ആപ്പ്ജില്ല

55 ലക്ഷത്തിൻ്റെ സ്വർണം ഒളിപ്പിച്ചത് വയറിനുള്ളിൽ, കസ്റ്റംസിനെ വെട്ടിച്ച യുവാവിനെ പൊക്കി പോലീസ്

മലാശയം വഴി വയറിനുള്ളിൽ സ്വർണം ഒളിപ്പിച്ച് ദുബായിൽ നിന്നെത്തിയ യുവാവിനെ പോലീസ് പിടികൂടി. കരിപ്പൂരിൽ വിമാനമിറങ്ങിയ മലപ്പുറം വെട്ടത്തൂര്‍ സ്വദേശി സല്‍മാനുല്‍ ഫാരിസിനെ ആണ് പിടികൂടിയത്.

Samayam Malayalam 11 Oct 2022, 8:16 pm
മലപ്പുറം: വയറിനുള്ളില്‍ സ്വര്‍ണം അടങ്ങിയ നാല് കാപ്‌സ്യൂളുകള്‍ കടത്താന്‍ ശ്രമിച്ച യുവാവ് കരിപ്പൂര്‍ വിമാനത്തവളത്തിന് പുറത്തുവെച്ചു പോലീസിന്റെ പിടിയില്‍. കരിപ്പൂര്‍ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ചു പുറത്തെത്തിച്ച ഒരു കിലോയിലധികം വരുന്ന സ്വര്‍ണമാണ് വിമാനത്തവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടിയത്. ദുബായില്‍നിന്നും സ്വര്‍ണം കടത്തിയ മലപ്പുറം വെട്ടത്തൂര്‍ സ്വദേശി സല്‍മാനുല്‍ ഫാരിസിനെ (24) പോലീസ് കസ്റ്റഡിയിലെടുത്തു.
Samayam Malayalam police caught malappuram youth with gold in karipur airport
55 ലക്ഷത്തിൻ്റെ സ്വർണം ഒളിപ്പിച്ചത് വയറിനുള്ളിൽ, കസ്റ്റംസിനെ വെട്ടിച്ച യുവാവിനെ പൊക്കി പോലീസ്



​ശരീരത്തിനകത്ത് ഒരു കിലോ സ്വര്‍ണം

ശരീരത്തിനകത്ത് 1.075 കിലോ സ്വര്‍ണം മിശ്രിത രൂപത്തിലാക്കി നാലു കാപ്‌സ്യൂളുകളായി ഒളിപ്പിച്ചു കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. ആഭ്യന്തര വിപണിയില്‍ 55 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വര്‍ണത്തിന്. ഇന്നു രാവിലെ എട്ടു മണിക്ക് ദുബായില്‍ നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് സല്‍മാനുല്‍ ഫാരിസ് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്.

കസ്റ്റംസിനെ വെട്ടിച്ച് പുറത്തെത്തി

കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം ഒൻപതു മണിയോടെ വിമാനത്താവളത്തിന് പുറത്തിറങ്ങിയ സല്‍മാനുൽ തന്നെ കൂട്ടാനെത്തിയ ബന്ധുക്കളോടൊപ്പം കാറില്‍ കയറി പുറത്തേക്ക് പോകും വഴിയാണ് സല്‍മാനെ പോലീസ് കസ്റ്റഡിയിലെടുത്തത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സല്‍മാനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കാന്‍ സല്‍മാനുൽ വിസമ്മതിച്ചിരുന്നു.

​എക്സ്റേയില്‍ വയറിനുള്ളില്‍ സ്വര്‍ണം

തുടര്‍ന്ന് ഇയാളുടെ ദേഹവും ലഗേജും പോലീസ് വിശദമായി പരിശോധിച്ചു. എന്നാല്‍ സ്വര്‍ണം കണ്ടെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് സല്‍മാനുലിനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. എക്സ്റേയില്‍ ഇയാളുടെ വയറിനുള്ളില്‍ സ്വര്‍ണം അടങ്ങിയ നാല് കാപ്‌സ്യൂളുകള്‍ കണ്ടെത്തുകയായിരുന്നു. സല്‍മാനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

​പിന്നിലുള്ളലരെ കണ്ടെത്താൻ ശ്രമം

സ്വര്‍ണക്കടത്തിന് പിന്നിലുള്ളലരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കും. അതോടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും സമര്‍പ്പിക്കും. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോലീസ് പിടികൂടുന്ന 64-ാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്