വളപട്ടണം(Kannur): ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയായ ഇതര മതസ്ഥനുമായി പ്രണയത്തിലായ യുവതിയെ ബന്ധുക്കൾ കാറിൽ തട്ടികൊണ്ടു പോകാൻ ശ്രമം. പുതിയ തെരുവിലെ ഹോട്ടലിന് മുന്നിൽ ബഹളം വെച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വളപട്ടണം പോലീസ് യുവതിയെ മോചിപ്പിച്ചു. ഇന്നലെ രാത്രി 7.30 മണിയോടെ പുതിയ തെരുവിലെ മാഗ്നറ്റ് ഹോട്ടലിന് മുന്നിലാണ് നാട്ടുകാരെ പരിഭ്രാന്തരാക്കിയ സംഭവം നടന്നത്. കർണ്ണാടക പുത്തൂർ സ്വദേശിനിയായ, വീഡിയോ എഡിറ്റിംഗ് രംഗത്ത് പ്രവർത്തിക്കുന്ന 23 കാരിയെയാണ് തിരുവനന്തപുരത്തെ മെഡിറ്റേഷൻ ആന്റ് യോഗ സെന്ററിലേക്ക് തട്ടികൊണ്ടു പോകാനുള്ള ബന്ധുക്കൾ ശ്രമിച്ചത്. വളപട്ടണം സ്റ്റേഷൻപോലീസ് ഇൻസ്പെക്ടർ എം.രാജേഷ്, എസ്.ഐ.നാരായണൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘത്തിന്റെ ഇടപെടലിലൂടെ ശ്രമം പരാജയപ്പെടുകയായിരുന്നു.
യുവതിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ പോലീസ് സംഘം കർണ്ണാടക പുത്തൂർ പോലീസുമായി ബന്ധപ്പെടുകയായിരുന്നു. സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ പുത്തൂർ പോലീസ് യുവതിയെയും കാറിലുണ്ടായിരുന്ന ബന്ധുക്കളെയും രാത്രിയോടെ പുത്തൂർ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കർണ്ണാട പുത്തൂരിൽ യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിലെ യുവാവുമായി പ്രണയത്തിലായത് മനസിലാക്കിയ വീട്ടുകാർ തിരുവനന്തപുരത്തേക്ക് തട്ടികൊണ്ടു പോകുന്നതിനിടെ പുതിയ തെരുവിലെ ഹോട്ടലിന് മുന്നിൽ ബഹളം വെച്ചതോടെയാണ് നാട്ടുകാർ വിവരമറിഞ്ഞത്.
Topic: Kannur News, attempt to kidnapp woman, valapattanam police