ആപ്പ്ജില്ല

തലശേരിയിൽ വീണ്ടും മത്സരിക്കാൻ കോടിയേരി; മന്ത്രിസഭയിൽ രണ്ടാമനാകും, പിണറായിക്കും താൽപ്പര്യം

അനാരോഗ്യത്തെ തുടർന്ന് സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞെങ്കിലും കോടിയേരി ബാലകൃഷ്ണൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സൂചന.

Samayam Malayalam 18 Jan 2021, 2:55 pm
കണ്ണൂർ: സിപിഎമ്മിൽ സ്ഥാനാർഥി ചർച്ച മുറുകി കൊണ്ടിരിക്കെ തലശേരിയിൽ പിബി അംഗവും മുൻ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണൻ മത്സര രംഗത്തിറങ്ങിയേക്കും. സംസ്ഥാനത്ത് സിപിഎമ്മിൻ്റെ ഏറ്റവും ശക്തമായ മണ്ഡലങ്ങളിലൊന്നാണ് തലശേരി. കേന്ദ്ര കമ്മിറ്റിയംഗവും വ്യവസായ മന്ത്രിയുമായ ഇ പി ജയരാജൻ ഇക്കുറി മത്സരിക്കാൻ സാധ്യതയില്ലാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ മറ്റൊരു വിശ്വസ്തനായ കോടിയേരി ബാലകൃഷ്ണനെ മത്സര രംഗത്തിറക്കാൻ പിണറായി താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ പിബി അംഗം കൂടിയായ കോടിയേരി മത്സരിക്കണമോ വേണ്ടയോയെന്നു തീരുമാനിക്കേണ്ടത് പാർട്ടി കേന്ദ്ര കമ്മിറ്റിയാണ്.
Samayam Malayalam cpm leader kodiyeri balakrishnan likely to contest from thalassery assembly seat in kerala election 2021 says reports
തലശേരിയിൽ വീണ്ടും മത്സരിക്കാൻ കോടിയേരി; മന്ത്രിസഭയിൽ രണ്ടാമനാകും, പിണറായിക്കും താൽപ്പര്യം



​ജന്മനാട്ടിൽ വീണ്ടും എംഎൽഎയാകാൻ താൽപ്പര്യം

അനാരോഗ്യം പറഞ്ഞ് സംസ്ഥാന സെക്രട്ടറി പദവിയൊഴിഞ്ഞ കോടിയേരി ഇപ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാണ്. പാൻക്രിയാസിനെ ബാധിച്ച അർബുദ രോഗത്തിന് ചികിത്സയിലായിരുന്ന കോടിയേരി തുടർ ചികിത്സ തൃപ്തികരമായി നടത്തിയിട്ടുണ്ട്. സാധാരണ പൊളിറ്റ് ബ്യൂറോ അംഗങ്ങൾ ഡൽഹി കേന്ദ്രികരിച്ചാണ് പ്രവർത്തിക്കാറുള്ളതെങ്കിലും അനാരോഗ്യം കൊണ്ട് കോടിയേരി തിരുവനന്തപുരത്തു തന്നെയാണ് ഉള്ളത്. ഈ സാഹചര്യത്തിൽ ജന്മനാട്ടിൽ വീണ്ടും മത്സരിച്ച എംഎൽഎയായി തിരിച്ചുവരാൻ കോടിയേരിക്കും താൽപ്പര്യമുണ്ട്.

​ഷംസീ‍ർ മാറിനിൽക്കുമോ?

