ആപ്പ്ജില്ല

ആര്‍എസ്എസുമായി കൂട്ടുകൂടിയെന്ന് വ്യാജ ശബ്ദരേഖ: പരാതി നൽകി കുഞ്ഞാലിക്കുട്ടി എംപി

മലപ്പുറം ജില്ലാ പോലീസ് മേധാവിക്കാണ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പരാതി നൽകിയത്. വാട്സ്ആപ്പ് ഗ്രൂപ്പുകള്‍, ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ എന്നിവ വഴിയാണ് വ്യാജ ശബ്ദസന്ദേശം പ്രചരിക്കുന്നത്.

Lipi 27 Aug 2020, 9:01 am
മലപ്പുറം: ആര്‍.എസ്.എസുമായി കൂട്ടുകൂടിയെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടിയുടെ വ്യാജ ശബ്ദരേഖ. തന്‍റെ ശബ്ദം അനുകരിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചരണം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പികെ കുഞ്ഞാലിക്കുട്ടി എംപി മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. വാട്സ്ആപ്പ് ഗ്രൂപ്പുകള്‍, ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ എന്നിവയിലൂടെ കുഞ്ഞാലിക്കുട്ടി എംപിയുടെ എന്ന പേരില്‍ വ്യാജ വോയ്സ് ക്ലിപ്പുകളാണ് പ്രചരിപ്പിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.
Samayam Malayalam പി.കെ കുഞ്ഞാലിക്കുട്ടി എംപി
പി.കെ കുഞ്ഞാലിക്കുട്ടി എംപി


Also Read: യുഎഇയിൽ കൊവിഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കാളികളായി മലയാളികൾ; കുത്തിവെപ്പെടുത്തത് മലപ്പുറത്തെ യുവ ദമ്പതികൾ

വ്യാജ പ്രചരണങ്ങളിലൂടെ തന്നേയും തന്റെ പാര്‍ട്ടിയേയും ഇകഴ്ത്തി കാണിക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും പികെ കുഞ്ഞാലിക്കുട്ടി ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ വേഗത്തില്‍ ശക്തമായ നടപടി തന്നെ ഉണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി
യു.അബ്ദുല്‍ കരീം ഉറപ്പു നല്‍കി.

കുഞ്ഞാലിക്കുട്ടിയുടെ ശബ്ദരേഖക്കൊപ്പം പ്രചരിക്കുന്ന ചിത്രം


പ്രചരിക്കുന്ന കുഞ്ഞാലിക്കുട്ടിയുടെ ശബ്ദരേഖ ഇങ്ങിനെയാണ്: 'ഞങ്ങളെ സംബന്ധിച്ചു പറയുകയാണെങ്കില്‍ രാഷ്ട്രീയപരമായിട്ടുള്ള നീക്കുപോക്കുകള്‍ ഞങ്ങള്‍ നടത്തും, അതില്‍ യാതൊരു സംശയവുമില്ല, കാരണം ഇപ്പോഴത്തെ സാഹചര്യം വെച്ച് രാഷ്ട്രീയപരമായിട്ടുള്ള നീക്കുപോക്കുകളില്‍ ആര്‍.എസ്.എസുമായും ബി.ജെ.പിയുമായും സഹകരിച്ചിട്ടുണ്ട്. ഇനിയും സഹകരിക്കും അതില്‍ യാതൊരു സംശയവുമില്ല'. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും ലോക്സഭാ എം.പിയുമായ പികെ കുഞ്ഞാലിക്കുട്ടിയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ശബ്ദസന്ദേശമാണിത്. സമസ്ത ഗ്രൂപ്പില്‍ 'കുഞ്ഞാപ്പ. കോലീബി സഖ്യം വീണ്ടും കേരളത്തില്‍' എന്ന തലക്കെട്ടിലാണ് ഈ ശബ്ദസന്ദേശം വ്യാപകമായി പ്രചരിക്കുന്നത്. എന്നാല്‍ ഇത് തന്റെ ശബ്ദമല്ലെന്നും വ്യാജമാണെന്നും ചൂണ്ടിക്കാട്ടിയാണ് കുഞ്ഞാലിക്കുട്ടി എംപി രംഗത്തുവന്നിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്