ആപ്പ്ജില്ല

പാലക്കാട് സഹകരണ ബാങ്ക് കവർച്ച; ബാങ്കിന് മുന്നിലുണ്ടായിരുന്ന കാർ ആരുടേത്? പിന്നിൽ പ്രൊഫഷണൽ സംഘം? വീഡിയോ കാണാം

ബാങ്കിന്റെ വാതിൽ ഭാഗത്തെ ഷട്ടറിന്റെ രണ്ടുപൂട്ടുകളിലൊന്ന് തകർത്തിരുന്നു. രണ്ടാമത്തെ ഷട്ടറിന്റെ രണ്ടുപൂട്ടും തകർത്ത് അകത്തുള്ള ഗ്ലാസ് ഭാഗം പൊളിച്ചാണ് ബാങ്കിൽ കടന്നിരിക്കുന്നത്. അകത്ത് സ്‌ട്രോങ് റൂമിന്റെ ഇരുമ്പ് വാതിൽ ഡ്രില്ലർ പോലുള്ള ഉപകരണം കൊണ്ട് തകർത്തു.

Samayam Malayalam 26 Jul 2021, 6:43 pm
പാലക്കാട്: ദേശീയപാത ബൈപാസ് റോഡിലെ സഹകരണ ബാങ്കിൽ കവർച്ച നടത്തിയത് പ്രൊഫഷണൽ സംഘമെന്ന് നിഗമനം. കൃത്യമായ ആസൂത്രണത്തിനും നിരീക്ഷണത്തിനുമൊടുവിലാണ് ഇവിടെ കവർച്ച നടത്തിയിട്ടുള്ളത്. സുരക്ഷാ മുൻകരുതലുകളൊക്കെ നിഷ്പ്രഭമാക്കിയാണ് വൻ കവർച്ച അരങ്ങേറിയത്. ബാങ്കിനുള്ളിലേക്ക് പ്രവേശിക്കും മുമ്പേതന്നെ കൃത്യമായ മുൻകരുതലുകൾ കവർച്ചാ സംഘം ആസൂത്രണം ചെയ്തിരുന്നതായാണ് വ്യക്തമാകുന്നത്.
Samayam Malayalam report on massive robbery at a co operative bank in palakkad
പാലക്കാട് സഹകരണ ബാങ്ക് കവർച്ച; ബാങ്കിന് മുന്നിലുണ്ടായിരുന്ന കാർ ആരുടേത്? പിന്നിൽ പ്രൊഫഷണൽ സംഘം? വീഡിയോ കാണാം


​നഷ്ടപ്പെട്ടത് ഏഴര കിലോ സ്വർണ്ണം

ചന്ദ്രനഗറിൽ എൻഎച്ച് ബൈപാസ് റോഡിലെ മരുതറോഡ് സഹകരണ റൂറൽ ക്രെഡിറ്റ് സൊസൈറ്റിയിലാണ് വൻ കവർച്ച നടന്നത്. സ്‌ട്രോങ് റൂമിൽ സൂക്ഷിച്ച ഏഴര കിലോ സ്വർണവും 18,000 രൂപയുമാണ് നഷ്ടപ്പെട്ടത്. രണ്ടുനില കെട്ടിടത്തിൽ ഒന്നാംനിലയിലാണ് ബാങ്ക് പ്രവർത്തിക്കുന്നത്. താഴത്തെ നിലയിൽ നിന്നും ഒന്നാംനിലയിലേക്ക് പ്രവേശിക്കുന്ന ഗോവണിയിലെ ഗ്രിൽസിലെ പൂട്ട് അറുത്തുമാറ്റിയാണ് കവർച്ചാ സംഘം മുകളിലേക്ക് കയറിയത്. മുകളിൽ ബാങ്കിനകത്ത് കയറും മുമ്പേ തന്നെ ചുവരിൽ ഘടിപ്പിച്ചിരുന്ന അലാറം പ്രവർത്തന രഹിതമാക്കി. സ്വിച്ച് ബോർഡിൽ തകരാർ വരുത്തി ബാങ്കിലേക്കുള്ള വൈദ്യുതിയും വിച്ഛദിച്ചിരുന്നു.

