ആപ്പ്ജില്ല

അബ്ദുൽ ജലീലിനെ കൊന്നതെന്തിന്? മുഖ്യപ്രതി യഹിയ കാണാമറയത്ത്; ജില്ല വിട്ടിട്ടില്ലെന്ന് പോലീസ്

ഈ മാസം 19 നാണ് അബ്ദുൽ ജലീലിനെ അബോധാവസ്ഥയിലായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിറ്റേദിവസം പുലർച്ചെ ജലീൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. കേസിലെ മുഖ്യപ്രതി യഹിയ ആണ് ജലീലിനെ ആശുപത്രിയിൽ എത്തിച്ചത്.

Samayam Malayalam 22 May 2022, 5:26 pm
മലപ്പുറം (Malappuram): പ്രവാസിയുടെ കൊലപാതകത്തിൽ മുഖ്യപ്രതി കാണാമറയത്ത്. അഗളി സ്വദേശി അബ്ദുൽ ജലീൽ മർദനമേറ്റു മരിച്ച കേസിലാണ് ഒന്നാം പ്രതി മലപ്പുറം ആക്കപ്പറമ്പ് സ്വദേശി യഹിയയെ പോലീസ് തെരയുന്നത്. ഇയാൾ ജില്ല വിട്ടിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഈ മാസം 19 ന് അബോധാവസ്ഥയിലായ ജലീലിനെ യഹിയ ആണ് കാറിൽ ആശുപത്രിയിൽ എത്തിച്ചത്. പിന്നാലെ ഇയാൾ ആശുപത്രിയിൽ നിന്നു മുങ്ങുകയായിരുന്നു. അബ്ദുൽ ജലീലിനെ യഹിയ ആശുപത്രിയിൽ എത്തിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Samayam Malayalam police searching chief accused yahya in perinthalmanna expat abdul jaleel case
അബ്ദുൽ ജലീലിനെ കൊന്നതെന്തിന്? മുഖ്യപ്രതി യഹിയ കാണാമറയത്ത്; ജില്ല വിട്ടിട്ടില്ലെന്ന് പോലീസ്



​ജലീൽ എത്തിയത് ജിദ്ദയിൽ നിന്ന്

മെയ് 15 നാണ് സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്നും തിരിച്ച അബ്ദുൽ ജലീൽ നെടുമ്പാശേരിയിൽ വിമാനമിറങ്ങിയത്. പെരിന്തൽമണ്ണയിലേക്ക് സുഹൃത്തുക്കൾക്കൊപ്പം എത്താമെന്നും അവിടെയെത്തി കൂട്ടിക്കൊണ്ടുപോയാൽ മതിയെന്നും ജലീൽ കുടുംബത്തെ അറിയിച്ചിരുന്നു. ഇതനുസരിച്ച് പെരിന്തൽമണ്ണയിലെത്തി കുടുംബാംഗങ്ങൾ കാത്തുനിന്നെങ്കിലും ജലീൽ എത്തിയില്ല. പെരിന്തൽമണ്ണയിൽ എത്താൻ വൈകുമെന്നും കാത്തുനിൽക്കേണ്ടെന്നും കുറച്ചുകഴിഞ്ഞ് ജലീൽ കുടുംബത്തെ വിളിച്ചറിയിച്ചു. ഇതോടെ കുടുംബം പെരിന്തൽമണ്ണയിൽ നിന്നും മടങ്ങി.

​പോലീസിനെ അറിയിച്ചു, പരാതി പിൻവലിക്കാൻ കോൾ

പിറ്റേദിവസം രാവിലെയായിട്ടും ജലീൽ എത്താതായതോടെ ദൂരൂഹത തോന്നിയ കുടുംബം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെ കുടുംബത്തെ ഫോണിൽ ബന്ധപ്പെട്ട ജലീൽ പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടു. പിന്നീട് ജലീൽ ആശുപത്രിയിൽ ആണെന്ന വിവരമാണ് കുടുംബാംഗങ്ങൾ അറിയുന്നത്. 20 ന് പുലർച്ചെ ജലീൽ മരണത്തിനു കീഴടങ്ങുകയായിരുന്നു.

​ജലീലിൻ്റെ കൈവശം ഒന്നേകാൽ കിലോയോളം സ്വർണം

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ അബ്ദുൽ ജലീലിൻ്റെ മരണം സ്വർണക്കടത്തുമായി ബന്ധപ്പെട്ടാണെന്നു വ്യക്തമാകുകയായിരുന്നു. സ്വർണക്കടത്തിലെ ക്യാരിയർ ആണ് ജലീലെന്ന് പോലീസ് അറിയിച്ചു. ഗൾഫിൽ നിന്ന് വന്ന അബ്ദുൽ ജലീലിൻ്റെ കൈവശം ഏകദേശം ഒന്നേകാൽ കിലോയോളം സ്വർണം കൊടുത്തയിച്ചിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ അപ്പാർട്ട്മെൻ്റിൽ ജലീലിനെ എത്തിച്ച് പരിശോധിച്ചെങ്കിലും സംഘത്തിന് സ്വർണം കണ്ടെത്താനായില്ല. ജലീൽ സ്വർണം മറിച്ചുവെന്ന സംശയത്തിൽ മർദിക്കുകയായിരുന്നു. ആക്കപ്പറമ്പിലെ മൈതാനത്ത് എത്തിച്ചും മർദിച്ചു. പെരിന്തൽമണ്ണയിലെ അപ്പാർട്ട്മെൻ്റ്, പൂപ്പലത്തെ വീട് എന്നിവിടങ്ങളിൽ ജലീലിനെ എത്തിച്ച് മർദനം തുടർന്നു.

​മരണകാരണം തലയ്‍ക്കേറ്റ ഗുരുതര പരിക്ക്

ശരീരത്തിലാകെ മുറിവുകളും തോളിനു സമീപം ചതവും രക്തം കട്ടപിടിച്ച നിലയിൽ പാടുകളും കണ്ടെത്തിയിരുന്നു. തലയ്‍ക്കേറ്റ ഗുരുതര പരിക്കാണ് ജലീലിൻ്റെ മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. നിലവിൽ കേസുമായി ബന്ധപ്പെട്ട് അഞ്ചുപേരാണ് പിടയിലായത്. ഇവരിൽ മൂന്നുപേർ മർദനത്തിൽ നേരിട്ടു പങ്കെടുത്തവരാണ്.

​ക്രൂരമർദനം, ജലീലിൻ്റെ ബോധം പോയി

ക്രൂരമർദനമേറ്റതോടെ ജലീൽ അബോധാവസ്ഥയിലായി. ഇത് കണ്ട് വിരണ്ട പ്രതികൾ നഴ്സിങ് അസിസ്റ്റൻ്റുമാരെ വീട്ടിലെത്തിച്ച് ജലീലിനു മരുന്ന് നൽകി. എന്നാൽ ആരോഗ്യനില വഷളായതോടെ 19 ന് രാവിലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ജലീലിനെ എത്തിച്ച് പ്രതികൾ മുങ്ങുകയായിരുന്നു. അവശനിലയിൽ വഴിയിൽ കിടക്കുന്നതു കണ്ട് എത്തിച്ചതാണെന്നായിരുന്നു യഹിയ ആശുപത്രിക്കാരോട് പറഞ്ഞത്. ആശുപത്രിയിൽ എത്തിക്കുന്ന സമയം ജലീൽ അബോധാവസ്ഥയിലായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്