ആപ്പ്ജില്ല

ദേശീയ പതാക കത്തിച്ചു; മലപ്പുറത്ത് കടയുടമ അറസ്റ്റിൽ

വഴിക്കടവ് പഞ്ചായത്തിന് മുന്‍വശത്തെ റോഡ് സൈഡിലായിരുന്നു സംഭവം. മാലിന്യങ്ങളുടെ കൂട്ടത്തില്‍ ഇട്ട് പ്ലാസ്റ്റിക് നിര്‍മ്മിതമായ ദേശീയ പതാകകള്‍ കത്തിച്ചെന്നാണ് കേസ്

Lipi 14 Aug 2022, 8:58 pm

ഹൈലൈറ്റ്:

  • മലപ്പുറത്ത് ദേശീയ പതാക കത്തിച്ചു
  • കച്ചവട സ്ഥാപനയുടമ അറസ്റ്റിൽ
  • പിടിയിലായത് വഴിക്കടവ് സ്വദേശി ചന്ദ്രൻ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
മലപ്പുറം: ആസാദി കാ അമൃത് മഹോത്സവത്തിനിടയിൽ മലപ്പുറം വഴിക്കടവില്‍ ദേശീയ പതാക കത്തിച്ച പ്രതിയെ അറസ്റ്റു ചെയ്തു. ദേശീയപതാകയെ അവമതിക്കുന്ന വിധത്തില്‍ മാലിന്യങ്ങളുടെ കൂട്ടത്തില്‍ ഇട്ട് പ്ലാസ്റ്റിക് നിര്‍മ്മിതമായ ദേശീയ പതാകകള്‍ കത്തിച്ചെന്നാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് വഴിക്കടവ് പൂവത്തിപ്പൊയില്‍ കുന്നത്ത് കുഴിയില്‍ വീട്ടില്‍ ചന്ദ്രനെ(64)യാണ് സി ഐ മനോജ് പറയറ്റയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
വഴിക്കടവ് പഞ്ചായത്തിന് മുന്‍വശത്തെ റോഡ് സൈഡിലായിരുന്നു സംഭവം. ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി നാടൊട്ടുക്കും വീടുകളിലും സര്‍ക്കാര്‍ -സ്വകാര്യ സ്ഥാപനങ്ങളിലും ദേശീയ പതാക പ്രദര്‍ശിപ്പിച്ച് സ്വതന്ത്ര്യത്തിന്‍റെ അമൃത മഹോത്സവം ആഘോഷിക്കുമ്പോഴാണ് വഴിക്കടവിൽ ദേശീയ പതാക കത്തിച്ചെന്ന വാർത്ത പുറത്ത് വന്നത്.

Also Read : നിർണായകമായത് ആ ഒളിക്യാമറ? രണ്ടു മക്കളെയും കൊന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം; പോലീസുകാരനെതിരെ കുറ്റപത്രം

വഴിക്കടവ് പഞ്ചായത്തിന് മുന്‍വശം കച്ചവടം നടത്തുന്നയാളാണ് പ്രതി. ദി പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട്‌സ് ടു നാഷണല്‍ ഹോണര്‍ ആക്റ്റ് 1971 എസ് (2), ഐപിസി 269, 278, കെപി ആക്റ്റ് 120 (ഇ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള 'ഹര്‍ ഘര്‍ തിരംഗ'യ്ക്ക് മലപ്പുറം ജില്ലയില്‍ വര്‍ണാഭമായ തുടക്കമാണ് കുറിച്ചിരുന്നത്. ജില്ലയില്‍ വീടുകളിലും സര്‍ക്കാര്‍, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ കെട്ടിടങ്ങള്‍, പൗരസമൂഹങ്ങള്‍, സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും ദേശീയ പതാക ഉയര്‍ത്തി ക്യാമ്പയിനിന്‍റെ ഭാഗമായി.

Also Read : കെ ടി ജലീലിൻ്റെ സ്ഥാനം പാകിസ്ഥാനിൽ, വേഗം പോകുന്നതാണ് നല്ലതെന്ന് കെ സുരേന്ദ്രൻ

ഇതിനായി ജില്ലയില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. കുടുംബശ്രീ വഴിയാണ് പതാക നിര്‍മിച്ചത്. കുടുംബശ്രീ വഴി നിര്‍മിച്ച 97ശതമാനം പതാകകളുടെ വിതരണം ജില്ലയില്‍ പൂര്‍ത്തിയായി. ആവശ്യപ്പെട്ട എണ്ണം അനുസരിച്ച് എഡിഎസ്, സിഡിഎസ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ എത്തിച്ചു നല്‍കിയിരുന്നു.

ദേശീയ പതാകയോടുള്ള വൈകാരിക ബന്ധം വളര്‍ത്തുന്നതിനും ദേശീയപതാകയെ ആദരിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 15 വരെയാണ് പതാക ഉയര്‍ത്തേണ്ടത്. ദേശീയ പതാകയുടെ അന്തസ് നിലനിര്‍ത്തുംവിധം ഫ്ളാഗ് കോഡ് പാലിച്ചുകൊണ്ടായിരിക്കണം ദേശീയ പതാക ഉയര്‍ത്തേണ്ടത്. ഇതിനായി കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്