ആപ്പ്ജില്ല

അട്ടിമറിയുണ്ടായില്ല! ചങ്ങനാശേരിയിൽ ഭരണം നിലനിർത്തി യുഡിഎഫ്; സാജൻ ഫ്രാൻസിസ് ചെയർമാൻ

ചങ്ങനാശേരി നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിക്ക് ജയം. കേരള കോൺഗ്രസിലെ (പി ജെ ജോസഫ്) സാജൻ ഫ്രാൻസിസ് ആണ് 16 വോട്ടുകൾക്ക് ജയിച്ചത്. എൽഡിഎഫ് സ്ഥാനാർഥിക്ക് 15 വോട്ടുകൾ ലഭിച്ചു.

Samayam Malayalam 12 Jun 2020, 4:30 pm
ചങ്ങനാശേരി: ചങ്ങനാശേരി നഗരസഭ യുഡിഎഫ് നിലനിര്‍ത്തി. 15 നെതിരെ 16 വോട്ടുകൾക്കാണ് കേരള കോൺഗ്രസിലെ (പി ജെ ജോസഫ്) സാജൻ ഫ്രാൻസിസിൻ്റെ ജയം. കോൺഗ്രസ് വിമതനായ സജി തോംസണായിരുന്നു എൽഡിഎഫ് സ്ഥാനാര്‍ഥി. അതേസമയം രണ്ട് യുഡിഎഫ് അംഗങ്ങൾ കൂറുമാറി എൽഡിഎഫിന് വോട്ടു ചെയ്തു. ഒരു യുഡിഎഫ് കൗൺസിലറിൻ്റെ വോട്ട് അസാധുവായി.
Samayam Malayalam സാജൻ ഫ്രാൻസിസ് (കടപ്പാട്: ഫേസ്ബുക്ക്)


Also Read: കശുവണ്ടി ഫാക്ടറി ഉടമയുടെ ആത്മഹത്യ; കൊല്ലത്ത് പ്രതിഷേധം, ബാങ്കിനു മുന്നിൽ പ്രതീകാത്മക ആത്മഹത്യാ സമരം

യുഡിഎഫിന് ഭൂരിപക്ഷമുള്ള നഗരസഭയായിരുന്നു ചങ്ങനാശേരി. എന്നാൽ കഴിഞ്ഞ യുഡിഎഫ് യോഗത്തിൽ നിന്ന് നാലു കൗൺസിലര്‍മാര്‍ വിട്ടുനിന്നിരുന്നു. ഇതോടെയാണ് യുഡിഎഫ് ക്യാമ്പിൽ നഗരസഭാ ഭരണം നഷ്ടമാകുമോയെന്ന ആശങ്കയേറിയത്. തുടർന്ന് യോഗത്തിൽ നിന്ന് വിട്ടുനിന്ന കൗൺസിലര്‍മാരുമായി ചര്‍ച്ചകൾ ആരംഭിച്ചു. ഇവര്‍ക്ക് വിപ്പും നൽകി. അട്ടിമറി സാധ്യത ഉണ്ടാകില്ലെന്ന വിശ്വാസത്തിൽ യുഡിഎഫ് തുടര്‍ന്നെങ്കിലും തലനാരിഴയ്ക്കാണ് ഭരണം നിലനിര്‍ത്തിയത്.

Also Read: തൃത്താലയിൽ വിദ്യാർഥിനി ക്വാറിയിൽ മരിച്ചനിലയിൽ

കോൺഗ്രസ് അംഗങ്ങളായ രണ്ട് കൗൺസിലര്‍മാരാണ് കൂറുമാറി ഇടതുപക്ഷ സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്തത്. മുൻ മുൻസിപ്പൽ വൈസ് ചെയര്‍പേഴ്സണും കൗൺസിലറുമായ അംബികയുടെ വോട്ടാണ് അസാധുവായത്. കോൺഗ്രസിൻ്റെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാനായ സജി തോംസണെയാണ് എൽഡിഎഫ് ചെയര്‍മാൻ സ്ഥാനാര്‍ഥിയായി നാമനിര്‍ദ്ദേശം ചെയ്തത്.

Also Read: പികെ രാഗേഷ് വീണ്ടും കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍

അതേസമയം യുഡിഎഫ് അംഗങ്ങളുടെ കൂറുമാറൽ എൽഡിഎഫിന് അപ്രതീക്ഷിത നേട്ടമായി. നിലവിൽ എൽഡിഎഫിന് 12 അംഗങ്ങളായിരുന്നു. യുഡിഎഫിൽ നിന്ന് രണ്ട് അംഗങ്ങളുടെ പിന്തുണ കൂടി ലഭിച്ചതോടെ എൽഡിഎഫിൻ്റെ അംഗസംഖ്യ 14 ആയി. ചങ്ങനാശേരി നഗരസഭയിലെ 37 അംഗങ്ങളിൽ 36 പേര്‍ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്തു. കോൺഗ്രസ് 10, കേരള കോൺഗ്രസ് 7, മുസ്ലീം ലീഗ് 1, എൽഡിഎഫ് 12, ബിജെപി 4, സ്വതന്ത്രൻ 3 എന്നിങ്ങനെയാണ് ചങ്ങനാശേരി നഗരസഭയിലെ കക്ഷിനില.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്