ആപ്പ്ജില്ല

പാലായിലെ തര്‍ക്കം തെരുവിലേയ്ക്ക്; കോൺഗ്രസും കേരള കോൺഗ്രസും നേര്‍ക്കുനേര്‍, വീഡിയോ കാണാം

കോൺഗ്രസ്-കേരള കോൺഗ്രസ് തർക്കം സോഷ്യൽ മീഡിയയിൽ നിന്നും തെരുവിലേയ്ക്ക്. കേരള കോൺഗ്രസിനെതിരെ ആരോപണങ്ങളുമായി കോൺഗ്രസ് പ്രദേശിക നേതാവ് സഞ്ജയ് സഖറിയയുടെ ഭാര്യ. മറുപടിയുമായി കേരള കോൺഗ്രസും രംഗത്ത്.

Samayam Malayalam 24 Nov 2021, 9:21 pm
കോട്ടയം: പാലായിലെ കോൺഗ്രസ് കേരള കോൺഗ്രസ് തർക്കം സോഷ്യൽ മീഡിയയിൽ നിന്നും തെരുവിലേയ്ക്ക്. നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ കേരള കോൺഗ്രസും കോൺഗ്രസും തമ്മിൽ ആരംഭിച്ച തർക്കമാണ് ഇപ്പോൾ പരസ്യ പ്രസ്താവനയിലേയ്ക്കും ആരോപണങ്ങളിലേയ്ക്കും തിരിയുന്നത്. പാലായിൽ കേരള കോൺഗ്രസിനെതിരെ കോൺഗ്രസ് നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ചിന് പിന്നാലെയാണ് പരസ്യ ഏറ്റുമുട്ടലിലേയ്ക്ക് കാര്യങ്ങൾ എത്തിയത്. കോൺഗ്രസ് പ്രദേശിക നേതാവ് സഞ്ജയ് സഖറിയയുടെ ഭാര്യ പത്രസമ്മേളനം നടത്തിയതിനു പിന്നാലെ മറുപടിയുമായി കേരള കോൺഗ്രസും ജോസ് കെ മാണി വിഭാഗവും രംഗത്തെത്തി. ഇതോടെ വിവാദം കനത്തിരിക്കുകയാണ്.
Samayam Malayalam report on dispute between kerala congress and congress in pala started during kerala assembly election
പാലായിലെ തര്‍ക്കം തെരുവിലേയ്ക്ക്; കോൺഗ്രസും കേരള കോൺഗ്രസും നേര്‍ക്കുനേര്‍, വീഡിയോ കാണാം



​'തൻ്റെ പരാതിയിൽ കേസെടുത്തില്ല'

ജോസ് കെ മാണിക്കെതിരെ പ്രചാരണം നടത്തിയതായി ആരോപിച്ച് തൻ്റെ ഭർത്താവിനെ അറസ്റ്റു ചെയ്ത് ജയിലിൽ അടച്ച പോലീസ് തൻ്റെ പരാതിയിൽ ഇതുവരെയും നടപടി എടുത്തില്ലെന്ന് സഞ്ജയ് സഖറിയയുടെ ഭാര്യ സൂര്യ ആർ നായർ ആരോപിച്ചു. തനിക്കും തന്റെ കുട്ടികൾക്കും എതിരെ അശ്ലീല അധിക്ഷേപങ്ങൾ അടക്കം ഉന്നയിച്ചാണ് കേരള കോൺഗ്രസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഉണ്ടായത്. എന്നാൽ ഈ പോസ്റ്റിന്റെ തെളിവ് സഹിതം പരാതി നൽകിയിട്ടും കേസെടുക്കാനോ, പ്രതികളെ അറസ്റ്റ് ചെയ്യാനോ പോലീസ് തയ്യാറായില്ലെന്നും അവർ ആരോപിച്ചു.

​മുഖ്യമന്ത്രിക്കടക്കം പരാതി

മുഖ്യമന്ത്രിയ്ക്കും വനിതാ കമ്മിഷനും ഡിജിപിയ്ക്കും ജില്ലാ പോലീസ് മേധാവിയ്ക്കും പരാതി നൽകിയിരുന്നു. കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തിറങ്ങിയ ശേഷമാണ് പരാതിയിൽ നടപടിയെടുക്കാൻ പോലീസ് തയ്യാറായതെന്നും സൂര്യ ആരോപിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷിനും , ഭർത്താവ് സഞ്ജയ് സക്കറിയക്കും ഒപ്പമാണ് സൂര്യ പത്രസമ്മേളനം നടത്തിയത്.

