ആപ്പ്ജില്ല

'സോഷ്യൽ മീഡിയ പ്രൊഫൈലിന്റെ നിറം നോക്കി ആവേശഭരിതരാകരുത്, ഒറ്റപ്പെടുത്തേണ്ടവരെ ഒറ്റപ്പെടുത്തണം', ആകാശ് തല്ലങ്കേരി വിഷയത്തിൽ പ്രതികരണവുമായി എം ഷാജർ

DYFI Leader M Shajar On Akash Thillankery Issue: നടന്ന സംഭവത്തിന്റെ യാഥാര്‍ത്ഥ്യം ക്ലബ്ബ് ഭാരവാഹികളും പ്രാദേശിക പാര്‍ട്ടി നേതൃത്വവും വിശദീകരിച്ചിട്ടുണ്ട്. ലഹരി ക്വട്ടേഷന്‍ മാഫിയയ്‌ക്കെതി സന്ധിയില്ലാത്ത നിലപാടുകള്‍ എല്ലാ കാലത്തും സ്വീകരിച്ചിട്ടുള്ള പ്രസ്ഥാനമാണ് ഡിവൈഎഫ്‌ഐ.

Samayam Malayalam 30 Dec 2022, 7:11 pm

ഹൈലൈറ്റ്:

  • നടന്ന സംഭവത്തിന്റെ യാഥാര്‍ത്ഥ്യം ക്ലബ്ബ് ഭാരവാഹികളും പ്രാദേശിക പാര്‍ട്ടി നേതൃത്വവും വിശദീകരിച്ചിട്ടുണ്ട്.
  • ലഹരി ക്വട്ടേഷന്‍ മാഫിയയ്‌ക്കെതി സന്ധിയില്ലാത്ത നിലപാടുകള്‍ എല്ലാ കാലത്തും സ്വീകരിച്ചിട്ടുള്ള പ്രസ്ഥാനമാണ് ഡിവൈഎഫ്‌ഐ.
  • തില്ലങ്കേരിയിലെ സികെജി സ്മാരക ക്ലബ്ബിന്റെ ആറാം വാർഷികാഘോഷ പരിപാടിയില്‍ ഉദ്ഘാടകനായാണ് എന്നെ ക്ഷണിച്ചത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam M Shajar
എം ഷാജർ
കണ്ണൂർ: ആകാശ് തില്ലങ്കേരിക്ക് ട്രോഫി നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടിയുമായി ഡിവൈഎഫ്ഐ കേന്ദ്ര കമ്മറ്റി അംഗം എം ഷാജർ രംഗത്ത്. തില്ലങ്കേരി വഞ്ഞേരിയില്‍ നടന്ന ഒരു പരിപാടിയുമായി ബന്ധപ്പെട്ട് വ്യക്തിപരമായി എന്നെയും,ഡിവൈഎഫ്‌ഐയെയും ആസൂത്രിതമായി താറടിച്ചു കാണിക്കാനുള്ള ശ്രമമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളും പാര്‍ട്ടി വിരുദ്ധരായ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകളും നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് തുടങ്ങുന്നതായിരുന്നു ഷാജറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
Also Read: കുറ്റാലത്ത് ഒഴുക്കിൽപ്പെട്ട് 4 വയസുകാരി, വിജയകുമാറിന്റെ സാഹസികത, അത്ഭുതകരമായ രക്ഷപ്പെടൽ, വീഡിയോ കാണാം

നടന്ന സംഭവത്തിന്റെ യാഥാര്‍ത്ഥ്യം ക്ലബ്ബ് ഭാരവാഹികളും പ്രാദേശിക പാര്‍ട്ടി നേതൃത്വവും വിശദീകരിച്ചിട്ടുണ്ട്. ലഹരി ക്വട്ടേഷന്‍ മാഫിയയ്‌ക്കെതി സന്ധിയില്ലാത്ത നിലപാടുകള്‍ എല്ലാ കാലത്തും സ്വീകരിച്ചിട്ടുള്ള പ്രസ്ഥാനമാണ് ഡിവൈഎഫ്‌ഐ. സമൂഹത്തെ കാര്‍ന്ന് തിന്നുന്ന ഇത്തരം വിപത്തുകള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചതിന്റെ പേരില്‍ പ്രിയപ്പെട്ട രണ്ട് സഖാക്കളുടെ ജീവന്‍ നഷ്ടപ്പെട്ടിട്ട് ഒരു മാസം പോലും തികഞ്ഞിട്ടില്ല.