ചിത്രം കടപ്പാട്: A N Shamseer| Facebook


നിലവിൽ എ എൻ ഷംസീറാണ് തലശേരി മണ്ഡലം എംഎൽഎ. കോടിയേരി തിരിച്ചു വരികയാണെങ്കിൽ മത്സര രംഗത്തും നിന്നും മാറിനിൽക്കാൻ തയാറാണെന്നാണ് ഷംസീറിൻ്റെ നിലപാട്. സാഹചര്യം അനുകൂലമാണെങ്കിൽ രണ്ടാം പിണറായി മന്ത്രിസഭയിൽ രണ്ടാമനായിട്ടാണ് കോടിയേരി തിരിച്ചു വരിക. ആഭ്യന്തരം, വ്യവസായം തുടങ്ങിയ സുപ്രധാന വകുപ്പുകൾ അദ്ദേഹത്തിന് ലഭിച്ചേക്കും. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ കോടിയേരിക്ക് മുൻപിൽ കടമ്പകളേറെയാണ്.

​കോടിയേരിയുടെ മുന്നിലെ കടമ്പകൾ

കോടിയേരി ബാലകൃഷ്ണൻ്റെ മൂത്തമകൻ ബിനോയ് സ്ത്രീ പീഡന കേസിൽ കോടതി വിചാരണ നേരിടുകയും മറ്റൊരു മകൻ ബിനീഷ് മയക്കുമരുന്ന് ഇടപാടിനായി കള്ളപ്പണം വെളുപ്പിച്ച കേസിൽ ബെംഗളൂരുവിലെ അഗ്രഹാര ജയിലിൽ റിമാൻഡ് തടവുകാരനുമാണ്. കോടിയേരി തലശേരി മണ്ഡലത്തിൽ മത്സരിക്കുകയാണെങ്കിൽ ഈ വിഷയം, സംസ്ഥാന തലത്തിൽ പ്രതിപക്ഷം വീണ്ടും പ്രചാരണ വിഷയമാക്കുമെന്ന ആശങ്കയും സിപിഎമ്മിനുണ്ട്. എന്നാൽ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങൾ ജനം അംഗീകരിച്ചില്ലെന്നതിന് തെളിവാണ് എൽഡിഎഫ് നേടിയ മിന്നും ജയമെന്ന് കോടിയേരിയെ അനുകൂലിക്കുന്നവർ പറയുന്നു.

​കരുത്തരാകാൻ കണ്ണൂ‍‍ർ ലോബി

ഇ പി ജയരാജൻ പാർട്ടി സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് വരുമ്പോൾ ഇതിനു സമാനമായി മന്ത്രിസഭയിലും കരുത്തനായ ഒരാൾ വരണമെന്നാണ് കണ്ണൂരിലെ നേതാക്കൾ പറയുന്നത്. ഇതോടെ സിപിഎമ്മിൻ്റെയും സർക്കാരിൻ്റെയും കടിഞ്ഞാൺ പൂർണമായും കണ്ണൂരിലെ നേതാക്കളുടെ കൈയിലെത്തും. എന്നാൽ കോടിയേരിയെപ്പോലെ തന്നെ മറ്റു ചില നേതാക്കളും ഇക്കുറി മത്സരിക്കാൻ താൽപര്യം കാണിച്ചിട്ടുണ്ട്.

​ഇവരും മത്സര രം​ഗത്തേക്ക്...

കല്യാശേരി മണ്ഡലത്തിൽ മത്സരിക്കാൻ പി കെ ശ്രീമതിക്ക് താൽപ്പര്യമുണ്ട്. ഇക്കാര്യം പാർട്ടിയുടെ പരിഗണനയിലാണ്. തളിപ്പറമ്പിൽ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ എം വി ഗോവിന്ദനും പയ്യന്നൂരിൽ സംസ്ഥാന കമ്മിറ്റിയംഗമായ പി ജയരാജനും മത്സരിക്കാൻ സാധ്യതയുള്ളവരാണ്. മട്ടന്നൂരിൽ കെ കെ ശൈലജയും അഴീക്കോട് നികേഷ് കുമാറും കണ്ണൂരിൽ കെ വി സുമേഷുമാണ് പാർട്ടി പരിഗണനയിലുള്ള മറ്റു പേരുകൾ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്