ആപ്പ്ജില്ല

മരിച്ചാലും വിടില്ല, കനാലിൽ വീണുമരിച്ച സ്കൂട്ടർ യാത്രക്കാരനെ കുറ്റക്കാരനാക്കി മയ്യിൽ പോലീസിന്റെ വിചിത്ര കുറ്റപത്രം

കൈവരിയില്ലാത്ത മയ്യില്‍ കൊളച്ചേരിയിലെ കനാല്‍ പാലം റോഡില്‍ നിന്നും കനാലില്‍ വീണ് ദാരുണമായി മരണമടഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കുറ്റക്കാരനാക്കി കണ്ണൂര്‍ കോടതിയില്‍ പോലീസ് കുറ്റപത്രം നല്‍കി. മധ്യവയസ്‌കന്റെ ദാരുണ മരണത്തിനിടയാക്കിയത് പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ അനാസ്ഥയാണെന്നിരിക്കെ ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ പേരിന് പോലും അന്വേഷണം നടത്താതെയാണ് മരണമടഞ്ഞയാളെ കുറ്റക്കാരനാക്കി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചതെന്നാണ് പ്രദേശവാസികളുടെ ആരോപണം.

Lipi 26 Jun 2022, 5:26 pm

ഹൈലൈറ്റ്:

  • മരണപ്പെട്ടയാളുടെ പേരിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ് ‌
  • 6 മാസം വരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്
  • കൈവരിയില്ലാത്ത കനാൽ റോഡിൽ നിന്ന് വീണായിരുന്നു മധ്യവയസ്കന്റെ മരണം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam mayyil 2
കണ്ണൂര്‍: കൈവരിയില്ലാത്ത മയ്യില്‍ കൊളച്ചേരിയിലെ കനാല്‍ പാലം റോഡില്‍ നിന്നും കനാലില്‍ വീണ് ദാരുണമായി മരണമടഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കുറ്റക്കാരനാക്കി കണ്ണൂര്‍ കോടതിയില്‍ പോലീസ് കുറ്റപത്രം നല്‍കി. മയ്യില്‍ പോലീസാണ് ആറുമാസം വരെ തടവുശിക്ഷ ലഭിക്കുന്ന വകുപ്പ് ചുമത്തി കോടതിയില്‍ കുറ്റപത്രം നല്‍കിയത്. അമിത വേഗതയിൽ, അശ്രദ്ധയോടെ വാഹനം ഓടിച്ചുവെന്നാരോപിച്ചാണ് കുറ്റപത്രം ചുമത്തിയിരിക്കുന്നത്. മരണമടഞ്ഞ കാവും ചാലിലെ സി ഒ ഭാസ്‌കര(54)ന്റെ കുടുംബത്തിന് കഴിഞ്ഞ ദിവസം കോടതിയില്‍ നിന്നും നോട്ടീസ് കിട്ടിയതോടെ പോലീസിന്റെ കേസന്വേഷണത്തിന്റെ ക്‌ളൈമാക്‌സില്‍ പരിഭ്രമിച്ചിരിക്കുകയാണ് കുടുംബം.
പുതുതായി നിര്‍മിച്ച റോഡിന്റെ നിര്‍മാണത്തിന്റെ അപാകത മൂലമാണ് മരണംസംഭവിച്ചതെന്ന പ്രദേശവാസികളുടെ ആരോപണം നില്‍ക്കുമ്പോഴാണ് മയ്യില്‍ പോലീസ് അന്വേഷണം പൂര്‍ത്തീകരിച്ച് അപകടത്തില്‍ മരിച്ച ഭാസ്‌കരനെ കുറ്റക്കാരനായി കാണിച്ച് കേസ് അവസാനിപ്പിച്ചത്.

ഭാസ്‌കരന്റെ അപകടമരണം നടന്നതിനു ശേഷം പൊതുമരാമത്ത് വകുപ്പിനെതിരെ ശക്തമായ ആരോപണം ഉയർന്നിരിന്നു. ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ നാട്ടുകാര്‍ പ്രകോപിതരായി തടഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ ഇടപെടുകയും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അപകടം നടന്ന സ്ഥലത്ത് അതിവേഗം കൈവരി നിര്‍മിക്കുകയുമായിരുന്നു. വ്യാപാരിയായിരുന്ന ഭാസ്‌കരന്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ റോഡിലെ ഇറക്കത്തിനിടെയില്‍ നിയന്ത്രണം വിട്ട് കൈവരിയില്ലാത്ത കനാലിലേക്ക് പതിക്കുകയായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞാണ് നാട്ടുകാര്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

​​​​എത്ര ഭീകരമായ സാഹചര്യം, പിണറായി ഭരണത്തില്‍ സഞ്ചരിക്കുന്ന അടിയന്തരാവസ്ഥ: കെ കെ രമ

മധ്യവയസ്‌കന്റെ ദാരുണ മരണത്തിനിടയാക്കിയത് പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ അനാസ്ഥയാണെന്നിരിക്കെ ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ പേരിന് പോലും അന്വേഷണം നടത്താതെയാണ് മരണമടഞ്ഞയാളെ കുറ്റക്കാരനാക്കി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചതെന്നാണ് പ്രദേശവാസികളുടെ ആരോപണം. കനാലിന് കൈവരി നിര്‍മിക്കണമെന്ന ആവശ്യം കാലങ്ങളായി ഉന്നയിക്കുന്നതാണെന്നും എന്നാല്‍ അധികൃതര്‍ ഇതു അവഗണിക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നത്. പൊതുമരാമത്ത്, ഇറിഗേഷന്‍ വകുപ്പുകളുടെയും റോഡ് നിര്‍മാണ കരാറുകാരന്റെയും അനാസ്ഥയ്ക്ക് വെള്ളപൂശികൊണ്ടാണ് പോലീസ് മരണമടഞ്ഞയാളെ കുറ്റക്കാരനാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതെന്നും പോലീസിന്റെ നീക്കത്തെ നിയമപരമായി തന്നെ നേരിടുമെന്ന് ഭാസ്‌കരന്റെ ബന്ധുക്കള്‍ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്