ആപ്പ്ജില്ല

നഗരസഭയിൽ ജയ് ശ്രീറാം ബാനർ ഉയർത്തിയ കേസിലെ പ്രതിക്ക് ജാമ്യം; ഷാൾ അണിയിച്ച് ബിജെപി നേതാവ്

നഗരസഭയിൽ ബാനർ ഉയർത്തിയതിന് പിന്നാലെ പാലക്കാട് കേരളത്തിന്‍റെ ഗജരത്താണെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ പറഞ്ഞിരുന്നു

Lipi 24 Dec 2020, 12:47 pm
പാലക്കാട്: നഗരസഭയിലെ ജയ്ശ്രീറാം ബാനര്‍ വിവാദത്തില്‍ അറസ്റ്റിലായ പ്രതിയെ അനുമോദിച്ച് ബിജെപി നേതാവ്. ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റും മുന്‍ ദേശീയ കൗണ്‍സില്‍ അംഗവുമായ എന്‍ ശിവരാജനാണ് പ്രതിയെ വീട്ടിലെത്തി ഷാള്‍ അണിയിച്ചത്. ജാമ്യത്തിലിറങ്ങിയ യുവമോര്‍ച്ച നേതാവ് ലിനീഷിനെയാണ് നഗരസഭാ കൗണ്‍സിലര്‍ കൂടിയായ നേതാവിന്റെ അനുമോദനം. പാലക്കാട് നഗരസഭയിലെ വിവാദനീക്കങ്ങളില്‍ നിന്ന് ബിജെപി പിന്നോട്ടില്ലെന്ന സൂചനയാണിത്. വോട്ടെണ്ണല്‍ ദിനത്തിലാണ് വിജയാഘോഷത്തിനിടെ നഗരസഭാ കെട്ടിടത്തിന് മുകളില്‍ ഹിന്ദു മതചിഹ്നങ്ങള്‍ ആലേഖനം ചെയ്ത ജയ് ശ്രീറാം ബാനര്‍ ഉയര്‍ത്തിയത്.
Samayam Malayalam sivaraj lineesh
ജാമ്യം കിട്ടിയ പ്രതിയെ അനുമോദിച്ച് നേതാവ്


നെല്ലിയാമ്പതിയില്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണം; മാന്‍പാറ പോലെ സീതാര്‍കുണ്ടും ഇനി കാണാനാവില്ല

എന്‍ ശിവരാജന്‍, സി കൃഷ്ണകുമാര്‍, ഇ കൃഷ്ണദാസ് തുടങ്ങിയ നേതാക്കള്‍ നഗരസഭയിലുള്ളപ്പോഴായിരുന്നു പ്രവര്‍ത്തകര്‍ നിയമം കയ്യിലെടുത്തത്. പിന്നാലെ സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ കേരളത്തിലെ ഗുജറാത്താണ് പാലക്കാടെന്ന് അവകാശപ്പെട്ടിരുന്നു. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയും ബിജെപി കൗണ്‍സിലര്‍മാര്‍ ജയ് ശ്രീറാം മുദ്രാവാക്യമുയര്‍ത്തിയിരുന്നു. വിദ്വേഷ ബാനര്‍ ഉയര്‍ത്തിയ സംഭവത്തില്‍ ഐപിസി 153 അനുസരിച്ചാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകരായ നാലുപേരെ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവില്‍ക്കഴിയുകയായിരുന്ന പാലക്കാട് വടക്കന്തട സ്വദേശി ലിനീഷ്, പട്ടിക്കര സ്വദേശി ദാസന്‍, കൊപ്പം സ്വദേശികളായ ബിജു, ഉണ്ണികൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയും ചെയ്തു. തുടര്‍ന്നാണ് എന്‍ ശിവരാജന്റെ വിവാദ നടപടി. ഭരണഘടനയെയും മതനിരപേക്ഷതയെയും വെല്ലുവിളിയ്ക്കുന്ന സമീപനങ്ങളുമായി നേതാക്കള്‍ത്തന്നെ രംഗത്തെത്തുന്നത് ദൂരവ്യാപക അപകടങ്ങളുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് നഗരസഭാംഗം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്