ആപ്പ്ജില്ല

പ്രളയത്തിൽ വീട് തകർന്നു; ചക്കിയും കുടുംബവും കഴിയുന്ന അംഗനവാടിയും തകർച്ചാഭീഷണിയിൽ: ശുചിമുറിയും വൈദ്യുതിയും ഇല്ല

രണ്ടു വര്‍ഷം മുമ്പ് പ്രളയം വീട് തകര്‍ത്തതോടെ പെരുവഴിയിലായതാണ് 75കാരി ചക്കിയും കുടുംബവും. ഇതുവരെ ഒരു സഹായവും കിട്ടയില്ലെന്ന് മാത്രമല്ല ഇപ്പോള്‍ താല്‍ക്കാലികമായി താമസിക്കുന്ന ക്യാമ്പ് കെട്ടിടമായ
അംഗനവാടിക്കുണ്ടാക്കിയ കെട്ടിടവും ദുരന്തഭീതിയിലാണ്. ആരും സഹായിക്കുന്നില്ലെന്ന് മാത്രമല്ല തിരിഞ്ഞുപോലും നോക്കുന്നില്ലെന്നാണ് കുടുംബത്തിന്റെ പരാതി.

Samayam Malayalam 17 Jun 2020, 11:45 am
ഇപ്പോള്‍ താമസിക്കുന്ന അംഗനവാടി കെട്ടിത്തിലാണെങ്കില്‍ വൈദ്യുതിയും ശുചിമുറിയും ഇല്ല. ഇവര്‍ക്ക് ശുചിമുറി ഉപയോഗിക്കണമെങ്കില്‍ ദൂരം സഞ്ചരിക്കുകയും വേണം. ഇപ്പോള്‍ താമസിക്കുന്ന അംഗനവാടി കെട്ടിടത്തിലെ ഒരു മുറിയില്‍ ചക്കിയുടെ മകനും കുടുംബവും അടുത്ത മുറിയില്‍ മകളും കുടുംബവും ആണ് താമസിക്കുന്നത്. കൂലിവേല ചെയ്താണ് ഇവര്‍ കുടുംബം പുലര്‍ത്തുന്നത്. ഇതിനാല്‍ തന്നെ പണംമിച്ചംവെക്കാനും ഇവര്‍ക്ക് കഴിയുന്നല്ല.
Samayam Malayalam malappuram chakki and family who lost house during flood lives in angawadi which also at the verge of fall down
പ്രളയത്തിൽ വീട് തകർന്നു; ചക്കിയും കുടുംബവും കഴിയുന്ന അംഗനവാടിയും തകർച്ചാഭീഷണിയിൽ: ശുചിമുറിയും വൈദ്യുതിയും ഇല്ല


കെഎസ്ഇബിയും കൈയ്യൊഴിഞ്ഞു

തീരെ സൗകര്യങ്ങള്‍ ഇല്ലാത്ത ഇവിടെ ഇവര്‍ ദുരിത ജീവിതമാണ് നയിക്കുന്നത്. രണ്ട് വര്‍ഷമായിട്ടും ഈ കെട്ടിടത്തില്‍ വൈദ്യുതി എത്തിയിട്ടില്ല. കെഎസ്ഇബി ഓഫീസില്‍ ചെന്ന് അന്വേഷിച്ചപ്പോള്‍ 'നിങ്ങള്‍ ഇവിടെ നിന്ന് മാറാന്‍ പോവുന്നതല്ലേ പിന്നെ എന്തിനാണ് വൈദ്യുതി എന്നാണ് ചോദിച്ചതെന്നും ഇവര്‍ പറയുന്നു. ഇതുവരെ വൈദ്യുതി വന്നില്ലെന്ന് മാത്രമല്ല വീടും ലഭിച്ചില്ല.

