ആപ്പ്ജില്ല

വായ തകര്‍ന്ന് ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവം: മുഖ്യപ്രതികള്‍ ഇപ്പോഴും വലയ്ക്ക് പുറത്ത്! അന്വേഷണ സംഘത്തിനെതിരെ ആരോപണം

പാലക്കാട് ജില്ലയിലെ തിരുവിഴാംകുന്നില്‍ സ്‌ഫോടക വസ്തുപൊട്ടി വായ തകര്‍ന്ന കാട്ടാന ചരിഞ്ഞ സംഭവത്തിൽ മുഖ്യപ്രതികൾ ഇപ്പോഴും ഒളിവിൽ.

Samayam Malayalam 18 Aug 2020, 3:58 pm
പാലക്കാട്: സ്‌ഫോടനകെണിയില്‍ വായ തകര്‍ന്നതിനെ തുടര്‍ന്ന് പട്ടിണിയിലായ ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തിലെ മുഖ്യപ്രതികള്‍ ഇപ്പോഴും വലയ്ക്ക് പുറത്ത്. കഴിഞ്ഞ മെയ് 27 നാണ് മണ്ണാര്‍ക്കാടിനടുത്ത് തിരുവിഴാംകുന്നില്‍ സ്‌ഫോടക വസ്തുപൊട്ടി വായ തകര്‍ന്നതിനെ തുടര്‍ന്ന് വേദനസഹിക്കാതെ വെള്ളിയാര്‍ പുഴയില്‍ ഇറങ്ങി നിന്ന ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞത്. തിരുവിഴാംകുണ്ട് അമ്പലപ്പാറ തെയ്യംകുണ്ട് വെള്ളിയാറില്‍ 23 നാണ് ആനയെ കണ്ടത്. കുങ്കിയാനകളെ എത്തിച്ച് കരയ്ക്കുകയറ്റാന്‍ ശ്രമിക്കവെ 27 ന് ചരിഞ്ഞു. സംഭവത്തില്‍ കെണി തയാറാക്കിയ മൂന്നാം പ്രതിയെ വനം വകുപ്പും പോലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പിടികൂടി.
Samayam Malayalam two accused in the palakkad wild elephant death case are still absconding
വായ തകര്‍ന്ന് ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവം: മുഖ്യപ്രതികള്‍ ഇപ്പോഴും വലയ്ക്ക് പുറത്ത്! അന്വേഷണ സംഘത്തിനെതിരെ ആരോപണം


​സ്വകാര്യ എസ്‌റ്റേറ്റ് ഉടമയും മകനും ഒളിവിൽ!

കെണിയൊരുക്കാനും സ്ഥാപിക്കാനും മുന്‍കൈയെടുത്തെന്ന് വനം വകുപ്പ് കണ്ടെത്തിയ വനഭൂമിയോട് ചേര്‍ന്നുള്ള സ്വകാര്യ എസ്‌റ്റേറ്റ് ഉടമയെയും മകനെയും നാളിതുവരെ കണ്ടെത്താന്‍ പോലും അന്വേഷണ സംഘത്തിനായില്ല. ഇവരുടെ 15 ഏക്കറോളം വരുന്ന എസ്‌റ്റേറ്റിന് മുകളിലെ വനമേഖലയിലാണ് സ്‌ഫോടനകെണി ഒരുക്കിയതെന്നാണ് പിടിയിലായ പ്രതി നല്‍കിയ മൊഴി. കേസില്‍ ഒന്നും രണ്ടും പ്രതികളായ അമ്പലപ്പാറ സ്വദേശികളായ അബ്ദുല്‍ കരീം, മകന്‍ റിയാസുദ്ദീന്‍ എന്നിവരെയാണ് പോലീസ്, വനം വകുപ്പ് സംയുക്ത അന്വേഷണ സംഘത്തിനു പോലും കണ്ടെത്താന്‍ കഴിയാത്തവിധം മുങ്ങിയത്.

