ആപ്പ്ജില്ല

ശ്യാംജിത്തിനെ കുരുക്കാൻ രണ്ട് സാക്ഷികൾ; വിഷ്ണുപ്രിയ കേസിൽ പഴുതടച്ച നീക്കങ്ങളുമായി പോലീസ്; ഇന്ന് കസ്റ്റഡിയിൽ വാങ്ങും

പാനൂർ വള്ള്യായിലെ വിഷ്ണുപ്രിയയുടെ വീട്ടിൽ ശ്യാംജിത്തിനെ എത്തിച്ച് തെളിവെടുപ്പ് നടത്തും. കഴിഞ്ഞദിവസം ശവ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനാലാണ് ഇവിടെ എത്തിച്ച് തെളിവെടുപ്പ് നടത്താതിരുന്നത്

Authored byകാർത്തിക് കെ കെ | Samayam Malayalam 25 Oct 2022, 7:35 am
കണ്ണൂർ: വിഷ്ണുപ്രിയ കൊലപാതക കേസിൽ പ്രതി ശ്യാംജിത്തിനെ കസ്റ്റഡിയിൽ കിട്ടാൻ പോലീസ് ഇന്ന് അപേക്ഷ നൽകും. ഞായറാഴ്ച തളിപ്പറമ്പ് മുനിസിപ്പൽ മജിസ്ട്രേറ്റിന്‍റെ വീട്ടിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരുന്നു. കൊലപാതകം നടന്ന വിഷ്ണുപ്രിയയുടെ വീട്ടിലെത്തിച്ച് പ്രതിയെ തെളിവെടുപ്പ് നടത്തുന്നതിനും മറ്റ് തെളിവുകൾ ശേഖരിക്കുന്നതിനുമാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങുക. പുറത്ത് വരുന്ന റിപ്പോർട്ടുകളനുസരിച്ച് രണ്ട് സാക്ഷികളായിരിക്കും കേസിൽ ഉണ്ടാവുക. വാർത്തയുടെ വിശദാംശങ്ങളറിയാം.
Samayam Malayalam two witness may become crucial in vishnupriya case for shyamjith
ശ്യാംജിത്തിനെ കുരുക്കാൻ രണ്ട് സാക്ഷികൾ; വിഷ്ണുപ്രിയ കേസിൽ പഴുതടച്ച നീക്കങ്ങളുമായി പോലീസ്; ഇന്ന് കസ്റ്റഡിയിൽ വാങ്ങും


​ഇന്ന് കസ്റ്റഡി അപേക്ഷ

ഇന്നലെ കോടതി ദീപാവലി അവധിയിലായതിനാണ് പോലീസ് കസ്റ്റഡി അപേക്ഷ നൽകാതിരുന്നത്. അവധി കഴിഞ്ഞ് കോടതി ഇന്ന് ചേരുമ്പോൾ പ്രതിയെ വിട്ടുകിട്ടാനുള്ള അപേക്ഷ പോലീസ് സമർപ്പിക്കും. തുടർന്നാകും ഏറെ നിർണായകമായ തെളിവെടുപ്പ് നടത്തുക. നേരത്തെ കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് തന്നെ കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളുൾപ്പെടെ എല്ലാ തെളിവുകളും പോലീസിന് ലഭിച്ചിരുന്നു. പ്രതിയുമായി ഇയാളുടെ വീട്ടിലും പരിസരത്തും നടത്തിയ തെളിവെടുപ്പിലാണ് ഇത്.

​വിഷ്ണുപ്രിയയുടെ വീട്ടിലെത്തിക്കും

കൃത്യം നടന്ന പാനൂർ വള്ള്യായിലെ വിഷ്ണുപ്രിയയുടെ വീട്ടിൽ ശ്യാംജിത്തിനെ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തും. കഴിഞ്ഞദിവസം വിഷ്ണുപ്രിയയുടെ ശവ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനാലാണ് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താതിരുന്നത്. പ്രതിയുമായി വീട്ടിലെത്തുന്ന പോലീസ് സംഘം സ്ഥലത്ത് നടന്ന കാര്യങ്ങളിൽ പ്രതിയിൽ നിന്ന് നേരിട്ട് വ്യക്തത വരുത്തും. കൃത്യത്തിനുപയോഗിച്ച ചുറ്റിക, കയ്യുറ, മാസ്ക്, ഇടിക്കട്ട, സ്ക്രൂ ഡ്രൈവർ, മുളക് പൊടി എന്നിവ വാങ്ങിയ കടകളിലും എത്തിച്ച് തെളിവെടുപ്പ് നടത്തണം.

