ആപ്പ്ജില്ല

പിലാത്തറയ്ക്ക് പിന്നാലെ തിരുവങ്ങാട് ക്ഷേത്രത്തിലും കവര്‍ച്ച, കണ്ണൂര്‍ ജില്ലയില്‍ ക്ഷേത്ര കവര്‍ച്ച പതിവാകുന്നു!!

ക്ഷേത്രത്തിലെ അരയാൽ തറയ്ക്കു സമീപം വെച്ച രണ്ട് ഭണ്ഡാരങ്ങളും, കിഴക്കേടം ശിവക്ഷേത്രത്തിലെ ഒരു ഭണ്ഡാരവുമാണ് പൂട്ട് തകർത്ത് പണം അപഹരിച്ചത്.30,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Lipi 16 Jun 2020, 4:22 pm
കണ്ണൂർ: പിലാത്തറ തൃക്കുറ്റ്യേരി ക്ഷേത്രത്തിൽ നടന്ന കവർച്ചയ്ക്കുശേഷം കണ്ണൂർ ജില്ലയിൽ വീണ്ടും ക്ഷേത്ര കവർച്ച. തലശ്ശേരിയിലെ പ്രസിദ്ധമായ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലാണ് മോഷ്ടാക്കൾ കയറിയത്. ക്ഷേത്രഭണ്ഡാരങ്ങളിൽ നിന്നുമാണ് പണം മോഷണം പോയത്. ചൊവാഴ്ച്ച രാവിലെ ക്ഷേത്രം തുറക്കാൻ എത്തിയ ഭാരവാഹികളാണ് മോഷണ വിവരം ആദ്യം അറിയുന്നത്. തുടർന്ന് തലശേരി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
Samayam Malayalam Thiruvangadi Sree Ramaswamy Temple


Also Read: കൊവിഡ് ഭീതിയിലും ഗാര്‍ഹിക പീഡനങ്ങള്‍ക്ക് കുറവില്ല; പാലക്കാട് 40 ദിവസത്തിനിടെ 62 പരാതികള്‍!

ക്ഷേത്രത്തിലെ അരയാൽ തറയ്ക്കു സമീപം വെച്ച രണ്ട് ഭണ്ഡാരങ്ങളും, കിഴക്കേടം ശിവക്ഷേത്രത്തിലെ ഒരു ഭണ്ഡാരവുമാണ് പൂട്ട് തകർത്ത് പണം അപഹരിച്ചത്.30,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൊവിഡ് സാഹചര്യത്തിൽ മാസങ്ങളായി അമ്പലം അടഞ്ഞു കിടന്നതിനാൽ വലിയ തുകയെന്നും ഭണ്ഡാരത്തിലില്ലെന്നാണ് ക്ഷേത്ര ഭാരവാഹികളുടെ നിഗമനം. സമീപത്തായി പൂട്ട് തകർക്കാൻ ഉപയോഗിച്ച് കൊടുവാളും , ഉപേക്ഷിക്കപ്പെട്ട നിലയിൽ നാണയത്തുട്ടുകളും കണ്ടെത്തി. തലശ്ശേരി സിഐ സനൽ കുമാറിൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം അന്വേഷണം തുടങ്ങി.

ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും ക്ഷേത്രത്തിലും പരിസരത്തും പരിശോധന നടത്തി. രണ്ടാഴ്ച്ച മുൻപ് തളിപ്പറമ്പിനടുത്തെ പിലാത്തറയിൽ ക്ഷേത്ര കവർച്ച നടന്നിരുന്നു. ഇതുമായി തലശേരിയിലെ മോഷണത്തിന് ബന്ധമുണ്ടോയെന്ന കാര്യവും പോലിസ് അന്വേഷിക്കുന്നുണ്ട്. പിലാത്തറയിൽ ക്ഷേത്ര കിണറ്റിൽ ഉപേക്ഷിച്ച ചില സാധനങ്ങൾ പോലിസ് കണ്ടെടുത്തിട്ടുണ്ട്. തൃക്കുറ്റ്യേരി ക്ഷേത്രത്തില്‍ നിന്ന് കവര്‍ച്ച ചെയ്ത ഭണ്ഡാരവും സിസിടിവി ഉപകരണങ്ങളും കവര്‍ച്ചക്കായി ഉപയോഗിച്ചതെന്നു കരുതുന്ന കമ്പിപ്പാരയുമാണ് ക്ഷേത്രക്കിണറ്റില്‍നിന്നും കണ്ടെടുത്തത്.

Also Read: ആനഭീതി വിട്ടൊഴിയാതെ മൂന്നാര്‍... കാട്ടാന റേഷന്‍ കടയില്‍ കയറി 'അഴിഞ്ഞാടി', വിതച്ചത് വന്‍ നാശം!!

പയ്യന്നൂര്‍ ഫയര്‍ഫോഴ്‌സിലെ സേനാംഗങ്ങളാണ് പോലീസിന്‍റെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം ക്ഷേത്രക്കിണറ്റില്‍ നിന്നും ഇവ മുങ്ങിയെടുത്തത്. കളവുപോയ നിരീക്ഷണ കാമറയുടെ മോണിറ്റര്‍, ഡിവിആര്‍, സ്റ്റീല്‍ ഭണ്ഡാരം എന്നിവയും മോഷ്ടാക്കള്‍ കവര്‍ച്ചക്കായി ഉപയോഗിച്ചതെന്ന് കരുതുന്ന കമ്പിപ്പാരയുമാണ് ക്ഷേത്രത്തിന് പിന്നിലെ ഉപയോഗശൂന്യമായ കിണറില്‍ നിന്ന് ഫയര്‍ഫോഴ്‌സ് കണ്ടെടുത്തത്. ഈ മാസം ഒന്‍പതിന് പുലര്‍ച്ചെയായിരുന്നു ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നത്.

സംഭവ സ്ഥലത്ത് നിന്നും നാലു വിരലടയാളങ്ങള്‍ വിരലടയാള വിദഗ്ദര്‍ നടത്തിയ സൂക്ഷ്മ പരിശോധനയില്‍ ലഭിച്ചിരുന്നു. ഇതില്‍ ചിലത് ക്ഷേത്ര ജീവനക്കാരുടേതാണെന്ന് കണ്ടെത്തിയിരുന്നു. ഇതേപ്പറ്റിയുള്ള കൂടുതല്‍ പരിശോധനകള്‍ നടന്നുവരുന്നതിനിടയിലാണ് ക്ഷേത്രത്തില്‍നിന്നും കവര്‍ച്ച ചെയ്തവയില്‍ ചിലത് കിണറ്റില്‍ നിന്നും കണ്ടുകിട്ടിയത്. വേലിക്കെട്ടിനകത്തുള്ള കാടുകള്‍ പടര്‍ന്നുകയറിയ കിണറിന്‍റെ പടിയില്‍ നിരീക്ഷണ കാമറയുടെ ഡിവിആര്‍ തടഞ്ഞുനില്‍ക്കുകയായിരുന്നു. ഇതേ തുടർന്ന് ഉടലെടുത്ത സംശയമാണ് കിണര്‍ പരിശോധിക്കാനിടയാക്കിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്