​സ്‌ട്രോങ് റൂമിന്റെ ഇരുമ്പ് വാതിൽ തുരന്നു

ബാങ്കിന്റെ വാതിൽ ഭാഗത്തെ ഷട്ടറിന്റെ രണ്ടുപൂട്ടുകളിലൊന്ന് തകർത്തിരുന്നു. രണ്ടാമത്തെ ഷട്ടറിന്റെ രണ്ടുപൂട്ടും തകർത്ത് അകത്തുള്ള ഗ്ലാസ് ഭാഗം പൊളിച്ചാണ് ബാങ്കിൽ കടന്നിരിക്കുന്നത്. അകത്ത് സ്‌ട്രോങ് റൂമിന്റെ ഇരുമ്പ് വാതിൽ ഡ്രില്ലർ പോലുള്ള ഉപകരണം കൊണ്ട് തകർത്തു. അതിനുശേഷമുള്ള വാതിലിലെ ഇരുമ്പ് അഴികൾ മുറിച്ചുമാറ്റിയാണ് സ്‌ട്രോങ് റൂമിൽ പ്രവേശിച്ചിട്ടുള്ളത്. അതിനുള്ളിലെ അലമാര കുത്തിതുറന്നാണ് പണയ സ്വർണം പൂർണമായും കവർന്നത്. ആകെ 7500 ഗ്രാം സ്വർണമാണ് ഇവിടെ സൂക്ഷിച്ചിരുന്നതെന്ന് ബാങ്ക് സെക്രട്ടറി എസ്. ഷൈജു പറഞ്ഞു. ഇവിടെ സൂക്ഷിച്ചിരുന്ന 18,000 രൂപയും നഷ്ടപ്പെട്ടു.

​സുരക്ഷ സംവിധാനങ്ങൾ നശിപ്പിച്ചു

ബാങ്കിന്റെ സുരക്ഷാ സംവിധാനങ്ങളെല്ലാം നശിപ്പിച്ച നിലയിലാണ്. ബാങ്കിനകത്ത മൂന്ന് ക്യാമറയും പുറത്ത് ഒരുക്യാമറയും പ്രവർത്തന ക്ഷമമായിരുന്നെങ്കിലും അതിന്റെ ഡിവിആറും, ഹാർഡ് ഡിസ്‌കും കവർച്ചക്കാർ കൊണ്ടുപോയി. എട്ടുവർഷമായി ഈ കെട്ടിടത്തിലാണ് ബാങ്ക് പ്രവർത്തിക്കുന്നത്. നാലുജീവനക്കാരാണ് ഇവിടെയുള്ളത്. വെള്ളിയാഴ്ച അടച്ചുപോയ ബാങ്ക് തിങ്കളാഴ്ച രാവിലെ തുറന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്.

​മോഷ്ടാക്കൾ വന്നത് കാറിലോ?

പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ്, പാലക്കാട് ഡിവൈഎസ്പി പി ശശികുമാർ, സ്‌റ്റേറ്റ് സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി കൃഷ്ണൻ, സ്‌പെഷൽബ്രാഞ്ച് ഡിവൈഎസ്പി സുനിൽകുമാർ കസബ ഇൻസ്‌പെക്ടർ എൻഎസ് രാജീവ്, എസ്ഐ അനീഷ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് ഡോഗ് സ്‌ക്വാഡും, സയന്റിഫിക്, വിരലടയാള വിദഗ്ധരും തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ദിവസം രാത്രി ബാങ്കിന് സമീപം ഒരു കാർ നിർത്തിയിട്ടിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഈ കാർ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കസബ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കുമെന്നാണ് വിവരം.

Video-പാലക്കാട് സഹകരണ ബാങ്കിൽ വൻ കവർച്ച, നഷ്ടപ്പെട്ടത് 7 കിലോ സ്വർണ്ണവും പണവും!

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്