ആപ്പ്ജില്ല

വീട്ടിലേക്ക് പാഞ്ഞുകയറി, ബെഡ്‌റൂമില്‍ 'താണ്ഡവമാടി'; ഒടുവിൽ കാട്ടുപന്നികളെ വെടിവെച്ചുകൊന്നു

കോഴിക്കോട് വീടിനുള്ളിൽ കയറി ഭീതിപരത്തിയ കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കൂരാച്ചുണ്ട് സ്വദേശിയുടെ വീടിനുള്ളിലേക്കാണ് രണ്ടു കൂറ്റന്‍ പന്നികള്‍ പാഞ്ഞുകയറിയത്.

Lipi 30 Oct 2020, 4:06 pm
കോഴിക്കോട്: വീട്ടിനുള്ളിലേക്ക് പാഞ്ഞുകയറി വീട്ടുകാരെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തിയ കാട്ടുപന്നികളെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി വെടിവെച്ചുകൊന്നു. കൂരാച്ചുണ്ട് പൂവത്തുംചോലയില്‍ കെഎസ്ഇബി ജീവനക്കാരനായ പാലമലയില്‍ മോഹനൻ്റെ വീട്ടില്‍ ഇന്നു അതിരാവിലെയാണ് സംഭവം.
Samayam Malayalam Kozhikode Wild Boar Attack
കാട്ടുപന്നികൾ ബെഡ്‍റൂമിൽ കയറിയപ്പോൾ


Also Read: പുഴയിൽ മുങ്ങിത്താഴ്ന്ന യുവാവിന് പുനർജന്മം; കരകയറ്റിയത് ഏഴാം ക്ലാസുകാരന്‍! ഹീറോയായി മുഹമ്മദ് അദ്‌നാന്‍

വീട്ടുവാതിലിലൂടെ രണ്ടു കൂറ്റന്‍ പന്നികള്‍ അകത്തേക്കു പാഞ്ഞുകയറുകയായിരുന്നു. ബെഡ്‌റൂമില്‍ പ്രവേശിച്ച ഇവ കിടക്കയില്‍ കുത്തിമറിഞ്ഞു. വീട്ടുപകരണങ്ങള്‍ക്കു വലിയതോതിലുള്ള നാശനഷ്ടങ്ങളും വരുത്തി. വീടിൻ്റെ തറ മിനുസമുള്ളതായതിനാല്‍ ഇവയ്ക്ക് എളുപ്പം ചലിക്കാനായില്ല. പന്നികള്‍ മുറിക്കുള്ളില്‍ പ്രവേശിച്ചയുടന്‍ വാതില്‍ പുറത്തുനിന്നു അടക്കുകയും ചെയ്തു. തുടര്‍ന്ന് വനം വകുപ്പില്‍ വിവരമറിയിച്ചു. ഇതിനിടെ വാര്‍ത്ത പരന്നതോടെ നാട്ടുകാര്‍ സ്ഥലത്തെത്തി. വീടിനുള്ളില്‍ വരെ കാട്ടുപന്നികളെത്തിയതിനെതിരെ പ്രതിഷേധവുമുയര്‍ന്നു.

Also Read: ജീവനക്കാരൻ്റെ കണ്ണില്‍ മണലെറിഞ്ഞ് കവര്‍ച്ച! പെട്രോള്‍ പമ്പില്‍ നിന്ന് 32,000 രൂപ പിടിച്ചുപറിച്ചു, സംഭവം കോഴിക്കോട്

ഡിഎഫ്ഒ വരാതെ പന്നികളെ തുറന്നുവിടില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. വൈകാതെ പെരുവണ്ണാമൂഴിയില്‍ നിന്നു ഫോറസ്റ്റ് ഉദ്യോഗസ്ഥരും കൂരാച്ചുണ്ട് പോലീസും സ്ഥലത്തെത്തി. നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഉച്ചയോടെ മേലുദ്യോഗസ്ഥരുടെ അനുമതി ലഭ്യമാക്കി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പന്നികളെ വെടിവെച്ചുകൊന്നു. വീട്ടിനുള്ളിലേക്കു അതിക്രമിച്ചു കയറിയതിനാല്‍ അപകടകാരികളെന്ന ഗണത്തില്‍പ്പെടുത്തിയാണ് ഇവയെ കൊന്നത്. ജഡം പോസ്റ്റുമോര്‍ട്ടമടക്കമുള്ള നടപടികള്‍ക്കുശേഷം സംസ്‌കരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കാട്ടുപന്നികള്‍ കൂട്ടത്തോടെ ജനവാസമേഖലയിലെത്തുന്നതും കാര്‍ഷികവിളകള്‍ നശിപ്പിക്കുന്നതും പ്രദേശത്തു പതിവാണ്.


കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്