ആപ്പ്ജില്ല

വീടിന്‍റെ തറ കുഴിച്ചപ്പോൾ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹാവശിഷ്ടം; കൊല്ലപ്പെട്ടത് കാണാതായ ബിന്ദുകുമാർ തന്നെയെന്ന് നിഗമനം

ചങ്ങനാശേരി പൂവത്ത് ദൃശ്യം മോഡൽ കൊലപാതകത്തിൽ വീടിനുള്ളിൽ നിന്നും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. ആലപ്പുഴ സൗത്ത് ആര്യാട് മൂന്നാം വാർഡ് കിഴക്കേതയ്യിൽ പുരുഷന്റെ മകൻ ബിന്ദുകുമാറിന്റെ (40) മൃതദേഹമാണ് ഇതെന്ന സംശയത്തിലാണ് പോലീസ് സംഘം പരിശോധന നടത്തുന്നത്.

Curated byNilin Mathews | Samayam Malayalam 1 Oct 2022, 1:06 pm
ചങ്ങനാശേരി: പൂവത്തെ എസി കനാൽ റോഡിനു സമീപത്തെ കോളനിയിലെ വീട്ടിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ചാക്കിൽ കെട്ടിയ നിലയിലാണ് മൃതദേഹം. ഇതേ തുടർന്നു ഈ മൃതദേഹം പുറത്തെടുക്കുന്നതിനുള്ള നടപടികൾ പോലീസ് ആരംഭിച്ചു. തഹസീൽദാറുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് അടക്കം പൂർത്തിയാക്കും.
Samayam Malayalam police investigation on body recovered from inside the house floor
വീടിന്‍റെ തറ കുഴിച്ചപ്പോൾ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹാവശിഷ്ടം; കൊല്ലപ്പെട്ടത് കാണാതായ ബിന്ദുകുമാർ തന്നെയെന്ന് നിഗമനം


​കൊലചെയ്യപ്പെട്ടത് ബിന്ദുകുമാർ?

കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നിന്നും കാണാതായ ബിന്ദുകുമാറിനെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചിട്ടതായാണ് സംശയിക്കുന്നത്. വീടിനുള്ളിൽ കുഴിയെടുത്തതായും, അടുത്തിടെ കോൺക്രീറ്റിംങ് നടത്തിയതായുമുള്ള വിവരങ്ങൾ പോലീസ് സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ആർഡിഒയുടെ നിർദേശാനുസരണം ചങ്ങനാശേരി തഹസീൽദാർ സ്ഥലത്ത് എത്തിയാണ് പരിശോധന നടത്തിയത്.

​കാണാതായത് ഒരാഴ്‌ച മുൻപ്

ഒരാഴ്ച മുൻപാണ് ആലപ്പുഴ സ്വദേശിയായ ബിന്ദുകുമാറിനെ കാണാതായത്. ഇതു സംബന്ധിച്ചു ആലപ്പുഴ നോർത്ത് പോലീസിൽ പരാതിയും ബന്ധുക്കൾ നൽകിയിരുന്നു. ഇയാളുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ ടവർ ലൊക്കേഷൻ ചങ്ങനാശേരി ഭാഗത്ത് കണ്ടെത്തിയത്. ചങ്ങനാശേരി ഭാഗത്ത് പോലീസ് നടത്തിയ അന്വേഷണത്തിൽ അവസാനമായി ബിന്ദുകുമാർ വിളിച്ചത് പൂവം സ്വദേശിയെ ആണെന്നു കണ്ടെത്തി. തുടർന്നു, ഇയാളുടെ വീട്ടിൽ പോലീസ് പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ സാധിച്ചില്ല. പ്രദേശത്ത് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നതായും, വീടിന്റെ തറ കുഴിയ്ക്കുകയും കോൺക്രീറ്റ് ചെയ്തതായും കണ്ടെത്തിയത്.

​ബൈക്ക് കണ്ടെത്തി

പോലീസ് നടത്തിയ പരിശോധനയിൽ ബിന്ദുകുമാർ സഞ്ചരിച്ച ബൈക്ക് വാകത്താനത്തു നിന്നു കണ്ടെത്തി. ഇതേ തുടർന്നാണ് ചങ്ങനാശേരി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. ഇതോടെയാണ് വീടിനുള്ളിൽ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ അടക്കം പോലീസ് അന്വേഷണ പരിധിയിൽ എത്തിയത്. തുടർന്നു ചങ്ങനാശേരി സ്റ്റേഷൻ ഹൗസ് ഓഫിസർ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി വീട് പൊളിച്ച് പരിശോധന നടത്താൻ തീരുമാനത്തിൽ എത്തിയത്.

​അരമണിക്കൂറോളം വീടിന്‍റെ തറ കുഴിച്ചു

റവന്യു അധികൃതരുടെ അനുമതിയോടെ മാത്രമേ വീട് പൊളിച്ച് പരിശോധന നടത്താൻ സാധിക്കൂ എന്നുള്ളതിനാൽ പോലീസ് ആർഡിഒയെ വിവരം അറിയിച്ചു. ഇദ്ദേഹം സ്ഥലത്ത് എത്തിയ ശേഷമാണ് പോലീസ് സംഘം വീട് കുഴിച്ചുള്ള പരിശോധന ആരംഭിച്ചത്. അരമണിക്കൂറോളം വീട് കുഴിച്ച ശേഷമാണ് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് അടക്കം പൂർത്തിയാക്കി തുടർപരിശോധനകൾക്കായി മൃതദേഹം ആശുപത്രിയിലേയ്ക്കു മാറ്റും.

ഓതറിനെ കുറിച്ച്
Nilin Mathews

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്