ആപ്പ്ജില്ല

15,000 സ്ഥാപനങ്ങളുടെ മാലിന്യം എവിടെ? പാലക്കാട് നഗരസഭ പരിശോധിക്കുന്നു, വീഡിയോ

മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കണക്കെടുപ്പുമായി പാലക്കാട് നഗരസഭ. ജൈവമാലിന്യങ്ങളും അജൈവ മാലിന്യങ്ങളും ഹരിത കര്‍മസേനയ്ക്കാണ് നല്‍കേണ്ടത്. എന്നാല്‍ നഗരസഭയുടെ കണക്ക് പ്രകാരം 15000 ഓളം കെട്ടിടങ്ങളില് നിന്ന് മാലിന്യ നല്‍കുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ നടപടിയിലേക്ക് കടക്കാനാണ് നഗരസഭയുടെ നീക്കം.

Lipi 19 Sept 2021, 11:26 pm

ഹൈലൈറ്റ്:

  • മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണാന്‍ പാലക്കാട് നഗരസഭ
  • പ്രശ്‌ന പരിഹാരത്തിന് കണക്കെടുപ്പ്
  • 15000 ഓളം കെട്ടിടങ്ങളില്‍ നിന്ന് മാലിന്യം ലഭിക്കുന്നില്ലെന്ന് കണ്ടെത്തല്‍
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!

പാലക്കാട്: മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ പുതിയ കണക്കെടുപ്പുമായി പാലക്കാട് നഗരസഭ. നിലവിലെ വ്യവസ്ഥപ്രകാരം വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള മാലിന്യം ഹരിതകര്‍മ്മ സേനയ്ക്കാണ് കൈമാറേണ്ടത്. ജൈവമാലിന്യങ്ങളും അജൈവ മാലിന്യങ്ങളും സ്വീകരിക്കുന്നതിന് ഓരോ കെട്ടിട ഉടമയും ഹരിതകര്‍മ്മസേനക്ക് നല്‍കേണ്ടത് മാസം 150 രൂപയാണ്. അജൈവമാലിന്യം മാത്രം നല്‍കാന്‍ മാസം 100 രൂപയും. ഉറവിട മാലിന്യസംസ്‌കരണ ഉപാധികള്‍ സ്ഥാപിച്ചവരാണ് അജൈവമാലിന്യം മാത്രം നല്‍കുന്നത്.
എന്നാല്‍ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ കണക്കെടുപ്പില്‍ ഇതുവരെ 15000 ഓളം കെട്ടിടങ്ങള്‍ മാലിന്യം നല്‍കാത്തതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി. സ്മിതേഷ് സമയം മലയാളത്തോട് പറഞ്ഞു. ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായാണ് ഇവര്‍ക്ക് മാലിന്യം നല്‍കാത്തവരുടെ പട്ടിക തയ്യാറാക്കുന്ന പ്രവര്‍ത്തി ആരംഭിച്ചത്. നഗരസഭയിലെ ഓരോ ഹെല്‍ത്ത് ഡിവിഷനും കേന്ദ്രീകരിച്ച് വാണിജ്യ സ്ഥാപനങ്ങളുടെയും, വീടുകളുടെയും വേര്‍തിരിച്ചാണ് കണക്ക് എടുത്തത്. കഴിഞ്ഞ ഒരു മാസമായി തുടര്‍ന്ന് വരുന്ന പരിശോധനയിലാണ് ഹരിത കര്‍മ്മ സേനയ്ക്കു മാലിന്യം നല്‍കാത്ത 15,000 കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്.

കാക്കി കുപ്പായങ്ങളുടെ സ്‌പെഷലിസ്റ്റ്... ഈ ചക്രങ്ങളാണ് സുരേഷിന്‍റെ ജീവിത താളം, വീഡിയോ കാണാം

ഇവരുടെ പേര്, കെട്ടിടനമ്പര്‍, ഫോണ്‍നമ്പര്‍ തുടങ്ങിയവ നഗരസഭ ശേഖരിച്ചിട്ടുണ്ട്. ഇവരെകൂടി നഗരസഭയുടെ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രക്രിയയുടെ ഭാഗമാക്കുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് സ്മിതേഷ് പറഞ്ഞു. നഗരസഭയ്ക്ക് കീഴില്‍ വരുന്ന 61,000 ത്തില്‍ അധികം കെട്ടിടങ്ങളിലാണ് ഇതിനകം പരിശോധന പൂര്‍ത്തിയാക്കിയത്. മാലിന്യം പൊതുഇടങ്ങളില്‍ വലിച്ചെറിയുന്നത് തടയാനാണ് ലക്ഷ്യമിടുന്നത്. ഓരോ കെട്ടിടത്തില്‍ നിന്നും മാലിന്യം ഹരിത കര്‍മസേനയ്ക്ക് കൈമാറിയാല്‍ പൊതുഇടങ്ങളില്‍ വലിച്ചെറിയുന്ന മാലിന്യം കുറയുമെന്നാണ് കരുതുന്നത്. ഓരോ കെട്ടിടവും മാലിന്യം ഹരിതകര്‍മ്മ സേനയ്ക്ക് കൈമാറണമെന്നും അതിന് തയ്യാറാകാത്തവര്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദേശമുണ്ട്.

ശുചിത്വ നഗരം സുന്ദര നഗരം എന്ന ആക്ഷന്‍ പ്ലാന്‍ മുന്‍നിര്‍ത്തിയാണ് നഗരസഭ ആരോഗ്യവിഭാഗം പ്രവര്‍ത്തിക്കുന്നതെന്നും സ്മിതേഷ് പറഞ്ഞു. മാലിന്യ ശേഖരണവും നിര്‍മാര്‍ജനവുമാണ് ലക്ഷ്യം. ഇതുമായി നഗരവാസികളെയെല്ലാം സഹകരിപ്പിക്കാന്‍ 27 ന് വീടുകള്‍ തോറും കയറാനും പദ്ധതിയുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്