Also Read: അച്ഛനും അമ്മയും മൂത്ത സഹോദരനും നഷ്ടപ്പെട്ടു, സഹോദരിക്ക് കൂട്ടായുണ്ടായത് ബിനു മാത്രം, മോക് ഡ്രില്ലിന്റെ പേരിൽ മരണപ്പെട്ടത് ഒരു കുടുംബത്തിന്റെ അത്താണി, നാടിന് തീരാ വേദന

തില്ലങ്കേരിയിലെ സികെജി സ്മാരക ക്ലബ്ബിന്റെ ആറാം വാർഷികാഘോഷ പരിപാടിയില്‍ ഉദ്ഘാടകനായാണ് എന്നെ ക്ഷണിച്ചത്. ഉദ്ഘാടന പ്രസംഗം കഴിഞ്ഞു ഇറങ്ങാൻ പോകുമ്പോൾ കേരളോത്സവത്തില്‍ പങ്കെടുത്ത് വിജയിച്ച ക്ലബ്ബ് അംഗങ്ങള്‍ക്കും വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കും സമ്മാനം നല്‍കാന്‍ കൂടെ സംഘാടകര്‍ എന്നോട് ആവശ്യപ്പെട്ടു. ഇതിനിടയിലാണ് പരിപാടിയുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റൊരു മത്സരത്തിലെ വിജയികള്‍ക്ക് കൂടെ സമ്മാനം നല്‍കുന്നതിനായി അനൗണ്‍സ് ചെയ്യുന്നതെന്ന് ഷാജർ വ്യക്തമാക്കുന്നു.

ആ അവസരം ദുരുപയോഗം ചെയ്യപ്പെടും എന്ന് ഉറപ്പുള്ളതുകൊണ്ട് തന്നെ സമ്മാനം നല്‍കില്ലെന്ന് പറഞ്ഞിരുന്നു എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷാജർ വ്യക്തമാക്കുന്നത്. സംഘാടകരുടെ ആവശ്യം മാനിച്ചു കൊണ്ടാണ് സമ്മാനം വിതരണം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയെയും പാര്‍ട്ടി അടയാളങ്ങളെയുമെല്ലാം സ്വാര്‍ത്ഥ ലാഭത്തിനായി മാത്രം ഉപയോഗിച്ച് ശീലിച്ച കച്ചവട ബുദ്ധികള്‍ ആ അവസരം മുതലെടുക്കുകയായിരുന്നെന്നും പ്രദേശത്തെ അഭിപ്രായം പോലും മാനിക്കാതെ കളങ്കിതനായ വ്യക്തി തന്നെ പലർക്കും ഫോട്ടോ അയച്ച് കൊടുത്തുവെന്നും ഷാജർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. നേരത്തെ നിശ്ചയിച്ചുവച്ചതുപോലെ നിമിഷ നേരങ്ങള്‍കൊണ്ട് ചിലർ സാമൂഹ്യ മാധ്യമങ്ങളില്‍ വാഴ്ത്ത്പാട്ടുകള്‍ തുടങ്ങി. മാധ്യമങ്ങള്‍ക്ക് അത് വാര്‍ത്താ തലക്കെട്ടുകളായെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഇടതുപക്ഷത്തിനെതിരെയാണെങ്കില്‍ എന്തും വാര്‍ത്തയാവുന്നകാലത്ത് അതില്‍ അതിശയോക്തിയില്ല എന്നാലും അഭ്യസ്ത വിദ്യരായ മലയാളികള്‍ കുറേക്കൂടെ ഗുണപരമായൊരു മാധ്യമ സംസ്‌കാരം അര്‍ഹിക്കുന്നവരാണ്. പൊതുസമൂഹത്തില്‍ ഒറ്റപ്പെടുത്തേണ്ട ക്വട്ടേഷന്‍ ലഹരിമാഫിയാ സംഘങ്ങള്‍ക്ക് പ്രചാരവേല നടത്താനുള്ള ചുമതല മാധ്യമങ്ങള്‍ ഏറ്റെടുക്കുന്ന പ്രവണത ദുഃഖകരമാണെന്നും ഷാജർ കൂട്ടിച്ചേർക്കുന്നു.

രാത്രി ഒരുമണിയോടടുത്ത് വിഷയത്തില്‍ പ്രതികരണം തേടിയ ഏഷ്യാനെറ്റിന്റെ കണ്ണൂര്‍ റിപ്പോര്‍ട്ടറോട് (ഉറക്കത്തിൽ ആയതിനാൽ) രാവിലെ വിഷയം നോക്കി പ്രതികരിക്കാമെന്നായിരുന്നു എന്റെ മറുപടി. ഇതിനെ,പ്രതികരിക്കാതെ എം ഷാജര്‍ എന്നാക്കി ഏഷ്യാനെറ്റിലെ ‘നമസ്തേ കേരളത്തിൽ’റിപ്പോർട്ട് ചെയ്തത് ഏത് തരം മാധ്യമ ധര്‍മമാണെന്നും അദ്ദേഹം ചോദിക്കുന്നു. പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കള്‍ മനസിലാക്കേണ്ടത് അന്ധമായ ഇടതുപക്ഷ വിരോധം കൊണ്ട് ക്വട്ടേഷന്‍ ലഹരി മാഫിയയുടെ പ്രചാരകരായി നിങ്ങളോരോരുത്തരും സ്വയം മാറ്റപ്പെടുകയാണ്. മാധ്യമങ്ങൾക്ക് ലഹരി കള്ളക്കടത്തു മാഫിയാ സംഘങ്ങൾ മിത്രങ്ങളും, ഇവർക്കെതിരെ പോരാടുന്ന ഡിവൈഎഫ്ഐയെ ശത്രു പക്ഷത്തും നിർത്തുകയാണെന്നും ഷാജർ പറഞ്ഞു.

