ആപ്പ്ജില്ല

പാര്‍ട്ടി വിലക്കിന് പുല്ലുവില; രണ്ടും കല്‍പ്പിച്ച് തോമസ് മാഷ് കണ്ണൂരിൽ! ചുവപ്പ് ഷാൾ അണിയിച്ച് സ്വീകരണം

സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കാനായി കോൺഗ്രസ് നേതാവ് കെ വി തോമസ് കണ്ണൂരിലെത്തി. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തെ എം വി ജയരാജന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.

Samayam Malayalam 8 Apr 2022, 9:33 pm
കണ്ണൂര്‍ (Kannur): രാഷ്ട്രീയ വിവാദങ്ങള്‍ കൊടുമ്പിരികൊള്ളുന്ന സാഹചര്യത്തില്‍ ഹൈക്കമാന്‍ഡ് വിലക്കിന് പുല്ലുവില കല്‍പ്പിച്ചു കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് കണ്ണൂരിലെത്തി. നാളെ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്നതിനായി ഇന്ന് രാത്രി ഏഴുമണിയോടെയാണ് തോമസ് മട്ടന്നൂരിലെ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ കൊച്ചിയില്‍ നിന്നും വന്നിറങ്ങിയത്. കനത്ത പോലീസ് സന്നാഹം വിമാനത്താവളത്തിൽ ഏര്‍പ്പെടുത്തിയിരുന്നു.
Samayam Malayalam congress leader kv thomas reached in kannur to attend cpm party congress seminar
പാര്‍ട്ടി വിലക്കിന് പുല്ലുവില; രണ്ടും കല്‍പ്പിച്ച് തോമസ് മാഷ് കണ്ണൂരിൽ! ചുവപ്പ് ഷാൾ അണിയിച്ച് സ്വീകരണം



​ചുവപ്പ് ഷാള്‍ അണിയിച്ച് എം വി ജയരാജൻ

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നേതൃത്വത്തില്‍ കെ വി തോമസിനെ ചുവപ്പ് ഷാള്‍ അണിയിച്ചു സ്വീകരിച്ചു. മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെയാണ് എം വി ജയരാജന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ കെ വി തോമസിനെ വിമാനത്താവളത്തിന് പുറത്തേക്ക് സ്വീകരിച്ചാനയിച്ചത്.

​പറയാനുള്ളത് പറയുമെന്ന് തോമസ്

തനിക്ക് പറയാനുള്ളത് പാര്‍ട്ടി സമ്മേളനത്തിന്റെ ഭാഗമായി പറയുമെന്ന് കെ വി തോമസ് വ്യക്തമാക്കി. ചുവന്ന നിറമാണെങ്കിലും തന്നെ അണിയിച്ചത് ഒരു ഷാള്‍ ആണെന്ന് നിറത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് അദ്ദേഹം മറുപടി പറഞ്ഞു. വീട്ടില്‍ താമര നട്ടപ്പോള്‍ ബിജെപിയിലേക്ക് പോകുന്നുവെന്നായിരുന്നു പാര്‍ട്ടിക്കുള്ളില്‍ ചിലര്‍ പ്രചരിപ്പിച്ചത്. സുഹൃത്തെന്ന നിലയിലാണ് ജയരാജന്‍ ഷാള്‍ അണിയിച്ചതെന്നും ചുവന്ന ഷാള്‍ സ്ഥിരമാക്കുമോയെന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

​സെമിനാർ നാളെ

നാളെ വൈകുന്നേരം ആറുമണിക്ക് കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന സെമിനാറില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരോടൊപ്പം കെ വി തോമസും പങ്കെടുക്കും. കെ വി തോമസ് സിപിഎം ദേശീയ സെമിനാറില്‍ പാര്‍ട്ടി വിലക്ക് ലംഘിച്ചു പങ്കെടുത്താന്‍ കെപിസിസിക്ക് നടപടി സ്വീകരിക്കാമെന്ന് നേരത്തെ ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിരുന്നു. നേരത്തെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും മറ്റു നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മാനിച്ചു സെമിനാറില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന് കെ വി തോമസിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം തള്ളിക്കളയുകയായിരുന്നു.

​കനത്ത പോലീസ് സുരക്ഷ

എന്നാല്‍ കഴിഞ്ഞദിവസം നടന്ന രാഷ്ട്രീയ സെമിനാറില്‍ ശശി തരൂരിനെ ക്ഷണിച്ചിരുന്നുവെങ്കിലും ഹൈക്കമാന്‍ഡ് വിലക്കുള്ളതിനാല്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല. എന്നാല്‍ പാര്‍ട്ടിയോട് പൂര്‍ണമായി ഇടഞ്ഞു നില്‍ക്കുന്ന കെ വി തോമസ് ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ചു കൊണ്ടാണ് സിപിഎം ദേശീയ സെമിനാറില്‍ പങ്കെടുക്കാനായി കണ്ണൂരിലെത്തിയത്. കോണ്‍ഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് കനത്ത പോലീസ് സുരക്ഷയാണ് കെ വി തോമസിന് ഒരുക്കിയിട്ടുള്ളത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം നിരന്തരം അക്രമം തുടരുന്ന സാഹചര്യത്തില്‍ പാര്‍ട്ടി നേതാക്കള്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടത്തുന്ന സെമിനാറില്‍ പങ്കെടുക്കരുതെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ നിലപാട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്