ആപ്പ്ജില്ല

ലെയ്സിന്‍റെ പേരിലല്ല, അക്രമം കോഴിയെ മോഷ്ടിച്ചെന്ന് പറഞ്ഞെന്ന് പോലീസ്; 19കാരനെ മർദ്ദിച്ച സംഭവം, ഒരാൾ അറസ്റ്റിൽ


കടയില്‍ നിന്നും ചിപ്‌സ് വാങ്ങി കഴിച്ചു വരുന്നതിനിടെ സമീപത്തുണ്ടായിരുന്ന മദ്യപാനസംഘത്തിലെ ഒരാള്‍ ലെയ്‌സ് ആവശ്യപ്പെടുകയായിരുന്നു. നൽകാൻ വിസമ്മതിച്ചതോടെയാണ് മർദ്ദനം

Samayam Malayalam 3 Aug 2022, 9:21 am
കൊല്ലം: ലെയ്സ് നൽകാത്തതിന്‍റെ പേരിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഇരവിപുരം സ്വദേശി മണികണ്ഠനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അക്രമിസംഘത്തിലെ മൂന്ന് പേർ ഒളിവിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇന്നലെയായിരുന്നു ലെയ്സ് നൽകിയില്ലെന്ന പേരിൽ യുവാവിനെ ക്രൂരമർദ്ദനത്തിനിരയാക്കിയെന്ന റിപ്പോർട്ട് പുറത്ത് വന്നത്. ലെയ്സ് ചോദിച്ചിട്ട് നൽകാത്തതിന്‍റെ പേരിലായിരുന്നു അക്രമണം എന്നാണ് മർദ്ദനമേറ്റ നീലകണ്ഠൻ പറയുന്നത്. എന്നാൽ കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് അക്രമി സംഘം യുവാവിനെ മ‍ര്‍ദ്ദിച്ചതെന്നാണ് പോലീസ് പറയുന്നത്.
Samayam Malayalam one arrested for attacking youth asking potato chips
ലെയ്സിന്‍റെ പേരിലല്ല, അക്രമം കോഴിയെ മോഷ്ടിച്ചെന്ന് പറഞ്ഞെന്ന് പോലീസ്; 19കാരനെ മർദ്ദിച്ച സംഭവം, ഒരാൾ അറസ്റ്റിൽ



​മർദ്ദനം സുഹൃത്തിന്‍റെ വീട്ടിൽ നിന്നും മടങ്ങുന്നതിനിടെ

കൊല്ലം വാളത്തുങ്കൽ ഫിലിപ്പ് മുക്കിൽവെച്ചാണ് പത്തൊമ്പതുകാരനെ മദ്യപസംഘത്തെ ക്രൂരമായി മർദ്ദിച്ചത്. കൊല്ലം പള്ളിമുക്ക് സ്വദേശിയാണ് മർദ്ദനമേറ്റ നീലകണ്ഠൻ. എട്ടോളം പേർ ചേർന്നാണ് യുവാവിനെ ആക്രമിച്ചത്. ലെയ്സ് പാക്കറ്റുമായെത്തിയ യുവാവിനോട് സംഘത്തിലെ ഓരാൾ ലെയ്സ് ആവശ്യപ്പെടുകയായിരുന്നു. തരില്ലെന്ന് പറഞ്ഞതോടെയാണ് മർദ്ദനം ആരംഭിച്ചതെന്നാണ് യുവാവ് പറയുന്നത്. കൂട്ടുകാരന്‍റെ വീട്ടിൽ പോയി വരുന്നതിനിടെയായിരുന്നു സംഭവമെന്നും നീലകണ്ഠൻ പറഞ്ഞു.

​ക്രൂരമർദ്ദനമെന്ന് യുവാവ്

കൂട്ടുകാരന്‍റെ സൈക്കിളെടുക്കാൻ വേണ്ടി ലെയ്സും വാങ്ങിപ്പോയതാണ്. മദ്യപിച്ചിരിക്കുകയായിരുന്ന സംഘത്തിലെ ഒരാൾ ലെയ്സ് തരാൻ പറഞ്ഞു. ഞാൻ തരില്ലെന്ന് മറുപടി നൽകി. ഇതോടെ അയാൾ എന്‍റെ മാലപൊട്ടിച്ചെടുത്തു. അപ്പോൾ ഞാൻ കയ്യിൽ കേറിപിടിച്ചൂ ഈ സമയത്താണ് അവരെല്ലാവരും ചേർന്ന് മർദ്ദിച്ചത്. നിലത്തിട്ട് ചവിട്ടുകയായിരുന്നു. കണ്ടാൽ അറിയാവുന്നവരാണ് മർദ്ദിച്ചതെന്നും നീലകണ്ഠൻ പറയുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

​ജാമ്യമില്ലാ വകുപ്പ്

തെങ്ങിൻ തോപ്പിലേക്ക് വലിച്ചിട്ട് അതിക്രൂരമായി തന്നെ മ‍ര്‍ദ്ദിച്ചെന്ന് യുവാവിന്‍റെ പരാതിയിലുണ്ട്. അക്രമത്തിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇരവിപുരം സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. പള്ളിമുക്ക് സ്വദേശിയായ നീലകണ്ഠനും കുടുംബവും വാളത്തുങ്കലിൽ വാടകയ്ക്ക് താമസം ആരംഭിച്ചിട്ട് മൂന്നു മാസമാകുന്നതേയുള്ളൂ. അക്രമിസംഘത്തിലുണ്ടായിരുന്നവർ കണ്ട് പരിചയമുള്ളവരാണെന്നും യുവാവ് പറയുന്നു. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്