ആപ്പ്ജില്ല

സ്പിരിറ്റ് മാഫിയയുടെ മാത്രമല്ല, അഴിമതിക്കാരുടെയും കണ്ണിലെ കരടായി; മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയ എക്സൈസ് ഉദ്യോഗസ്ഥനെ ഒതുക്കി

പാലക്കാട് പ്രമാദമായ സ്പിരിറ്റ് വേട്ടകള്‍ക്ക് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥന് സസ്പെൻഷൻ. എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ നിന്ന് പണം പിടിച്ചെടുത്ത സംഭവത്തിലാണ് ഈ ഓഫീസുമായി യാതൊരു ബന്ധവുമില്ലാത്ത ഉദ്യോഗസ്ഥനെയും സസ്പെൻഡ് ചെയ്തത്.

guest Ramesh-N | Lipi 2 Jun 2022, 5:05 pm

ഹൈലൈറ്റ്:

  • എക്സൈസ് ഉദ്യോഗസ്ഥൻ്റെ സസ്പെൻഷനെതിരെ ആക്ഷേപം.
  • പാലക്കാട് ഐബി ഓഫീസിലെ ഉദ്യോഗസ്ഥനെയാണ് സസ്പെൻഡ് ചെയ്തത്.
  • പ്രമാദമായ സ്പിരിറ്റ് വേട്ടകള്‍ക്ക് ഉദ്യോഗസ്ഥൻ നേതൃത്വം കൊടുത്തിട്ടുണ്ട്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Palakkad Excise Officer Suspension
പ്രതീകാത്മക ചിത്രം
പാലക്കാട് (Palakkad): കേരളത്തിലും പുറത്തും പ്രമാദമായ സ്പിരിറ്റ് വേട്ടകള്‍ക്ക് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് എക്‌സൈസ് വകുപ്പ്. പാലക്കാട് എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്ത സംഭവത്തിലാണ് ഈ ഓഫീസുമായി യാതൊരു ബന്ധവുമില്ലാത്ത ഉദ്യോഗസ്ഥനെയും നടപടി പട്ടികയിലേക്ക് തിരുകി കയറ്റിയത്.
കഴിഞ്ഞമാസം 16 നാണ് വിജിലന്‍സ് ഡിവൈഎസ്പി എം ഗംഗാധരന്റെ നേതൃത്വത്തില്‍ എക്‌സൈസിന്റെ മാമൂല്‍ പണം പിടിച്ചത്. എക്‌സൈസ് ഡിവിഷന്‍ ഓഫീസ് അറ്റന്‍ഡന്റിനെ കൈയില്‍ നിന്നും 2,24,000 രൂപയും കള്ളുകടത്ത് കരാറുകാരന്റെ കാറിന്റെ ഡാഷ്‌ബോര്‍ഡില്‍ നിന്ന് 7,99,600 രൂപയുമാണ് പിടികൂടിയത്. സംസ്ഥാനത്തിന്റെ ഒട്ടുമിക്ക ജില്ലകളിലേക്കുമുള്ള കള്ള് കൊണ്ടുപോകുന്നത് ചിറ്റൂര്‍ മേഖല കേന്ദ്രീകരിച്ചാണ്. ചിറ്റൂര്‍ മേഖലയിലെ തെങ്ങിന്‍ തോപ്പുകളില്‍ വൃക്ഷക്കരം അടച്ചും അന്തര്‍ജില്ലാ കള്ളുകടത്ത് പെര്‍മിറ്റ് നേടിയുമാണ് കള്ള് കൊണ്ടുപോകാന്‍ അനുമതി ലഭിക്കുക. പാലക്കാടിന് പുറമെ സംസ്ഥാനത്തെ പത്തോളം ജില്ലകളിലേക്കുള്ള കള്ള് കൊണ്ടുപോകുന്നത് ചിറ്റൂരില്‍ നിന്നാണ്. അത്രയും ഷാപ്പുകളില്‍ വില്‍ക്കാനുള്ള കള്ള് ചിറ്റൂരില്‍ യഥാര്‍ഥത്തില്‍ ഉത്പാദിപ്പിക്കുന്നുണ്ടോ എന്നത് സംശയമാണ്. മിക്കവാറും തോപ്പുകളും കേന്ദ്രീകരിച്ച് സ്പിരിറ്റ് ചേര്‍ത്തുള്ള വ്യാജ കള്ളാണ് വിതരണത്തിന് കൊണ്ടുപോകുന്നത്. സംസ്ഥാനത്തേക്കുള്ള സ്പിരിറ്റ് കടത്തില്‍ നല്ലൊരു പങ്കും വ്യാജ കള്ള് നിര്‍മാണത്തിനാണ്.