അതാത് കാലത്തെ സാമൂഹ്യ തിന്‍മകള്‍ക്കെതിരെ എല്ലാകാലത്തും പോരാടിയവരാണ് ഡിവൈഎഫ്‌ഐ ഉള്‍പ്പെടെയുള്ള ഇടതുപക്ഷ-പുരോഗമന യുവജ പ്രസ്ഥാനങ്ങള്‍. പുതിയ കാലത്തെ സാമൂഹിക വെല്ലുവിളികളില്‍ എറ്റവും പ്രധാനമാണ് ലഹരി ക്വട്ടേഷന്‍ മാഫിയകള്‍.
കാശുണ്ടാക്കുകയെന്നത് മാത്രമാണ് ഇത്തരക്കാരുടെ ലക്ഷ്യം ഏത് നീചമയ മാര്‍ഗവും അവരതിന് ഉപയോഗിക്കും, ഏത് കൂട്ടുകെട്ടും അവരതിനായി ഉണ്ടാക്കിയെടുക്കും. നിലനില്‍പ്പിന്റെ രാഷ്ട്രീയം മാത്രമാണ് ഇവരുടെ കൈമുതല്‍. കണ്ണൂരിലും കേരളത്തിലാകമാനവും ലഹരി-ക്വട്ടേഷന്‍ മാഫിയകള്‍ക്കെതിരായ പോരാട്ടത്തിന് തുടക്കം കുറിച്ചത് ഡിവൈഎഫ്‌ഐയാണ്. അതുകൊണ്ട് തന്നെ കിട്ടുന്ന അവസരങ്ങളിലെല്ലാം അത്തരക്കാര്‍ ഡിവൈഎഫ്‌ഐയെ അക്രമിക്കാന്‍ തയ്യാറാവുന്നതും സ്വാഭാവികം. എന്നാല്‍ മാധ്യമങ്ങള്‍ ഇത്തരക്കാര്‍ക്കൊപ്പം കൂടുന്നത് എന്ത് ലാഭം പ്രതീക്ഷിച്ചാണെന്നും ഷാജർ ചോദിക്കുന്നു.

ഇത്തരം ദുഷിച്ച രീതികളിലൂടെ നിങ്ങളും നിങ്ങളുടെ മാധ്യമ സംരംഭവും ഈ സമൂഹത്തോട് സംവദിക്കാന്‍ ഉദ്ദേശിക്കുന്നതെന്താണ്? ഏത് സാഹചര്യത്തിലും ഇത്തരക്കാരുമായി സന്ധി ചെയ്യാനോ പിന്തുണ തേടാനോ ഞാനും എൻ്റെ പ്രസ്ഥാനവും തയ്യാറല്ലെന്നും ഷാജർ വ്യക്തമാക്കി. ക്വട്ടേഷൻ - ലഹരി മാഫിയകൾക്കെതിരെ ശക്തമായ പ്രചാരവേലകള്‍ തുടര്‍ന്നും മുന്നോട്ട് കൊണ്ടുപോവാന്‍ തന്നെയാണ് ഡിവൈഎഫ്‌ഐയുടെ തീരുമാനം. മാധ്യമങ്ങള്‍ ക്വട്ടേഷന്‍ മാഫിയയ്ക്ക് പക്ഷം പിടിക്കാനാണ് തീരുമാനിക്കുന്നതെങ്കില്‍ ഈ ഇരട്ടത്താപ്പിനെയും തുറന്ന് കാണിക്കാന്‍ ഡിവൈഎഫ്‌ഐ തയ്യാറാവുമെന്നും അദ്ദേഹം പറഞ്ഞു.

ശുദ്ധാത്മാക്കളായ ചിലർ ഇപ്പോഴും ഇത്തരക്കാരെ ‘പോരാളികൾ’ എന്ന പേര് ചേർത്ത് വിളിക്കുന്നതായി കാണുന്നുണ്ട്. സോഷ്യൽ മീഡിയ പ്രൊഫൈലിന്റെ നിറം നോക്കി ആവേശഭരിതരാകാതെ, ഒറ്റപ്പെടുത്തേണ്ടവരെ ആ നിലയിൽ അവഗണിക്കാൻ എങ്കിലും പൊതു സമൂഹം മുന്നോട്ട് വരണം. നാടിനെയും പുതുതലമുറയെയും ഇത്തരം വിധ്വംസക ശക്തികളില്‍ നിന്നും മാറ്റിനിര്‍ത്തി സംരക്ഷിക്കാനുള്ള ജാഗ്രത്തായ പ്രവര്‍ത്തനത്തിന് ഡിവൈഎഫ്‌ഐ നേതൃത്വം നല്‍കും. പൊതുസമൂഹത്തിന്റെയാകെ പിന്‍തുണയും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് എം ഷാജർ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

കണ്ണൂ‍ര്‍ ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and
Malayalam News


undefined

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്