കാസർകോട്: പരപ്പ കനകപ്പള്ളിയിൽ പാർസൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർ ദാരുണമായി മരിച്ചു. തുമ്പയിലെ നാരായണന്റെ മകൻ ഉമേഷ് (22),പരേതനായ അമ്പാടിയുടെ മകൻ മണികണ്ഠൻ (18) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറരയോടെയാണ് അപകടം. വെള്ളരിക്കുണ്ട് ഭാഗത്ത് നിന്നും പരപ്പയിലേക്ക് പോവുകയായിരുന്ന സ്കൂട്ടറും വെള്ളരിക്കുണ്ടിലേക്ക് പാർസലുമായി
പോവുകയായിരുന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
കാസര്‍കോട് ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും രണ്ട് പേരും തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഓടിക്കൂടിയ പരിസരവാസികളും മറ്റുവാഹനങ്ങളിലെ യാത്രക്കാരും ചേർന്ന് ഉടൻ പരപ്പയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കാഞ്ഞങ്ങാട് ആശുപത്രിയിൽ കൊണ്ടു പോകവെയാണ് ഇരുവരും മരിച്ചത്. മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മണികണ്ഠൻ വള്ളിക്കടവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്.