ആപ്പ്ജില്ല

എയര്‍പോര്‍ട്ടില്‍ ജോലിവാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; വടകര സ്വദേശി അറസ്റ്റില്‍!

എയര്‍പോര്‍ട്ടിനുള്ളില്‍ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്നു പറഞ്ഞാണ് ഹുസ്‌നി മുബാറക്കില്‍ നിന്നു പണം വാങ്ങിയത്. ടീ സ്റ്റാള്‍ അനുവദിച്ചു നല്‍കാമെന്നു പറഞ്ഞ് മറ്റൊരാളില്‍ നിന്നു അഞ്ചുലക്ഷം രൂപ വാങ്ങിയതായി പരാതി ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

| Edited by Samayam Desk | Lipi 13 Aug 2020, 10:02 pm
കോഴിക്കോട്: കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റിലായി. വടകരയ്ക്കടുത്ത് അഴിയൂര്‍ കല്ലാമലയിലെ പൊന്നന്‍കണ്ടി അരുണ്‍കുമാര്‍ (54)നെയാണ് ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തത്. കൊടുവള്ളി സ്വദേശി ഹുസ്‌നി മുബാറക് നല്‍കിയ പരാതി പ്രകാരമാണ് നടപടി. സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ലക്ഷങ്ങളുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയതെന്ന വിവരം പോലീസിനു ലഭിച്ചിട്ടുണ്ട്. മുമ്പ് ട്രാവല്‍ ഏജന്‍സി നടത്തിയിരുന്നയാളാണ് അരുണ്‍കുമാര്‍. മുമ്പും സമാനമായ പലതട്ടിപ്പുകളും ഇയാള്‍ നടത്തിയതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. തലശേരിയില്‍ രണ്ടുകേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Samayam Malayalam Arun Kumar


Also Read: ആദ്യം കോഴിക്കറിയില്‍... പിന്നീട് ഐസ്ക്രീമില്‍ വിഷം ചേര്‍ത്തു, ബളാലിലേത് അരുംകൊല, സഹോദരന്‍ ലക്ഷ്യമിട്ടത് ആര്‍ഭാട ജീവിതം!

എയര്‍പോര്‍ട്ടിനുള്ളില്‍ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്നു പറഞ്ഞാണ് ഹുസ്‌നി മുബാറക്കില്‍ നിന്നു പണം വാങ്ങിയത്. ടീ സ്റ്റാള്‍ അനുവദിച്ചു നല്‍കാമെന്നു പറഞ്ഞ് മറ്റൊരാളില്‍ നിന്നു അഞ്ചുലക്ഷം രൂപ വാങ്ങിയതായി പരാതി ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഇതു സംബന്ധിച്ചും കേസെടുക്കും. അരുണ്‍കുമാറിനെക്കൂടാതെ ചിലര്‍ കൂടി കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്നും ഇവരെ വൈകാതെ പിടികൂടുമെന്നും പോലീസ് പറഞ്ഞു.

Also Read: കേരളത്തിൽ ഏറ്റവും കൂടുതല്‍ മരണ നിരക്ക് പത്തനംതിട്ടയില്‍; ഏറ്റവും കുറവ് മലപ്പുറത്തെന്നും റിപ്പോര്‍ട്ട്

ചോമ്പാല എസ്എച്ച്ഒ ടിപി സുമേഷിന്‍റെ നേതൃത്വത്തില്‍ എസ്‌ഐ നിഖില്‍, അഡീഷണല്‍ എസ്‌ഐമാരായ അബ്ദുള്‍ സലാം, അശോകന്‍, സീനിയര്‍ സിപിഒ ഷാജി, രതീഷ് പടിക്കല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവങ്ങള്‍ നേരെത്തെയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ എയര്‍പോര്‍ട്ട് അധികൃതര്‍ തന്നെ മുന്നറിയിപ്പുമായി രംഗത്തുവന്നിരുന്നു. നിയമനത്തിനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വാഗ്ദാനങ്ങളില്‍ വഞ്ചിതരാകരുതുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്