ആപ്പ്ജില്ല

മുൻ വനിതാ ഡിവൈഎസ്പി യുഡിഎഫ് സ്ഥാനാർത്ഥി; കൊട്ടിയൂരിൻ്റെ പൊന്നാകാൻ സ്വർണ്ണമ്മ

പിഎസ്‌സിയിലൂടെ പോലീസ് സേനയിലെ ആദ്യ വനിതാ ഡിവൈഎസ്‌പിയായ സ്വർണ്ണമ്മ കൊട്ടിയൂരിൽ മത്സരിക്കുന്നു. യുഡിഎഫ് സ്ഥാനാർഥിയായാണ് സ്വർണ്ണമ്മയുടെ കന്നിയങ്കം

Lipi 18 Nov 2020, 5:31 pm
കണ്ണൂർ: കണ്ണൂരിൻ്റെ മലയോര പ്രദേശമായ കൊട്ടിയൂരിൽ തെരഞ്ഞെടുപ്പ് ഗോദയിൽ കന്നിയങ്കത്തിന് ഇറങ്ങി ആദ്യ വനിതാ ഡിവൈഎസ്പി. സംസ്ഥാന പോലീസ് സേനയിലെ പിഎസ്‌സി ബാച്ചിലൂടെയുള്ള ആദ്യ വനിതാ ഡിവൈഎസ്പിയായ സ്വര്‍ണ്ണമ്മയാണ് കൊട്ടിയൂരിൽ ജനവിധി തേടുന്നത്. സംസ്ഥാനത്തെ ആദ്യ പിഎസ്‌സി വനിതാ പോലീസ് ബാച്ചിലൂടെയാണ് സ്വര്‍ണ്ണമ്മ വിപിൻ ചന്ദ്ര സേനയിലെത്തിയത്.
Samayam Malayalam swarnamma
സ്വർണ്ണമ്മ


കൃത്യനിര്‍വഹണത്തിലെ സത്യസന്ധമായ സേവനമാണ് ഇവരെ ആദ്യ ഡിവൈഎസ്പി പദവിയിലെത്തിച്ചത്. കണ്ണൂർ, വയനാട് ജില്ലയിൽ ഉൾപ്പെടെ സംസ്ഥാനത്തെ ഒട്ടുമിക്ക പോലീസ് സ്റ്റേഷനുകളിലും സ്വർണ്ണമ്മ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സേനയില്‍ ഉള്ളപ്പോഴും നാട്ടിലെ പൊതു പ്രശ്‌നങ്ങളില്‍ ഇവര്‍ സജീവമായി ഇടപെടുകയും പിന്‍തുണ നല്‍കുകയും ചെയ്തിരുന്നു. മലയോര മേഖലയായ കൊട്ടിയൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായാണ് സ്വര്‍ണ്ണമ്മ മത്സരിക്കുന്നത്. നാട്ടുകാരും സ്വർണ്ണമ്മയ്ക്ക് വലിയ പിന്തുണ നൽകുന്നുണ്ട്.

Also Read: കടുവ സിനിമ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ ചായക്കടവരെ... സിനിമയെ വെല്ലും, സോഷ്യല്‍ മീഡിയകളില്‍ വൈറലായി ബേഡകത്തെ സ്ഥാനാര്‍ഥികള്‍, പോസ്റ്ററുകള്‍ കാണാം

ഡിവൈഎസ്പി പദവിയിലെത്തിയപ്പോൾ ഗംഭിരമായ പൗരസ്വീകരണം നല്‍കിയാണ് നാട് ഇവരെ ആദരിച്ചത്. 28 വർഷത്തെ സേവനത്തിനു ശേഷം ഒന്നര വര്‍ഷം മുമ്പാണ് സ്വര്‍ണ്ണമ്മ സര്‍വ്വീസില്‍ നിന്നും വിരമിച്ചത്. വര്‍ഷങ്ങളായി ഇടത് മുന്നണി വിജയിച്ച വാർഡ് സ്വര്‍ണ്ണമ്മയിലൂടെ തിരിച്ച് പിടിക്കാം എന്ന ഉറച്ച് വിശ്വാസത്തിലാണ് യുഡിഎഫ് നേതൃത്വം. അതുകൊണ്ട് തന്നെ ഏകകണ്ഠമായാണ് പാര്‍ട്ടിയില്‍ സ്വര്‍ണ്ണമ്മയുടെ പേര് ഉയര്‍ന്ന് വന്നത്. ഞാൻ ജയിച്ചാൽ കക്ഷി രാഷ്ട്രീയത്തിനതീതമായി പൊതു സമൂഹത്തിന്റെ പ്രശ്നങ്ങൾ പരിഹരിച്ചു മുന്നോട്ട് പോകുമെന്ന് സ്വർണ്ണമ്മ പറയുന്നു. ഇതാണ് ഇവർ നാടിനും നാട്ടാർക്കും നൽകുന്ന ഉറപ്പ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്