ആപ്പ്ജില്ല

അവസാന രോഗിയുടെ പരിശോധനാ ഫലം നെഗറ്റീവ്; പാലക്കാട് ജില്ലയും കൊവിഡ് മുക്തമാകുന്നു

പാലക്കാട് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന അവസാന രോഗിയുടെ സാംപിൾ പരിശോധനാ ഫലം തുടർച്ചയായി രണ്ടു തവണ നെഗറ്റീവ് ആയി. ജില്ല ഉടൻ കൊവിഡ് മുക്തമാകും.

Samayam Malayalam 10 May 2020, 6:22 pm
പാലക്കാട്: പാലക്കാട് ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന ഏക കൊവിഡ്‌-19 ബാധിതനായ കുഴൽമന്ദം സ്വദേശിയുടെ (30) സാംപിൾ പരിശോധനാ ഫലം തുടർച്ചയായി രണ്ടു തവണ നെഗറ്റീവ് ആയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ കെ പി റീത്ത അറിയിച്ചു. ഇദ്ദേഹം ആശുപത്രി വിടുന്നത് സംബന്ധിച്ച് നാളെ വിദഗ്ദ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് തീരുമാനിക്കും.
Samayam Malayalam Palakkad


ഏപ്രിൽ 21നാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ശേഷം അഞ്ചു തവണ അദ്ദേഹത്തിന് സാംപിൾ പരിശോധന നടത്തേണ്ടി വന്നിരുന്നു. ഇതിൽ ആദ്യ ഫലം നെഗറ്റീവും പിന്നീട് രണ്ടു തവണ പോസിറ്റീവും ആയിരുന്നു. ശേഷം നടത്തിയ രണ്ട് പരിശോധനകളാണ് നെഗറ്റീവായത്. ഇദ്ദേഹത്തിൻ്റെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള 13 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്നും നേരത്തെ സ്ഥിരീകരിച്ചിരുന്നു.

Also Read: സമൂഹമാധ്യമങ്ങളിലെ കളിയാക്കൽ; ആദ്യം സിം കാർഡ് വേണ്ടെന്ന് പ്രവാസികൾ: പിന്നീട് ചോദിച്ച് വാങ്ങി

അതേസമയം പ്രവാസികളും ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരും തിരിച്ചെത്തി തുടങ്ങിയതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വര്‍ധിച്ചു. കൊവിഡ്-19 ന്റെ ആദ്യഘട്ടത്തില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 25000 ത്തിന് മുകളില്‍ പോയിരുന്നെങ്കിലും ഈമാസം ആദ്യം അത് രണ്ടായിരത്തില്‍ താഴേക്ക് ചുരുങ്ങിയിരുന്നു. നിലവില്‍ ജില്ലയില്‍ 5169 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 5137 പേര്‍ വീടുകളിലാണ്. 32 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും ഒരാള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും മൂന്ന് പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രികളിലുമുണ്ട്. നിലവില്‍ ഒരു രോഗബാധിതന്‍ മാത്രമാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.

അതിനിടെ കൊവിഡ് പോസിറ്റീവായ വ്യക്തി സന്ദര്‍ശിച്ച കാവശ്ശേരിയിലെ മൂന്നുവീടുകളിലെ പത്ത് പേരെ നിരീക്ഷണത്തിലാക്കി. വെള്ളിയാഴ്ച്ച എറണാകുളത്ത് കൊവിഡ് പോസിറ്റീവായ വ്യക്തിയാണ് മെയ് ആറിന് കാവശ്ശേരിയിലുള്ള ബന്ധുവീടുകളില്‍ സൗഹൃദസന്ദര്‍ശനം നടത്തിയത്. ചെന്നൈയില്‍ നിന്ന് വന്ന ഇയാള്‍ വൃക്കരോഗി കൂടിയാണ്. വാളയാര്‍ ചെക്ക്പോസ്റ്റ് വഴി കടന്നുവന്ന റെഡ് സോണ്‍ യാത്രക്കാരനായിട്ടും ഇയാള്‍ ബന്ധുവീടുകളില്‍ സന്ദര്‍ശനത്തിന് എത്തിയത് വീഴ്ചയായി.

Also Read: ഒറ്റക്കെട്ടായി അതിജീവിക്കാം... മോഹൻലാൽ റിലീസ് ചെയ്ത ഹ്രസ്വചിത്രം വൈറലാകുന്നു, വീഡിയോ

വാളയാറില്‍ നിന്നും പോകുന്ന വഴിയാണ് ഇയാള്‍ കാവശ്ശേരിയിലെത്തിയത്. മരണാനന്തര ചടങ്ങിലും അടുത്ത ബന്ധുവീട്ടില്‍ കുട്ടിയുടെ പേരിടല്‍ ചടങ്ങിനും വരാന്‍ കഴിയാത്ത സ്ഥലത്തും ഇയാള്‍ സന്ദര്‍ശനം നടത്തിയിരുന്നു. റെഡ് സോണില്‍ നിന്നുള്ള ഇയാളെ പാലക്കാട് ചെമ്പൈ സംഗീത കോളേജിലെ സ്‌ക്രീനിംഗിനു ശേഷമാണ് എറണാകുളത്തേക്ക് അയച്ചത്. എറണാകുളത്തേക്കുള്ള യാത്രക്കിടെയാണ് ഇയാള്‍ ബന്ധുവീടുകളില്‍ കയറി പോയത്.

റെഡ് സോണുകളില്‍ നിന്നും സ്വന്തം വാഹനങ്ങളില്‍ എത്തുന്നവര്‍ പരിശോധന കേന്ദ്രം വിട്ടാല്‍ നേരെ വീട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയുന്നുണ്ടോ എന്ന് ഉറപ്പിക്കാന്‍ സംവിധാനമില്ല. പലരും രോഗമില്ലെന്ന കാരണം പറഞ്ഞ് പുറത്തിറങ്ങുകയാണ്. കടകളും മറ്റ് സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ എത്തുന്നവര്‍ നിര്‍ബാധം റോഡിലിറങ്ങി നടക്കുന്നതും ബന്ധു-സുഹൃത്ത് വീടുകളില്‍ എത്തുന്നതും രോഗവ്യാപനത്തിന് കാരണമാകുമെന്ന് ആശങ്കയുണ്ട്.

Also Read: ചാർട്ടേഡ് ഫ്ളൈറ്റിൽ കേരളത്തിൽ നിന്ന് നഴ്‌സുമാരെ എത്തിച്ച് ദുബായ് സർക്കാർ

കാവശ്ശേരിയിലെ മൂന്ന് വീടുകള്‍ പൂര്‍ണമായും നിരീക്ഷണത്തിലാക്കിയതായി കാവശ്ശേരി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പറഞ്ഞു. അവര്‍ക്കാവശ്യമായ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത വാര്‍ഡ് തല നിരീക്ഷണ സമിതി ഉറപ്പാക്കും. ഇവരെ ഇന്ന് ജില്ലാ ആശുപത്രിയിലെ കോവിഡ് കെയര്‍ സെന്ററിലെത്തിച്ച് സ്രവ പരിശോധന നടത്തുമെന്ന് ജില്ലാ നോഡല്‍ ഓഫീസര്‍ അറിയിച്ചു. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലാണ് പത്ത് പേരെയും ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്