​ശുചിമുറി ഇല്ല

അംഗനവാടി കെട്ടിടത്തില്‍ ശുചിമുറി ഇല്ല. പകരം ഉപയോഗിക്കുന്നത് തങ്ങളുടെ തകര്‍ന്നു പോയ വീട്ടിലെ പുറത്തുള്ള ഭാഗികമായി തകര്‍ന്ന ശുചിമുറിയാണ്. ഇത് കുറച്ചകലെ ആയതിനാല്‍ രാത്രി കാലങ്ങളില്‍ ശുചിമുറിയില്‍ പോവേണ്ട ആവിശ്യം വന്നാല്‍ രാവിലെ വരെ കാത്തിരിക്കുകയേ ഇവര്‍ക്ക് വഴിയുള്ളൂ. 11മാസപ്രായമുള്ള കുഞ്ഞടക്കം അഞ്ചുകുട്ടികളും 75 വയസ് പ്രായമുള്ള സ്ത്രീയും ഉള്‍പ്പെടെയുള്ള കുടുംബമാണ് ഇവിടെ താമസിക്കുന്നത്. നിലവില്‍ ഇവര്‍ താമസിക്കുന്ന അംഗനവാടി കെട്ടിടവും ഏതു നിമിഷവും തകര്‍ന്ന് വീഴാവുന്ന അവസ്ഥയിലാണ്.

​കെട്ടിടത്തിന് കുഴപ്പമില്ലെന്ന് ഉദ്യോഗസ്ഥർ

ഇക്കാര്യം പഞ്ചായത്തില്‍ അറിയിച്ചപ്പോള്‍ അവിടെ നിന്നു വന്ന ഉദ്യോഗസ്ഥര്‍ കെട്ടിടം പരിശോധിച്ച ശേഷം കെട്ടിടത്തിന് കുഴപ്പമൊന്നുമില്ലെന്നാണ് പറഞ്ഞതെന്നും ഇവര്‍ പറയുന്നു. ഇവിടെ തന്നെ താമസിക്കാം എന്നാണ് ഇവര്‍ പറഞ്ഞത്. പക്ഷെ ഇനി ഒരു ഭാഗ്യ പരീക്ഷണത്തിന് തങ്ങള്‍ തയ്യാറല്ലെന്നും അപകടം സംഭവിച്ചാല്‍ ചെറിയ കുട്ടിയേയും പ്രായമായ സ്ത്രീയെയും കൊണ്ട്എങ്ങനെ രക്ഷപ്പെടുമെന്നൊന്നും ഈ കുടുംബത്തിനറിയില്ല. ഇതുകൊണ്ടുതന്നെ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള അടുത്തുള്ള ഒരു പറമ്പില്‍ താല്‍ക്കാലികമായി ഒരുഷെഡ് കെട്ടിയിട്ടുണ്ട്. തങ്ങളുടെ ദുരിതം മനസിലാക്കിയതോടെയാണ് സ്ഥല ഉടമ ഷെഡ് കെട്ടാന്‍ അനുമതി നല്‍കിയതെന്നും ഈ കുടുംബം പറയുന്നു.

കൊവിഡ് കാലമായതിനാല്‍ ജോലിയുമില്ല

മഴ ശക്തിപ്രാപിക്കും മുമ്പ് ഷെഡിലേക്ക് താമസം മാറ്റാനുള്ള നീക്കത്തിലാണിപ്പോള്‍. ഷെഡില്‍ ഇതിലും ദുരിതം നിറഞ്ഞ ജീവിതമാകുമെങ്കിലും ജീവന്‍ നഷ്ടപ്പെടില്ലെന്ന വിശ്വാസമാണ് ഇവര്‍ക്ക് ആശ്വാസം നല്‍കുന്നത്. സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഒന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ചക്കി പറയുന്നു. 2019ല്‍ പൂര്‍ത്തിയാക്കും എന്ന് പറഞ്ഞ വീട് ഇത് വരെ പകുതി പോലും ആയിട്ടില്ല. ഇനി എത്ര കാലം ഈ ദുരിതത്തില്‍ കഴിയേണ്ടിവരുമെന്നും അറിയില്ലെന്നും ഇവര്‍ പറയുന്നു. മറ്റൊരു ദുരന്തമായി വന്ന കൊവിഡിന്റെ കാലത്തും ഇവര്‍ക്ക് സഹായങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. മിക്കയിടങ്ങളിലും പലസന്നദ്ധ സംഘടനകളുടെ സഹായങ്ങള്‍ എത്തിയെങ്കിലും ഇവിടേക്ക് ആരും തിരിഞ്ഞുനോക്കിയില്ലെന്നും ഈ കുടുംബം പറയുന്നു. കൊറോണ കാരണം ജോലിക്ക് പോകാന്‍ കഴിയാത്തതും ഇവരുടെ ദുരിതം ഇരട്ടിയാക്കിയ അവസ്ഥയിലാണ്.

പ്രളയത്തിൽ വീട് തകർന്നു; ചക്കിയും കുടുംബവും കഴിയുന്ന അംഗനവാടിയും തകർച്ചാഭീഷണിയിൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്