വമ്പന്‍ പദ്ധതിയുണ്ടെങ്കിലും കുടിവെള്ളം കിട്ടില്ല, മുടങ്ങാതെയെത്തുന്നത് ബില്‍ മാത്രം, പ്രതിഷേധം

പാലക്കാട് എക്‌സൈസ് ഐബിയിലെ ഒരു ഉദ്യോഗസ്ഥനാണ് കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ പ്രമാദമായ സ്പിരിറ്റുകടത്തുകളെല്ലാം പിടികൂടിയതിന് നേതൃത്വം നല്‍കിയത്. 13 എക്‌സൈസ് ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഷനിലായ അണയ്ക്കപ്പാറയിലെ സ്പിരിറ്റ് വേട്ടയാണ് ഇതില്‍ പ്രധാനം. എക്‌സൈസ് സ്റ്റേറ്റ് സ്‌ക്വാഡും പങ്കെടുത്ത വിപുലമായ റെയ്ഡിലാണ് അണയ്ക്കപ്പാറയിലെ രഹസ്യ ഗോഡൗണില്‍ നിന്നും സ്പിരിറ്റും സ്പിരിറ്റ് ചേര്‍ത്ത കള്ളും പിടിച്ചെടുത്തത്. എക്‌സൈസ് ഐബി ഉദ്യോഗസ്ഥനും സ്‌റ്റേറ്റ് സ്‌ക്വാഡ് സംഘവും അവിടെ പരിശോധനക്ക് എത്തുമ്പോള്‍ കള്ളില്‍ സ്പിരിറ്റ് കലക്കുകയായിരുന്നു. അവിടെ നിന്നും പിടിച്ചെടുത്ത മാസപ്പടി ഡയറിയുടെ അടിസ്ഥാനത്തില്‍ 13 ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അതില്‍പ്പിന്നെ ഐബിയിലെ ഉദ്യോഗസ്ഥന്‍ സ്പിരിറ്റ് മാഫിയയുടെ മാത്രമല്ല, എക്‌സൈസിലെ അഴിമതിക്കാരുടെയും കണ്ണിലെ കരടായി.

നിരന്തരമായി ഭീഷണിക്കത്തുകളും അസഭ്യവര്‍ഷവും ഇദ്ദേഹം നേരിട്ടുവരികയായിരുന്നു. അതിനിടെയാണ് കള്ളുകടത്ത് പെര്‍മിറ്റുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാനെത്തിച്ച പണം വിജിലന്‍സ് പിടിച്ചെടുത്തതിന്റെ മറപറ്റി ഇയാളെയും സസ്‌പെന്‍ഡ് ചെയ്തത്. പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഉള്‍പ്പെടെ 14 പേരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ പട്ടികയിലേക്ക് വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത ഐബി ഓഫീസിലെ ഉദ്യോഗസ്ഥനെ തിരുകികയറ്റിയതായാണ് ആക്ഷേപം. പണമിടപാടുമായി ഇയാള്‍ക്ക് ബന്ധമില്ലെന്ന് ഉറപ്പുള്ളതിനാലും അത് തെളിയിക്കാന്‍ കഴിയില്ലെന്ന് അറിയാവുന്നതിനാലും ജാഗ്രതകുറവുണ്ടായി എന്ന കാരണം കാണിച്ചാണ് സ്പിരിറ്റ് വേട്ടയില്‍ മികവ് തെളിയിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്. ഇതിനു പിന്നില്‍ ഭരണകക്ഷിയിലെ ഒരു നേതാവിന്റെയും സ്പിരിറ്റ് മാഫിയയുടെയും സ്വാധീനമാണെന്ന് പറയപ്പെടുന്നുണ്ട്.

