ആപ്പ്ജില്ല

പദവിക്ക് നിരക്കാത്ത തരത്തിൽ പെരുമാറ്റം; കരുനാഗപ്പള്ളി എസിപിക്കെതിരെ അച്ചടക്ക നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ, ആഭ്യന്തര സെക്രട്ടറിക്ക് ഉത്തരവ് നൽകി

കരുനാഗപ്പള്ളി എസിപിക്കെതിരെ അച്ചടക്ക നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

Samayam Malayalam 20 Nov 2020, 10:53 pm
കൊല്ലം: പദവിക്ക് നിരക്കാത്ത തരത്തിൽ പെരുമാറി അഴിമതി നടത്തിയ കരുനാഗപ്പള്ളി എസിപിക്കെതിരെ അടിയന്തരമായി അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആഭ്യന്തര സെക്രട്ടറിക്ക് ഉത്തരവ് നൽകി. എസിപിയെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഉത്തരവിൽ കമ്മീഷൻ ആവശ്യപ്പെട്ടു. അഴിമതി നടത്താൻ എസിപിയെ സഹായിച്ച അഭിഭാഷകൻ, അഭിഭാഷകന്റെ ഗുമസ്തൻ എന്നിവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്താൻ സിറ്റി പോലീസ് കമ്മീഷണർക്കും കമ്മീഷൻ അംഗം വി കെ ബീനാകുമാരി നിർദേശം നൽകി. ഉത്തരവ് ഒരു മാസത്തിനകം നടപ്പിലാക്കി ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ജില്ലാ പോലീസ് മേധാവി എന്നിവർ നടപടി റിപ്പോർട്ട് സമർപ്പിക്കണം.
Samayam Malayalam kerala human rights commission order of disciplinary action against the karunagappally acp
പദവിക്ക് നിരക്കാത്ത തരത്തിൽ പെരുമാറ്റം; കരുനാഗപ്പള്ളി എസിപിക്കെതിരെ അച്ചടക്ക നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ, ആഭ്യന്തര സെക്രട്ടറിക്ക് ഉത്തരവ് നൽകി



​കമ്മീഷൻ ഇടപെടലിലേക്ക് നയിച്ച പരാതി

കരുനാഗപ്പള്ളി പടനായർ കുളങ്ങര വടക്ക് സ്വദേശി അൻവർ മുഹമ്മദ് സമർപ്പിച്ച പരാതിയിലാണ് നടപടി. അൻവറും ഭാര്യയും തമ്മിലുള്ള ദാമ്പത്യ കലഹത്തിൽ കരുനാഗപ്പള്ളി എസിപി വിദ്യാധരൻ അന്യായമായി ഇടപെട്ടെന്നാണ് ആരോപണം. കമ്മീഷൻ കൊല്ലം ജില്ലാ പോലീസ് മേധാവിയിൽ നിന്ന് അന്വേഷണ റിപ്പോർട്ട് വാങ്ങിയിരുന്നു. മകളെ അൻവറിൽ നിന്ന് വിട്ടുകിട്ടാൻ ഭാര്യ എസിപിക്ക് പരാതി നൽകിയിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. പരാതി രജിസ്റ്ററിൽ രേഖപ്പെടുത്താതെ എസിപി നേരിട്ട് അന്വേഷിച്ചു.

​സിഐയെ അറിയിക്കാതെ ഇടപെടൽ

കുട്ടി അൻവറിന്റെ സഹോദരിയുടെ മാന്നാറിലുള്ള വീട്ടിൽ ഗൃഹ നിരീക്ഷണത്തിലായിരുന്നു. കുട്ടിയെ കാണാനില്ലെന്ന പേരിൽ അമ്മയിൽ നിന്നും പരാതി എഴുതി വാങ്ങിയ എസിപി കരുനാഗപ്പള്ളി സിഐയെ വിവരം അറിയിക്കാതെ ഇടപെടൽ നടത്തി. ഗാർഹിക പീഡന കേസിൽ പ്രതിയാക്കുമെന്ന് അൻവറിനെയും പിതാവിനെയും ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ഭീഷണിയെ തുടർന്ന് ഇക്കഴിഞ്ഞ മെയ് 12ന് കുട്ടിയെ കോടതിയിൽ ഹാജരാക്കി.

​​30,000 രൂപ കൈക്കൂലി വാങ്ങിയെന്ന്

കേസ് രജിസ്റ്റർ ചെയ്യാതിരിക്കുന്നതിന് പ്രതിഫലമായി എസിപിക്ക് നൽകാൻ വക്കീൽ ഗുമസ്‌തനായ മണികണ്‌ഠൻ അൻവറിന്റെ പിതാവിൽ നിന്ന് 30,000 രൂപ വാങ്ങി. ഇതിൽ നിന്നും എസിപിക്ക് നൽകാൻ അഡ്വ. മനോജ് മഠത്തിൽ 25,000 രൂപ വാങ്ങിയതായി റിപ്പോർട്ടിലുണ്ട്. എസിപിക്കെതിരെ തുടർനടപടികൾ സ്വീകരിക്കുന്ന കാര്യം പരിഗണനയിലാണെന്നും ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിൽ പറയുന്നു. എസിപി നടത്തിയത് ഗുരുതരമായ കൃത്യവിലോപമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്