ആപ്പ്ജില്ല

ഇടത് അനുകൂല വഖഫ് ആക്ഷന്‍ കൗണ്‍സിലില്‍ പങ്കെടുത്തു; ഉമര്‍ ഫൈസിക്കെതിരെ സമസ്തയില്‍ രൂക്ഷവിമര്‍ശനം

കോഴിക്കോട് സംഘടിപ്പിച്ച വഖഫ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വെന്‍ഷനില്‍ സമസ്ത നേതാവ് പങ്കെടുത്തതിൽ വിമർശനം. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ട്രഷററുമായ ഉമര്‍ ഫൈസി മുക്കത്തിനെതിരെയാണ് പ്രതിഷേധം.

Samayam Malayalam 19 Jan 2022, 8:45 pm
കോഴിക്കോട്: വഖഫ് വിഷയവുമായി ബന്ധപ്പെട്ട് സമസ്തയില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ പരിഹാരമില്ലാതെ തുടരുന്നു. ഇടത് അനുകൂല സംഘടനകള്‍ ചേര്‍ന്ന് കോഴിക്കോട് സംഘടിപ്പിച്ച വഖഫ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ട്രഷററുമായ ഉമര്‍ ഫൈസി മുക്കത്തിനെതിരെ സമസ്തയില്‍ പ്രതിഷേധം ശക്തമാവുകയാണ്. വിവിധ മഹല്ലുകളില്‍ കടുത്ത വിമര്‍ശനമാണ് ഉമര്‍ ഫൈസിക്കെതിരെ ഉയരുന്നത്. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ വഖഫ് സംരക്ഷണ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ബഹുജന കണ്‍വെന്‍ഷന്‍ നടന്നത്.
Samayam Malayalam issue in samastha over the participation of umar faizy mukkam in waqf action council meeting at kozhikode
ഇടത് അനുകൂല വഖഫ് ആക്ഷന്‍ കൗണ്‍സിലില്‍ പങ്കെടുത്തു; ഉമര്‍ ഫൈസിക്കെതിരെ സമസ്തയില്‍ രൂക്ഷവിമര്‍ശനം



​ഇടത് അനുകൂല പരിപാടിയില്‍ ഉമര്‍ ഫൈസി

വഖഫ് നിയമനം പിഎസ്എസിക്ക് വിട്ടതുമായി ബന്ധപ്പെട്ട പ്രതിഷേധസമരങ്ങളില്‍ സമസ്തയിലെ ലീഗ് അനുകൂലികളും വിരുദ്ധരും രണ്ടു ചേരിയില്‍ നില്‍ക്കുകയാണ്. പ്രശ്‌നപരിഹാരത്തിനായി കഴിഞ്ഞദിവസം ചേര്‍ന്ന സമസ്ത മുശാവറ യോഗം തങ്ങളുടെ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തെ രണ്ടു വിഭാഗവും അവര്‍ക്കനുകൂലമായി വ്യാഖ്യാനിച്ചു. ഇതിനിടയിലാണ് ഉമര്‍ ഫൈസി ഇടത് അനുകൂല പരിപാടിയില്‍ പങ്കെടുത്തത്. അഡ്വ. പി ടി എ റഹീം എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ ഐഎന്‍എല്ലിലെ ഒരു വിഭാഗം മാത്രം പങ്കെടുത്തതും വിവാദമായിരുന്നു.