'കോൺഗ്രസിൻ്റേത് പകയുടെ രാഷ്ട്രീയം'

പാലായിൽ നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ചിലൂടെ കോൺഗ്രസ് പാർട്ടി പകയുടെ രാഷ്ട്രീയമാണ് പ്രകടിപ്പിക്കുന്നതെന്ന് കേരളാ കോൺഗ്രസ് (എം) ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് കുറ്റപ്പെടുത്തി. സമൂഹമാധ്യമങ്ങളിലൂടെയുളള മ്ലേച്ചകരമായ അധിക്ഷേപത്തിന്റെ പേരിൽ കോടതി ജാമ്യം നിഷേധിച്ച പ്രതിക്ക് വേണ്ടി രംഗത്തുവന്നത് കോൺഗ്രസ് പാർട്ടി എത്രമാത്രം അധപതിച്ചു എന്നതിന് തെളിവാണ്. സംഘടനാപരമായി ദുർബലമായ കോൺഗ്രസ് നേതാക്കൾ തങ്ങളുടെ സ്ഥാനമാനങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള വിഭലശ്രമമാണ് ഇപ്പോൾ നടത്തികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

​'എങ്ങനെ ന്യായീകരിക്കാൻ കഴിയുന്നു'

വ്യക്തിപരമായ അധിക്ഷേപങ്ങളും വിമർശനങ്ങളും ഉന്നയിക്കാതെ മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന നിരവധി നേതാക്കന്മാർ നമുക്ക് ഇടയിലുണ്ട്. അപ്പോൾ ഇത്രയും നീചമായ അധിക്ഷേപ പ്രചരണങ്ങൾ നടത്തിയ ഒരു പ്രതിയെ കോൺഗ്രസ് പോലുള്ള ഒരു പാർട്ടിക്ക് എങ്ങനെയാണ് ന്യായീകരിക്കാൻ കഴിയുന്നത്. പാൽക്കാരൻ പാലാ, പാലാക്കാരൻ ചേട്ടൻ, റീനാപോൾ, തോമസ് മാത്യു തുടങ്ങിയ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിച്ച് നടത്തിയ വിദ്വേഷപ്രചരണങ്ങളെ ന്യായീകരിക്കുന്ന നിലപാട് കോൺഗ്രസിന്റെ അപചയത്തെയാണ് കാണിക്കുന്നത്. പ്രതികളെ സംരക്ഷിക്കുന്ന സംസ്‌ക്കാരം എന്നാണ് ആരംഭിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കണമെന്നും സ്റ്റീഫൻ ജോർജ് ആവശ്യപ്പെട്ടു.

​'കോൺഗ്രസ് സംരക്ഷിക്കുന്നത് ക്രിമിനൽ കേസ് പ്രതിയെ'

എല്ലാ വ്യാജ അക്കൗണ്ടുകളുടേയും ഡിപി പിക്ചർ ഒരുപോലെയാണെന്ന് തെളിയുകയും കുറ്റക്കാരനാണെന്ന് ബോധ്യപ്പെടുകയും സാഹചര്യത്തിലാണ് സഞ്ജയ് സഖറിയായെ അറസ്റ്റ് ചെയ്തത്. പാലാ ബിഷപ്പ് മറ്റ് മതമേലധ്യക്ഷന്മാർ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങി സമൂഹത്തിൽ ആദരിക്കപ്പെടുന്നവരെ വ്യക്തിഹത്യചെയ്ത ഒരാളിനെ സംരക്ഷിക്കും എന്ന് പറയുന്നതിലൂടെ കോൺഗ്രസ് സമാധാനം ആഗ്രഹിക്കുന്ന ജനങ്ങൾക്ക് നൽകുന്ന സന്ദേശമെന്ത്, രാഷ്ട്രീയ വിമർശനങ്ങൾക്കപ്പുറം പ്ലസ്ടു പഠനം പൂർത്തിയാക്കിയ ജോസ് കെ മാണിയുടെ മകനെപ്പോളും സോഷ്യൽ മീഡിയായിലൂടെ അധിക്ഷേപിക്കുന്ന തരംതാണ നടപടിക്കൊപ്പമാണോ കോൺഗ്രസ് പാർട്ടി. പാലാ കാത്തുസൂക്ഷിച്ച രാഷ്ട്രീയ സാമുദായിക ഐക്യം തകർത്തുകൊണ്ട് പാലായുടെ സംസ്‌ക്കാരം തന്നെ ഇല്ലാതാക്കാനല്ലേ ഇത്തരം ശ്രമങ്ങൾ സഹായിക്കുന്നത്. കെ എം മാണി സാറിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടുമുള്ള പകയിൽ നിന്ന് ഇത്തരം നീചപ്രവർത്തികൾ ചെയ്യുന്ന ഒരു ക്രിമിനൽ കേസ് പ്രതിയെയാണ് കോൺഗ്രസ് സംരക്ഷിക്കുന്നതെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, മീഡിയ കോൺഡിനേറ്റർ വിജി എം തോമസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു

Video-കോൺഗ്രസ്-കേരള കോൺഗ്രസ് തർക്കം തെരുവിലേയ്ക്ക്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്