ആപ്പ്ജില്ല

സിപിഐക്ക് സഭ കത്ത് നൽകി, ആരാകും മണ്ണാർക്കാട്ടെ ആ ക്രിസ്ത്യന്‍ ഇടതുസ്വതന്ത്രൻ?

ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് നിയമസഭാ മണ്ഡലം.

Samayam Malayalam 24 Jan 2021, 4:13 pm
പാലക്കാട്: ഇടതുപക്ഷത്ത് നിന്ന് സിപിഐയാണ് ഇവിടെ മത്സരിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ വിചാരമില്ലായ്മയും സിപിഐ, സിപിഐഎം ചേര്‍ച്ചയില്ലായ്മയും കൊണ്ട് കൈവിട്ടുപോവുന്ന സീറ്റാണിത്. എന്നാല്‍ ഇതുമറികടക്കാവുന്ന സ്ഥാനാര്‍ത്ഥിയെയാണ് ഇത്തവണ മത്സരത്തിനിറക്കുന്നത്. മുന്‍ ഡപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി രണ്ടുതവണ മണ്ണാര്‍ക്കാട് നിന്ന് ജയിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ സമുദായത്തിന് നിര്‍ണായകമായ വോട്ടുപങ്കാളിത്തമുള്ള മലയോര മേഖലകളാണ് ജോസ് ബേബിയെ ജയിപ്പിച്ചിരുന്നത്.
Samayam Malayalam report says that church gave letter to cpi leadership for this particular candidate at mannarkkad
സിപിഐക്ക് സഭ കത്ത് നൽകി, ആരാകും മണ്ണാർക്കാട്ടെ ആ ക്രിസ്ത്യന്‍ ഇടതുസ്വതന്ത്രൻ?

അതുകൊണ്ട് ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയ്ക്കാണ് ആദ്യപരിഗണനയെന്ന് ചര്‍ച്ചകളില്‍ വ്യക്തമായിരുന്നു.


​മണ്ണാർക്കാട്ട് ഉയർന്നത് ഈ പേര്

മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ പരമ്പരാഗതമായി കോണ്‍ഗ്രസ് വോട്ടുകളാണ് ക്രിസ്ത്യന്‍ സമുദായത്തിന്റേത്. സഭാ നേൃത്വത്തിന് മുസ്ലിം ലീഗിനോടുള്ള അകല്‍ച്ചയും സമുദായാംഗമെന്ന പരിഗണനയും നേട്ടമാക്കുകയാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്. കഞ്ചിക്കോട്ടെ പ്രമുഖ വ്യവസായി ഐസക് വര്‍ഗീസിന്റെ പേരാണ് മണ്ണാര്‍ക്കാട് ഉയരുന്നത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിച്ചാല്‍ സിപിഐഎമ്മിന്റെ ഭിന്നതകളും മറികടക്കാനാവുമെന്നാണ് കണക്ക് കൂട്ടുന്നത്. തദ്ദേശത്തിരഞ്ഞെടുപ്പില്‍പ്പോലും മണ്ണാര്‍ക്കാട് നഗരസഭയിലും കുമരംപുത്തൂര്‍ പഞ്ചായത്തിലും സിപിഐ,സിപിഐഎം നേരിട്ടേറ്റുമുട്ടിയതാണ്. സിപിഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജും സിപിഐഎം ജില്ലാസെക്രട്ടേറിയറ്റ് അംഗം പി കെ ശശിയും തമ്മിലുള്ള എതിര്‍പ്പുകളാണ് മണ്ഡലം നഷ്ടപ്പെടുന്നതിന്റെ പ്രധാനകാരണങ്ങളിലൊന്ന്.

​ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് കത്ത് നൽകി

സിപിഐഎമ്മുമായും പി കെ ശശിയുമായും അടുപ്പമുള്ളയാളാണ് വ്യവസായി ഐസക് വര്‍ഗീസ്. ഐസക് വര്‍ഗീസിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കത്ത് നല്‍കിയിരുന്നു. സഭയുടെ പിന്തുണ ഉറപ്പാക്കിയായിരുന്നു ഈ കത്ത്. എന്നാല്‍ ഇതിനോട് കാനം രാജേന്ദ്രന്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല. ഐസക് വര്‍ഗീസിന് സഭാനേതൃത്വവുമായുള്ള അടുപ്പം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവായിരുന്ന കൊങ്ങശ്ശേരി കൃഷ്ണന്റെ കര്‍മ്മമണ്ഡലമായിരുന്നു മണ്ണാര്‍ക്കാട്.

