ആപ്പ്ജില്ല

'ഉങ്കള്‍ അരുമൈ വോട് പാളറെ...' ഈ വരികളോടെ സ്ഥാനാർഥികളുടെ അഭ്യർത്ഥന അവസാനിക്കാനുള്ള കാരണമിതാണ്

എഡിഎംകെ, എഐഎഡിഎംകെ സ്ഥാനാർഥികളും പാലക്കാട്ട് മത്സരരംഗത്തുണ്ട്. അതിർത്തി ഗ്രാമങ്ങൾ ഉള്ള ജില്ലയായതിനാൽ തമിഴ്നാട്ടിലെ രീതിയിലുള്ള സ്വീകരണം ഇവിടെ സാധാരണമാണ്

Lipi 29 Nov 2020, 9:02 pm
പാലക്കാട്: ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങള്‍ കനംവെച്ചുവരുന്ന പാലക്കാടന്‍ ചൂടിനൊപ്പം തെരഞ്ഞെടുപ്പ് ചൂടിലുമാണ്. തമിഴകത്തിന് സമാനമായ തെരഞ്ഞെടുപ്പ് ആരവങ്ങളാണെവിടെയും. പ്രചരണങ്ങള്‍ക്കെല്ലാം തമിഴ് ടച്ച്. ചുമരെഴുത്തും ബോര്‍ഡും ബാനറും നോട്ടീസും സ്ഥാനാര്‍ത്ഥിയുടെ അഭ്യര്‍ത്ഥനയുമെല്ലാം തമിഴില്‍. ഭാഷാ ന്യൂനപക്ഷമായി പരിഗണിക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് നടപടികളും തമിഴില്‍ത്തന്നെ. തമിഴില്‍ നവ മാധ്യമങ്ങള്‍വഴിയുള്ള പ്രചരണവും കുറവല്ല. പ്രചരണ ഗാനങ്ങളും അനൗണ്‍സ്‌മെന്റുകളും തമിഴില്‍ത്തന്നെയാണ് കേള്‍ക്കുക.
Samayam Malayalam palakkad tamil writing
പാലക്കാട്ടെ ഒരു തമിഴ് ചുവരെഴുത്ത്


Also Read: കൊട്ടും കുരവയും കേട്ടാല്‍ വിജയാഘോഷമെന്ന് തെറ്റിദ്ധരിക്കരുത്... വരവ് വോട്ട് ചോദിക്കാനാണ്, 'ഒരൊന്നന്നര' പ്രചാരണവുമായി കെകെ പരമേശ്വരന്‍

അതിര്‍ത്തി ഗ്രാമങ്ങളിലെത്തിയാല്‍ കേരളം കഴിഞ്ഞുപോയോ എന്ന് ആരും സംശയിച്ചുപോകും. 'ഉങ്കള്‍ അരുമൈ വേട് പാളറെ വെട്രിപെറ വേണ്ടുമെന്‍ട്ര് അന്‍പുടന്‍ കേട്ടുകൊള്‍കിറേന്‍'- നിങ്ങളുടെ പ്രിയ സ്ഥാനാര്‍ത്ഥിയെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് സ്‌നേഹത്തോടെ അഭ്യര്‍ത്ഥിക്കുന്നു. ഏതാണ്ടെല്ലാ വോട്ട് അഭ്യര്‍ത്ഥനാ നോട്ടിസുകളും അവസാനിക്കുന്നത് ഈ വരികളിലാണ്. തമിഴ്‌നാട് അതിര്‍ത്തിയിലുള്ള വാളയാര്‍, എരുത്തേമ്പതി, വടകരപ്പതി, കൊഴിഞ്ഞാമ്പാറ, മുതലമട, നെല്ലിയാമ്പതി, അട്ടപ്പാടി, പെരുമാട്ടി പഞ്ചായത്തുകളിലാണ് തമിഴില്‍ തെരഞ്ഞെടുപ്പു പ്രചരണം. ശിങ്കാരി മേളം, തപ്പട്ട, നാസിക് ഡോള്‍ ഉള്‍പ്പെടെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ വരവേല്‍ക്കുന്നത്. ആരതി ഉഴിഞ്ഞും പൊട്ടുതൊട്ടും തമിഴ് ശീലങ്ങള്‍ ഇവിടെയും കാണാം. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ആള്‍ക്കൂട്ടം കുറവാണെങ്കിലും ആരവത്തിന് കുറവില്ല.

Also Read: തിരുത്തിയ പട്ടികയിലും പേരില്ല, എംആര്‍ മുരളിക്ക് മലബാര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷ പദവി? ഷൊര്‍ണൂരിലെ മുറിവുണക്കാൻ ശ്രമമെന്ന് വിലയിരുത്തൽ

തമിഴ് ടൈപ്പ് ചെയ്യുന്നവര്‍ക്കും ചുമരെഴുതുന്നവര്‍ക്കുമെല്ലാം കൊയ്ത്തുകാലമാണ്. 1500 രൂപ വരെ ദിവസക്കൂലി നല്‍കിയാണ് തമിഴ് ചുമരെഴുത്തുകാരെ സേലം, കോയമ്പത്തൂര്‍, ഈറോഡ് എന്നിവിടങ്ങളില്‍ നിന്ന് കൊണ്ടുവരുന്നത്. താമസവും ഭക്ഷണവും വരെ പാര്‍ട്ടിക്കാരും സ്ഥാനാര്‍ത്ഥികളും നല്‍കണം. ഡിഎംകെ, എഐഡിഎംകെ സ്ഥാനാര്‍ത്ഥികളും ചിലയിടങ്ങളില്‍ മത്സരിക്കുന്നുണ്ട്. കുടിവെള്ള, കാര്‍ഷിക പ്രശ്‌നങ്ങളാണ് പ്രചാരണ വിഷയങ്ങള്‍. 2015-ലെ തദ്ദേശത്തെരഞ്ഞെടുപ്പില്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ ഇടതുപക്ഷത്തിനായിരുന്നു മേല്‍ക്കൈ. അട്ടപ്പാടിയിലെ അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളും വാളയാര്‍ അതിര്‍ത്തിയിലെ പുതുശ്ശേരി, ചമ്മണാംപതിയും ഗോവിന്ദാപുരവും ഉള്‍പ്പെടുന്ന മുതലമട, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, നെല്ലിയാമ്പതി പഞ്ചായത്തുകളില്‍ ഇടതുപക്ഷ മുന്നണിയാണ് വിജയിച്ചിരുന്നത്. അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് കല്യാണം കഴിച്ചയച്ചവരെല്ലാം തിരിച്ചെത്തുന്നത് പതിവുകാഴ്ചയാണ്. എന്നാല്‍ ഇവരില്‍ രണ്ടു സംസ്ഥാനങ്ങളിലും വോട്ടുള്ളവരും ഉണ്ട്. ഇവരെക്കണ്ടെത്താനുള്ള പെടാപ്പാടിലാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്