​ഉമര്‍ ഫൈസി പറഞ്ഞത് ഇങ്ങനെ

അന്യാധീനപ്പെട്ട വഖഫ് സ്വത്ത് തിരിച്ച് പിടിക്കാന്‍ ബോര്‍ഡും മന്ത്രിയും മുന്നിട്ടിറങ്ങിയാല്‍ സമുദായത്തിന്റെ മുഴുവന്‍ പിന്തുണയും രാഷ്ട്രീയം നോക്കാതെ ഉണ്ടാവുമെന്നായിരുന്നു ഉമര്‍ ഫൈസി പറഞ്ഞത്. വഖഫ് സ്വത്തുക്കള്‍ തിരിച്ചെടുക്കാന്‍ നടപടിയുണ്ടാവുമെന്ന മന്ത്രിയുടെയും മറ്റും പ്രസ്താവനയില്‍ സന്തോഷമുണ്ട്. അതിനാലാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നത്. രാഷ്ട്രീയക്കാര്‍ അവരുടെ വഴിക്ക് പോകട്ടെ. സമുദായമനുഭവിക്കേണ്ടത് ചിലരുടെ പോക്കറ്റിലാവുന്നത് മാറണമെന്ന ഉദ്ദേശ്യത്തോടെ പോവുന്ന ആക്ഷന്‍ കൗണ്‍സിലിനും വഖഫ് ബോര്‍ഡിനും എല്ലാ നിലക്കും സമുദായ പിന്തുണയുണ്ടാവും. ബോര്‍ഡ് ശക്തവും സുതാര്യവുമാവണം. എല്ലാറ്റിലും രാഷ്ട്രീയം കാണുന്നത് മാറ്റി നമുക്ക് വഖഫിന്റെ ഉദ്ദേശ്യത്തിനായുള്ള ബോര്‍ഡ് ഉണ്ടാവണം. ഓരോ കാലത്തുമുള്ള രാഷ്ട്രീയക്കാര്‍ക്ക് അനുസരിച്ചുള്ള ബോര്‍ഡാവാതെ വന്നാല്‍ മാറ്റമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

​മുന്‍കൈയെടുത്തത് പി ടി എ റഹീം

മുസ്ലീം സംഘടനകളുടെ ഏകോപന സമിതിയുടെ പരിപാടികളില്‍ നിന്ന് സമസ്ത ഏകപക്ഷീയമായി പിന്‍വാങ്ങിയത് വലിച ചര്‍ച്ചയായിരുന്നു. സമസ്ത അധ്യക്ഷന്‍ ജിഫ്രി തങ്ങള്‍ സംഘടനക്കകത്തുനിന്ന് രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയില്‍ നിന്ന് ലഭിച്ച ഉറപ്പ് മാസങ്ങളായിട്ടും പാലിക്കപ്പെട്ടില്ല. അതേസമയം, കഴിഞ്ഞദിവസം ചേര്‍ന്ന സമസ്ത മുശാവറയിലും വഖഫ് പ്രശ്‌നത്തില്‍ ഇനി എന്തു നിലപാട് സ്വീകരിക്കുമെന്നതു സംബന്ധിച്ച് ചര്‍ച്ചനടന്നില്ല. ഇതില്‍ അമര്‍ഷം നിലനില്‍ക്കെയാണ് ഉമര്‍ ഫൈസിയുടെ സര്‍ക്കാര്‍ അനുകൂല നിലപാടെന്ന് ഒരുവിഭാഗം നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. മുസ്ലീം ലീഗ് ഒറ്റക്ക് സമര പരിപാടികളുമായി മുന്നോട്ടുപോവുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഇടത് അനുകൂലിയായ പി ടി എ റഹീം മുന്‍കൈയെടുത്ത് വഖഫ് ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചത്.

​ഐഎന്‍എല്ലിലും വിവാദം

അതേസമയം, ഐഎന്‍എല്ലിലും വഖഫ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കത്തുകയാണ്. സംസ്ഥാന നേതാക്കളുടെ അറിവോടെയല്ല ബഹുജന കണ്‍വെന്‍ഷന്‍ എന്നാണ് ഔദ്യോഗിക വിഭാഗം പറയുന്നത്. നേതാക്കള്‍ക്കെതിരെ പരസ്യമായി തന്നെ വിമര്‍ശനങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്നുണ്ട്. എന്നാല്‍ പരസ്യമായി പൊട്ടിത്തെറിയുണ്ടായാല്‍ ഇടതുമുന്നണിയില്‍ നിന്ന് പുറത്തുപോകേണ്ടി വരുമെന്ന സിപിഎമ്മിന്റെ താക്കീതിനെ തുടര്‍ന്നാണ് പാര്‍ട്ടി പതുങ്ങി നില്‍ക്കുന്നതെന്ന് വ്യക്തം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്