ആപ്പ്ജില്ല

സുരക്ഷാജീവനക്കാരെ മർദിച്ച 2 ഡിവൈഎഫ്‌ഐക്കാര്‍ കാണാമറയത്ത്; മുങ്ങിയത് ഫോൺ സ്വിച്ച് ഓഫ് ചെയ്ത്, തെരച്ചിൽ തുടരുന്നു

കോഴിക്കോട് മെഡിക്കൽ കോളേജിലെ സുരക്ഷാജീവനക്കാരെ മർദിച്ച രണ്ടു പ്രതികൾ കാണാമറയത്ത് തുടരുന്നു. ഇവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. പോലീസ് തെരച്ചിൽ തുടരുന്നു.

Samayam Malayalam 20 Sept 2022, 3:46 pm
കോഴിക്കോട് (Kozhikode): ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാജീവനക്കാരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സംഘംചേര്‍ന്നു മര്‍ദിച്ച സംഭവത്തില്‍ പ്രതികളായ രണ്ട് പേരെ ഇനിയും പിടികൂടാനാകാതെ പോലീസ് (DYFI). നിഖില്‍ സോമന്‍, ജിതിന്‍ലാല്‍ എന്നിവരാണ് സംഭവം നടന്ന് 20 ദിവസം പിന്നിട്ടിട്ടും ഒളിവില്‍ കഴിയുന്നത്. ഇവര്‍ക്കായി ഊര്‍ജിത അന്വേഷണം നടക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ രാഷ്ട്രീയസമ്മര്‍ദത്തിനു വഴങ്ങിയതിനാലാണ് അറസ്റ്റ് വൈകുന്നതെന്നാണ് സുരക്ഷാജീവനക്കാരുടെ ആരോപണം.
Samayam Malayalam police search underway for two accused in kozhikode medical college security staff incident
സുരക്ഷാജീവനക്കാരെ മർദിച്ച 2 ഡിവൈഎഫ്‌ഐക്കാര്‍ കാണാമറയത്ത്; മുങ്ങിയത് ഫോൺ സ്വിച്ച് ഓഫ് ചെയ്ത്, തെരച്ചിൽ തുടരുന്നു



​മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ്

പ്രതികള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയതിനാലാണ് ഇവരെ കണ്ടെത്താന്‍ സാധിക്കാത്തതെന്നാണ് പോലീസ് പറയുന്നത്. പ്രതികള്‍ എത്താന്‍ സാധ്യതയുള്ള ബന്ധുവീടുകളില്‍ ഉള്‍പ്പെടെ പരിശോധന നടത്തിയിരുന്നു. തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. പ്രതികളുമായി ബന്ധമുള്ളവരുടെയൊക്കെ ഫോണ്‍ നിരീക്ഷിച്ചുവെങ്കിലും ആരുമായും ബന്ധപ്പെടുന്നതിന്റെ തെളിവുകള്‍ ലഭിച്ചില്ലെന്നും പോലീസ് പറയുന്നു.

​പോലീസിൻ്റെ മെല്ലെപ്പോക്ക്‌ നയം

ആക്രമണമുണ്ടായത് ഡിവൈഎഫ്‌ഐ സംസ്ഥാനകമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തിലാണെന്ന് തിരിച്ചറിഞ്ഞതുമുതല്‍ നടപടിയെടുക്കുന്നതില്‍ പോലീസ് മെല്ലെപ്പോക്ക്‌ നയം സ്വീകരിച്ചതായി ആക്ഷേപമുയര്‍ന്നിരുന്നു. സംഭവം നടന്ന് ഒമ്പതുദിവസം പിന്നിട്ടപ്പോഴാണ് അഞ്ചുപ്രതികള്‍ കീഴടങ്ങിയത്. ഇതാകട്ടെ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു ശേഷമായിരുന്നു. വിമര്‍ശനം ശക്തമായതോടെ പോലീസ് നടപടി കര്‍ശനമാക്കി. അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി. എന്നാല്‍ ഇതിനെതിരേ ഡിവൈഎഫ്‌ഐയും സിപിഎമ്മും പരസ്യമായി രംഗത്തുവന്നതും ചര്‍ച്ചയായി.

​കമ്മീഷണറെ കണ്ട് സിപിഎം നേതാവ്

കേസില്‍ അഞ്ചുപ്രതികളെ പോലീസിനു മുമ്പാകെ ഹാജരാക്കുമെന്നും മറ്റുള്ളവരെ തത്കാലം അറസ്റ്റുചെയ്യരുതെന്നും ഒരു സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തിലുള്ള സംഘം സിറ്റി പോലീസ് കമ്മീഷണറെ നേരില്‍ക്കണ്ട് അറിയിച്ചിരുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ആദ്യഘട്ടത്തില്‍ ഇക്കാര്യം സമ്മതിച്ച കമ്മീഷണര്‍ പിന്നീട് രണ്ടുപ്രതികളെക്കൂടി കിട്ടണമെന്ന നിലപാട് കടുപ്പിച്ചു. ഇതിനായി നിരന്തര പരിശോധന ഉള്‍പ്പെടെയുള്ള നടപടികളും സ്വീകരിച്ചു.

​കമ്മീഷണര്‍ക്കെതിരേ സിപിഎം

ഇതോടെ കമ്മീഷണര്‍ക്കെതിരേ സിപിഎം ജില്ലാ സെക്രട്ടറി തന്നെ ആരോപണങ്ങളുമായി രംഗത്തെത്തി. പ്രതികളെ പിടികൂടാനുള്ള നീക്കങ്ങള്‍ ദുര്‍ബലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സിപിഎം നേതൃത്വം കമ്മീഷണര്‍ക്കെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും സൂചനയുണ്ട്. അതേസമയം കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന അഞ്ച് പ്രതികളും സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ വാദം കേള്‍ക്കുന്നത് ഇന്നാണ്.


Read Latest Local News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്