ആപ്പ്ജില്ല

മീൻ പിടിക്കാൻ മതിൽ ചാടിയിറങ്ങിയത് സുരേഷിൻ്റെ വൈദ്യുതിക്കെണിയിലേക്ക്, പിടഞ്ഞു മരിച്ച പോലീസുകാരെ മാറ്റിയിട്ടതും ഇയാൾ; ഇരട്ട മരണത്തിൽ അറസ്റ്റ്

പാലക്കാട് കെഎപി ക്യാമ്പിലെ പോലീസുകാരുടെ മരണത്തിൽ ഒരാളെ അറസ്റ്റു ചെയ്തു. മുട്ടിക്കുളങ്ങര സ്വദേശി സുരേഷ് ആണ് പിടിയിലായത്. ഇയാളാണ് പന്നിയെ പിടിക്കാനായി കെണിയൊരുക്കിയത്.

Samayam Malayalam 20 May 2022, 9:53 pm
പാലക്കാട് (Palakkad): മുട്ടിക്കുളങ്ങര കെഎപി രണ്ടാം ബറ്റാലിയനിലെ രണ്ട് പോലീസുകാർ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വൈദ്യുതിക്കെണി വെച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടിക്കുളങ്ങര വാർക്കാട് തോട്ടക്കര വീട്ടിൽ സുരേഷി (49) നെയാണ് ഹേമാംബിക നഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വീട്ടുപറമ്പിൽ കാട്ടുപന്നിയെ പിടിക്കാനായി ഒരുക്കിയ വൈദ്യുതിക്കെണിയിൽ മീൻ പിടിക്കാൻ അതുവഴിയിറങ്ങിയ പോലീസുകാർ കുടുങ്ങിയെന്നാണ് പോലീസ് കണ്ടെത്തൽ. കാട്ടുപന്നിയെ വൈദ്യുതിക്കെണി വെച്ച് പിടിച്ചതിന് സുരേഷിനെതിരെ വനം വകുപ്പിൽ കേസ് നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.
Samayam Malayalam police arrested man who set up electric trap in palakkad policemen case
മീൻ പിടിക്കാൻ മതിൽ ചാടിയിറങ്ങിയത് സുരേഷിൻ്റെ വൈദ്യുതിക്കെണിയിലേക്ക്, പിടഞ്ഞു മരിച്ച പോലീസുകാരെ മാറ്റിയിട്ടതും ഇയാൾ; ഇരട്ട മരണത്തിൽ അറസ്റ്റ്



​മരണം ഷോക്കേറ്റ്

കെഎപി ക്യാമ്പിലെ ഹവിൽദാർമാരായ എലവഞ്ചേരി കുളമ്പളക്കോട് കുഞ്ഞുവീട്ടിൽ മാരിമുത്തുചെട്ടിയാരുടെ മകൻ അശോക് കുമാർ (35), തരൂർ അത്തിപ്പൊറ്റ കുണ്ടുപറമ്പ് വീട്ടിൽ പരേതനായ കെ സി മാങ്ങോടന്റെ മകൻ എം മോഹൻദാസ് (36) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെ ക്യാമ്പിന് പുറകുവശത്തുള്ള വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിൽ ഇരുവരുടെയും മരണകാരണം ഷോക്കേറ്റതാണെന്ന് തെളിഞ്ഞു.

മൃതദേഹങ്ങൾ കണ്ടത് ക്യാമ്പിൻ്റെ തൊട്ടടുത്ത്

ക്യാമ്പിന്റെ ചുറ്റുമതിലിന് പിറകിൽ 200 മീറ്റർ അകലെയാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്. രണ്ട് മൃതദേഹങ്ങളും തമ്മിൽ ഏകദേശം 60 മീറ്ററോളം അകലമുണ്ടായിരുന്നു. ഇരുവരുടെയും ശരീരത്തിൽ പൊള്ളലേറ്റ പാടുകളും കണ്ടിരുന്നു. ഇരുവരുടെയും കൈകാലുകളിലാണ് കാര്യമായി പൊള്ളലേറ്റിരുന്നത്. സംഭവസ്ഥലത്തെ സാഹചര്യത്തെളിവുകൾ പരിശോധിച്ച് വ്യാഴാഴ്ച തന്നെ വാർക്കാടുള്ള സുരേഷ് ഉൾപ്പെടെ ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യംചെയ്യലിൽ പങ്കില്ലെന്ന് കണ്ടവരെ വിട്ടയച്ചാണ് സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

​പന്നി കുടുങ്ങിയെന്ന സംശയത്തിൽ നോക്കി, കണ്ടത് മനുഷ്യരെ

ബുധനാഴ്ച വൈകീട്ട് സുരേഷ് പന്നിയെ പിടികൂടാനായി വീടിന് സമീപമുള്ള വാഴത്തോട്ടത്തിൽ വൈദ്യുതി കെണി സ്ഥാപിച്ചിരുന്നു. പുലർച്ചെ ഒന്നരയോടെ കെണിയിൽ പന്നി കുടുങ്ങിയതായി സംശയിച്ച് നോക്കാനെത്തിയപ്പോഴാണ് രണ്ടുപേർ കുടുങ്ങി മരിച്ച നിലയിൽ കണ്ടത്. തുടർന്ന് വൈദ്യുതി ലൈൻ ഓഫ് ചെയ്ത് മരിച്ചവരിൽ ഒരാളെ എടുത്ത് വാഴത്തോട്ടത്തിനോട് ചേർന്നുള്ള മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള വയലിൽ കൊണ്ടിട്ടു. ഭാരക്കൂടുതൽ ഉണ്ടായിരുന്നതിനാൽ മോഹൻദാസിനെ ഒറ്റചക്രമുള്ള ഇരുമ്പ് കൈവണ്ടിയിൽ കയറ്റി വയലിൽ മറ്റൊരിടത്തും കൊണ്ടിടുകയായിരുന്നു എന്നാണ് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് പറയുന്നത്.

​അപകടം മീൻ പിടിക്കാനിറങ്ങിയപ്പോൾ

പോലീസുകാർ രാത്രി മീൻ പിടിക്കാനിറങ്ങിയെന്നാണ് എസ്പി വിശദീകരിക്കുന്നത്. ക്യാമ്പിന്റെ ചുറ്റുമതിലിൽ നിന്നും സുരേഷിന്റെ പറമ്പിലേക്ക് ചാടിയിറങ്ങുമ്പോഴാണ് അപകടമുണ്ടായതെന്നും പോലീസ് പറയുന്നു. ഹേമാംബിക നഗർ ഇൻസ്‌പെക്ടർ എ സി വിപിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സുരേഷിനെതിരെ ഇന്ത്യൻ ശിക്ഷാനിയമം 304 വകുപ്പുപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കുമെന്ന് പോലീസ് അറിയിച്ചു.

Video-പോലീസുകാരുടെ ദുരൂഹമരണം: വൈദ്യുതിക്കെണി വെച്ചയാള്‍ അറസ്റ്റില്‍

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്