​മണ്ണാർക്കാട്ട് നിന്ന് ആദ്യം വിജയിച്ചത് കൊങ്ങശ്ശേരി കൃഷ്ണന്‍

സംസ്ഥാനം രൂപീകരിച്ചുനടന്ന ആദ്യതിരഞ്ഞെടുപ്പില്‍ കൊങ്ങശ്ശേരി കൃഷ്ണന്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി വിജയിച്ച മണ്ണാര്‍ക്കാട്ടെ ആദ്യ നിയമസഭാംഗമായിരുന്നു. പിന്നീട് സിപിഐയുടെ പി കുമാരനും എഎന്‍ യൂസഫും മണ്ണാര്‍ക്കാട് നിന്ന് വിജയിച്ചിട്ടുണ്ട്. സിപിഐഎമ്മിന്റെ സമുന്നത നേതാവ് ഇ കെ ഇമ്പിച്ചിബാവയും മണ്ണാര്‍ക്കാടിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. പിന്നീട് കൈവിട്ട മണ്ഡലം 1996-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിലെ കല്ലടി മുഹമ്മദിനെ 6968 വോട്ടിന് തോല്‍പ്പിച്ചാണ് ജോസ് ബേബി തിരിച്ചുപിടിച്ചത്. തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ 2001-ല്‍ ജോസ് ബേബി കളത്തില്‍ അബ്ദുല്ലയോട് തോറ്റു. 67369 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മണ്ണാര്‍ക്കാട് യുഡിഎഫ് അക്കൗണ്ടിലായി.

​ജോസ് ബേബി...പിന്നെ എൻ, ഷംസുദ്ദീൻ

പിന്നാലെയെത്തിയ 2006-ലെ തിരഞ്ഞെടുപ്പില്‍ 7213 വോട്ടിന് കളത്തില്‍ അബ്ദുല്ലയെ തോല്‍പ്പിച്ച് ജോസ് ബേബി തന്നെ മണ്ഡലം സ്വന്തമാക്കി. 2011, 2016 തിരഞ്ഞെടുപ്പുകളില്‍ എന്‍ ഷംസുദ്ദീനൊപ്പമായിരുന്നു വിജയം. 2011- സിപിഐ സ്ഥാനാര്‍ത്ഥിയായി വി ചാമുണ്ണി 8270 വോട്ടിനാണ് തോറ്റത്. 2016-ല്‍ സിപിഐ ജില്ലാസെക്രട്ടറികൂടിയായ കെ പി സുരേഷ് രാജ് 12325 വോട്ടിനുംതോറ്റു. മാറിമറിഞ്ഞും വീറും വാശിയും നിറഞ്ഞും ശ്രദ്ധനേടിയ മണ്ഡലത്തില്‍ ഷംസുദ്ദീന്റെ പകരക്കാരന് വിജയം എളുപ്പമായിരിക്കില്ല.

പൊതുപ്രവർത്തകൻ, ഒപ്പം സഭയും

ആബേല്‍ വിസാക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫോര്‍ച്യൂണ്‍ ഇന്‍ഡസ്ട്രീസ് തുടങ്ങിയ കമ്പനികളുടെ മാനേജിങ് ഡയറക്ടറാണ് ഐസക് വര്‍ഗീസ്. ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ എന്ന സംഘടനയുടെ സംസ്ഥാന പ്രസിഡന്റുമാണ്. പൊതുപ്രവര്‍ത്തകനെന്ന നിലയിലുള്ള മുഖപരിചയവും സഭയുടെ പിന്തുണയും ഐസക് വര്‍ഗീസിന്റെ സ്ഥാനാര്‍ത്ഥിത്വം എളുപ്പമാക്കും. മണ്ഡലത്തിലെ സിപിഐയുടെ സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ പ്രചാരണത്തെ കുഴക്കിയില്ലെങ്കില്‍ ഇത്തവണ മണ്ണാര്‍ക്കാട് മത്സരം കടുക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്