​നിർണായകമാവുക രണ്ട് സാക്ഷികൾ?

വിഷ്ണുപ്രിയ കേസിൽ രണ്ട് സാക്ഷികളാണ് ഉണ്ടാവുകയാണെന്നാണ് റിപ്പോർട്ട്. യുവതിയുടെ പൊന്നാനിയിലെ സുഹൃത്ത്, വീടിനടുത്ത് താമസിക്കുന്ന ഒരാൾ എന്നിവർ. അയൽവക്കത്തെ വ്യക്തി ശ്യാംജിത്ത് ഇറങ്ങിപ്പോകുന്നത് കണ്ടിരുന്നെന്ന റിപ്പോർട്ട് ആദ്യം മുതലേയുണ്ട്, അയാളുടെയും മൊഴിയെടുത്തേക്കും. വിഷ്ണുപ്രിയയുടെ പൊന്നാനിയിലെ സുഹൃത്തിന്‍റെ പ്രാഥമിക മൊഴി കഴിഞ്ഞ ദിവസം പോലീസ് ശേഖരിച്ചിരുന്നു. ആവശ്യമെങ്കിൽ ഇയാളിൽ നിന്ന് വീണ്ടും മൊഴിയെടുക്കാനാണ് തീരുമാനം. സാക്ഷിമൊഴികളും തെളിവുകളും ഉൾപ്പെടെ പഴുതടച്ച കുറ്റപത്രമൊരുക്കാനാണ് പോലീസ് തയ്യാറെടുക്കുന്നത്.

​മാനന്തേരിയിൽ തെളിവെടുപ്പ് പൂർത്തിയായി

മാനന്തേരിയിലെ വീട്ടിലും പരിസരത്തും തെളിവെടുപ്പ് നടത്തിയപ്പോൾ കൊല നടത്താൻ ഉപയോഗിച്ച ആയുധങ്ങളും ചോര പുരണ്ട വസ്ത്രങ്ങളും കണ്ടെത്തിയിരുന്നു. കുത്തുപറമ്പ് എ.സി.പി പ്രദീപൻ കണ്ണിപ്പൊയിലാണ് കേസ് അന്വേഷിക്കുന്നത്. വിഷ്ണുപ്രിയയുടെ സുഹൃത്തായ പൊന്നാനി സ്വദേശിയായ യുവാവിനെ അപായപ്പെടുത്താൻ നേരത്തെ ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നുവെന്നാണ് പോലിസിന് മൊഴി ലഭിച്ചിട്ടുണ്ട്.

​കൊലപാതകം ആസൂത്രണം ചെയ്തത് 28ന്?

കഴിഞ്ഞ 28ന് വിഷ്ണുപ്രിയ പാനൂരിൽ നിന്ന് സുഹൃത്തിനൊപ്പം ബൈക്കിൽ പോകുന്നത് താൻ കണ്ടെന്നാണ് ശ്യാംജിത്ത് പറയുന്നത്. തുടർന്ന് കോഴിക്കോടുവരെ ഇവരെ ബൈക്കിൽ പിന്തുടർന്നു. കോഴിക്കോടുവെച്ച് കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്തു. സംസാരം ഒടുവിൽ വാക്കേറ്റത്തിലാണ് അവസാനിച്ചത്. വിഷ്ണുപ്രിയ തന്നെ തള്ളിപ്പറഞ്ഞുവെന്നും ഇതോടെയാണ് കൊലപ്പെടുത്താൻ പദ്ധതി ഇടുന്നതെന്നുമാണ് മൊഴിയെന്ന് മാതൃഭൂമി ഓൺലൈനാണ് റിപ്പോർട്ട് ചെയ്തത്. ആദ്യം പദ്ധതിയിട്ടത് വിഷ്ണുപ്രിയയുടെ സുഹൃത്തിനെ കൊല്ലാനാണെന്നും ഇയാൾ പറയുന്നുണ്ട്.


Read Latest Local News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്