ആപ്പ്ജില്ല

കുഴികളും കുറേ പാറകഷ്ണങ്ങളും! ഇത് കല്‍മണ്ഡപത്തെ ദേശീയപാത

പാലക്കാട് കല്‍മണ്ഡപത്തിലൂടെയുള്ള യാത്ര ബുദ്ധിമുട്ടേറുന്നു. കൽമണ്ഡപത്തിലൂടെയുള്ള ദേശീയപാതയിൽ കുഴികളും പാറകഷ്ണങ്ങളും നിറഞ്ഞതോടെയാണ് യാത്ര ദുഷ്കരമായിരിക്കുന്നത്.

Lipi 13 Oct 2020, 11:39 pm
പാലക്കാട്: കുറേ കുഴികളും അതില്‍ കുറേ പാറകഷ്ണങ്ങളും നിറഞ്ഞു കിടക്കുന്ന ഒരു ജംഗ്ഷനുണ്ട് പാലക്കാട് നഗരത്തില്‍. പേര് കല്‍മണ്ഡപം. വേറും ഒരു സാധാരണ റോഡ് ജംഗ്ഷനാണെന്ന് കരുതല്ലേ. വാളയാര്‍-തൃശൂര്‍, കോഴിക്കോട്-പാലക്കാട് ദേശീയപാതകള്‍ സംഗമിക്കുന്ന സ്ഥലമാണിത്. അതായത് രാപകല്‍ വ്യത്യാസമില്ലാതെ നൂറുകണക്കിന് ചരക്ക്-യാത്രാ വാഹനങ്ങള്‍ കടന്നുപോകുന്ന സ്ഥലം.
Samayam Malayalam Kalmandapam NH 966
കല്‍മണ്ഡപത്തെ ദേശീയപാത


Also Read: ഗവ: പ്രസില്‍ മെഷര്‍മെൻ്റ് ബുക്കുകള്‍ അപ്രത്യക്ഷമായി; വിവരം രേഖപ്പെടുത്തിയ ഫയലും മുങ്ങി! വകുപ്പുതല അന്വേഷണം

ശേഖരീപുരം-കല്‍മണ്ഡപം ബൈപാസാണ് കോഴിക്കോട് ദേശീയപാതയെ വാളയാര്‍ ദേശീയപാതയുമായി ബന്ധിപ്പിക്കുന്നത്. ഇതില്‍ ബൈപാസ് തുടങ്ങുന്ന സ്ഥലത്താണ് പാതാളകുഴികള്‍ നിറഞ്ഞു കിടക്കുന്നത്. വാളയാര്‍ ദേശീയപാതയിലൂടെയും ശേഖരീപുരം ബൈപാസിലൂടെയും വരുന്നവര്‍ കല്‍മണ്ഡപത്തെത്തുമ്പോള്‍ പാതയുടെ അവസ്ഥകണ്ട് മൂക്കില്‍ വിരല്‍വയ്ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ജംഗ്ഷനില്‍ എല്ലാ ഭാഗത്തും ടാറിങും മെറ്റലും അടര്‍ന്നുപോയി തുരുതുരെ കുഴിയാണ്. കുഴിയുടെ ആഴം കുറയ്ക്കാന്‍ നിറച്ച ക്വാറി വേസ്റ്റ് മഴയില്‍ പോയതോടെ ബാക്കിയായത് പാറകഷ്ണങ്ങളാണ്. ഇത് ചെറിയ വാഹനങ്ങള്‍ക്ക അപകട കെണിയാവുന്നുണ്ട്. വാഹനങ്ങള്‍ കുഴി ഒഴിവാക്കാന്‍ എതിര്‍വശത്തേക്ക് കയറിപോകുന്ന സ്ഥിതിയുമുണ്ട്. ഇത് ഗതാഗത കുരുക്കിനും കാരണമാകുന്നു.


Also Read: വിനോദസഞ്ചാരികള്‍ക്ക് സ്വാഗതം... പാലക്കാട്ടെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറക്കുന്നു, കാഞ്ഞിരപ്പുഴയിലും മലമ്പുഴയിലും ബോട്ടിങ്, അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

എപ്പോഴും തിരക്കേറിയ ജംഗ്ഷനാണ് കല്‍മണ്ഡപം. വാളയാര്‍ ഭാഗത്തുനിന്നും വരുന്ന ചരക്കുവാഹനങ്ങള്‍ ഉള്‍പ്പെടെ മലപ്പുറം, കോഴിക്കോട് ഭാഗങ്ങളിലേക്ക് പോകുന്നത് കല്‍മണ്ഡപം ജംഗ്ഷനില്‍ നിന്നും വലത്തേക്ക് തിരിഞ്ഞ് ബൈപാസില്‍ കയറിയാണ്. കോഴിക്കോട് ദേശീയപാതവഴി വരുന്ന വാഹനങ്ങള്‍ വാളയാര്‍-വടക്കഞ്ചേരി ദേശീയപാതയിലേക്ക് കയറുന്നതും കല്‍മണ്ഡപം ബൈപാസിലൂടെയാണ്. തൃശൂര്‍ ഭാഗത്തുനിന്നും വരുന്ന വലിയ വാഹനങ്ങളും നഗരത്തില്‍ കയറാതെ കോഴിക്കോട് ദേശീയപാതയിലേക്ക് കയറാന്‍ ഉപയോഗപ്പെടുത്തുന്നതും കല്‍മണ്ഡപം വഴിതന്നെ. വാളയാര്‍ ഭാഗത്തുനിന്നും പാലക്കാട് നഗരത്തിലേക്കുള്ള വഴിയും ഇതുതന്നെയാണ്. കല്‍മണ്ഡപം ജംഗ്ഷനില്‍ നിന്നും ബൈപാസ് തുടങ്ങുന്ന ഭാഗത്ത് മാസങ്ങള്‍ക്ക് മുൻപ് ടാര്‍ റോഡ് പൊളിച്ചുമാറ്റി കോണ്‍ക്രീറ്റ് ചെയ്തിരുന്നു. അന്ന് ബൈപാസിലെ ഒരുവശം അടച്ചിട്ടാണ് ഗതാഗതം ക്രമീകരിച്ചത്. അതോടനുബന്ധിച്ചെങ്കിലും റോഡിലെ പാതാളകുഴികള്‍ അടയ്ക്കുമെന്ന് കരുതിയെങ്കിലും നടപടികളൊന്നുമുണ്ടായില്ല. കുഴികള്‍ നിറഞ്ഞ കല്‍മണ്ഡപത്തിന്റെ യാത്രാദുരിതം നാളിതുവരെയും അധികൃതരുടെ കണ്ണില്‍ പതിഞ്ഞിട്ടില്ല.

Also Read: പാലക്കാട് ആദ്യ കൊവിഡ് മരണം ജൂണ്‍ 2 ന്; 4 മാസത്തിനിടെ 39 മരണം! മരിച്ചവരില്‍ കുറഞ്ഞ പ്രായം 32 വയസ്





പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്