിയുടെ പക്കൽ തന്നെയാണ്.

​അഴീക്കോട്ടെ ഇഞ്ചോടിഞ്ച് പോരാട്ടം

കേരളത്തിൽ മുൻ നിരയിൽ നിൽക്കുന്ന ഒരു മാധ്യമ പ്രവർത്തകനായ എം വി നികേഷ് കുമാറിനെ സിപിഎം സ്വന്തം ചിഹ്നത്തിൽ നിർത്തി മത്സരിപ്പിക്കാനുള്ള കുശാഗ്രബുദ്ധി കാണിച്ചത് അദ്ദേഹത്തിൻ്റെ പിതാവ് എം വി ആറിനോടു അഴിക്കോടുകാർക്കുണ്ടായിരുന്ന വൈകാരികത മുതലെടുക്കാനായിരുന്നു. എന്നാൽ ആ തന്ത്രം വോട്ടെടുപ്പിൽ തിരിച്ചടിയായി. എം വി ആറിനോട് കടുത്ത ശത്രുതയുണ്ടായിരുന്ന സിപിഎമ്മുകാരും കുടുംബങ്ങളും നികേഷിന് വോട്ടു ചെയ്തില്ല. അവരൊക്കെ ഷാജിക്ക് മറിച്ചു കുത്തി. ഇതോടെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഷാജി രണ്ടായിരത്തിലേറെ വോട്ടുകൾക്ക് കര തൊടുകയും ചെയ്തു.

​വിജിലൻസ് എന്ന വാരിക്കുഴി

സിപിഎം പ്രാദേശിക നേതാവ് വി പത്മനാഭൻ നൽകിയ പരാതിയിൽ കെ എം ഷാജിയിപ്പോൾ വിജിലൻസ് അന്വേഷണം നേരിട്ടു കൊണ്ടിരിക്കുകയാണ്. അഴീക്കോട് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിനായി സ്കൂൾ മാനേജ്മെൻ്റിൽ നിന്നും 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നതാണ് കേസ്. പരാതിയിൽ പ്രഥമദൃഷ്ട്യാ കേസെടുക്കാമെന്ന് വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഈ കേസിൽ അന്വേഷണം തെരഞ്ഞെടുപ്പിനു മുൻപ് പൂർത്തീകരിച്ചു കോടതിയിൽ കുറ്റപത്രം സമർപ്പിച്ചാൽ ഷാജിക്ക് വൻ തിരിച്ചടിയാകും.

​ഷാജിക്കെതിരെ വധഭീഷണി

തന്നെ വധിക്കാൻ ഗൂഡാലോചന നടക്കുന്നുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് കെ എം ഷാജി. നിരവധി ഭീഷണി കോളുകൾ രണ്ടുദിവസമായി വരുന്നുണ്ട്. തനിക്കെതിരെ ക്വട്ടേഷൻ നൽകിയിട്ടുണ്ടെന്നും സിപിഎം പാർട്ടി ഗ്രാമമായ കണ്ണൂർ പാപ്പിനിശേരിയിലെ ബോംബെ ബന്ധമുള്ള ആളാണ് ക്വട്ടേഷന് പിന്നിലെന്നും ഷാജി ആരോപിക്കുന്നു. ഇതുസംബന്ധിച്ച് കെ എം ഷാജി മുഖ്യമന്ത്രിക്കും ഡിജിപിക്കും സ്പീക്കർക്കും പരാതി നൽകി.

​വധഭീഷണി കെട്ടിച്ചമച്ചതാണെന്നാണ് സിപിഎം

ഇപ്പോൾ ഷാജിക്കെതിരെ ഉയർന്നുവെന്ന് പറയുന്ന വധഭീഷണി സന്ദേശം കെട്ടിച്ചമച്ചതാണെന്നാണ് സിപിഎം പറയുന്നത്. പാർട്ടി കോട്ടയായ പാപ്പിനിശേരിയിൽ കഴിഞ്ഞ പത്തു വർഷക്കാലം എംഎൽഎയെന്ന നിലയിൽ വിലസി നടന്നിട്ട് ഇപ്പോൾ മാത്രമെങ്ങനെയാണ് വധഭീഷണിയുണ്ടാകുന്നതെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിൻ്റെ ചോദ്യം. വരുന്ന തെരഞ്ഞെടുപ്പിൽ വട്ടിയൂർകാവ് മോഡലിൽ മണ്ഡലം പിടിക്കാനുള്ള ഒരുക്കത്തിലാണ് സിപിഎം. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എന്ന നിലയിൽ ശോഭിച്ച കെ വി സുമേഷിനെ ഷാജിക്കെതിരെ കളത്തിലിറക്കാനാണ് തീരുമാനം. ഇതു മുൻകൂട്ടി കണ്ടുള്ള അടവാണ് ഷാജി ഇപ്പോൾ വധഭീഷണിയെന്ന പേരിൽ പ്രയോഗിക്കുന്നതെന്നാണ് ആരോപണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്