മീൻ പിടിയ്ക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവ് മുങ്ങി മരിച്ചു

കഴിഞ്ഞ മൂന്നുവര്‍ഷമായി പാലക്കാടും തമിഴ്‌നാടും കേന്ദ്രീകരിച്ച് വന്‍തോതില്‍ സ്പിരിറ്റ് വേട്ട നടത്തി വരുന്ന ഉദ്യോഗസ്ഥനാണിയാള്‍. ഇദ്ദേഹം ഐബിയില്‍ ചുമതലയേറ്റതിനു ശേഷം 15 സ്പിരിറ്റ് കേസുകളെടുത്തു. ആലത്തൂരും വണ്ണാമടയിലും രണ്ടുവീതവും തൃത്താല, ഒറ്റപ്പാലം, തത്തമംഗലം, പാലക്കാട് നഗരത്തില്‍ പാലന ആശുപത്രിക്ക് സമീപവുമായും സ്പിരിറ്റ് പിടികൂടി. ഇക്കാലയളവില്‍ ഇതുമാത്രമാണ് പാലക്കാട് ജില്ലയില്‍ എക്‌സൈസ് പിടികൂടിയ സ്പിരിറ്റ് കേസുകള്‍. കഴിഞ്ഞമാസം വണ്ണാമടയില്‍ നിന്നും 1050 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയതാണ് ഒടുവിലത്തേത്. കേരളത്തിലേക്ക് കടത്താനായി സൂക്ഷിച്ചിരുന്ന തിരുപ്പൂര്‍, സേലം, പൊള്ളാച്ചി, ചെന്നൈക്ക് അടുത്തുള്ള തിരുവള്ളൂര്‍ എന്നിവിടങ്ങളിലെ വന്‍ സ്പിരിറ്റ് ഗോഡൗണുകള്‍ കണ്ടെത്തിയതും ഇതേ ഉദ്യോഗസ്ഥനാണ്. മലയാളികള്‍ അടങ്ങുന്ന സംഘമാണ് തമിഴ്‌നാട്ടില്‍ സ്പിരിറ്റ് ഗോഡൗണുകള്‍ നിയന്ത്രിച്ചിരുന്നത്.

പണം പിടികൂടിയ സംഭവത്തില്‍ കേസെടുത്ത വിജിലന്‍സിൻ്റെ റിപ്പോര്‍ട്ടുപോലും വാങ്ങാതെയാണ് സത്യസന്ധനായി വിജിലന്‍സ് പോലും സമ്മതിക്കുന്ന ഈ ഉദ്യോഗസ്ഥനെതിരെ എക്‌സൈസിലെ നടപടിയെന്നാണ് പറയുന്നത്. കള്ളുകടത്ത് പെര്‍മിറ്റുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാനെത്തിയ പണമാണ് പിടിച്ചെടുത്തതെന്ന് പറയുന്നു. വാഹനത്തില്‍ തൃശൂര്‍ ജില്ലയിലെ രണ്ടു റേഞ്ചുകളിലെ കരാറുകാരാണ് ഉണ്ടായിരുന്നത്. ഇവരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നവരെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിട്ടും സ്പിരിറ്റ് വേട്ടക്കാരനായ ഉദ്യോഗസ്ഥനെ ബലിയാടാക്കുകയായിരുന്നു. മികച്ച സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയ ഉദ്യോഗസ്ഥനാണിയാള്‍.

പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ


Topic: Palakkad News, Palakkad Excise Officer Suspension, Palakkad Excise

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്