​ദേശീയ മാധ്യമങ്ങൾ ഏറ്റെടുത്ത സംഭവം

പുഴയില്‍ നിന്നും ആനയെ കരയ്ക്കു കയറ്റാന്‍ കുങ്കിയാനകളെ എത്തിച്ച് ശ്രമിക്കുമ്പോഴാണ് ആന ചരിഞ്ഞത്. ഒരാഴ്ചയോളമായി തീറ്റയെടുക്കാനാവാതെ പട്ടിണിയിലായിരുന്ന ആന ഒരുമാസം ഗര്‍ഭിണിയായിരുന്നു എന്ന വസ്തുത പോസ്റ്റു‌മോര്‍ട്ടത്തിലാണ് തെളിഞ്ഞത്. ഇതോടെ വിഷയം ദേശീയ മാധ്യമങ്ങള്‍ വരെ ഏറ്റെടുത്തു. തുടര്‍ന്നാണ് കേസ് അന്വേഷിക്കാന്‍ വനം വകുപ്പിന് പുറമേ പോലീസിലെ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘത്തെ കൂടി സര്‍ക്കാര്‍ നിയോഗിച്ചത്.

​മൂന്നാം പ്രതി അറസ്റ്റിൽ

തുടക്കത്തില്‍ ആവേശത്തോടെ ആരംഭിച്ച അന്വേഷണത്തില്‍ മൂന്നാം പ്രതിയായ മലപ്പുറം എടവണ്ണ ഓടക്കയം സ്വദേശി വില്‍സണ്‍ എന്ന ജോസഫ് (38) നെ അറസ്റ്റ് ചെയ്യാനുമായി. മുഖ്യപ്രതികളുടെ തോട്ടത്തിലെ ടാപ്പിങ് തൊഴിലാളിയാണ് വില്‍സണ്‍. പക്ഷേ, മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ച് മുഖ്യപ്രതികളായ തോട്ടം ഉടമകള്‍ ഒളിവില്‍ പോയി. ഇവരെ കണ്ടെത്താന്‍ കാര്യമായ തെരച്ചില്‍ നടത്തിയില്ലെന്ന ആക്ഷേപം ശക്തമാണ്. ഷൊര്‍ണൂര്‍ ഡിവൈഎസ്പി, മണ്ണാര്‍ക്കാട് ഡിഎഫ്ഒ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

​അന്വേഷണ സംഘത്തിനെതിരെ ആനപ്രേമി സംഘം

മുഖ്യപ്രതികളെ കുടുക്കാന്‍ കഴിയാത്തത് വീഴ്ചയായിരിക്കെ അന്വേഷണ സംഘത്തിനെതിരെ ആരോപണങ്ങളും ഉയര്‍ന്നുതുടങ്ങി. പ്രതികള്‍ക്ക് വനം വകുപ്പിലെ ചിലരുടെ ഭാഗത്തുനിന്നും സഹായങ്ങള്‍ ലഭിക്കുന്നതായി ആരോപിച്ച് ആനപ്രേമി സംഘം ജില്ലാ പ്രസിഡന്റ് ഹരിദാസ് മച്ചിങ്ങല്‍ രംഗത്തെത്തി. ഇത്തരം ഒത്താശകള്‍ മറ്റു മൃഗങ്ങളെയും വേട്ടയാടാന്‍ കാരണമാകുമെന്നും ഇത് ഗുരുതരമായ അവസ്ഥയാണെന്നും ഹരിദാസ് പറഞ്ഞു. നീതിയുക്തവും സത്യസന്ധവുമായ അന്വേഷണം നടത്തി പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാണ് ആവശ്യം. ആദ്യം പൈനാപ്പിളിലാണ് സ്‌ഫോടക വസ്തു വെച്ചതെന്നായിരുന്നു പ്രചരണം. പിന്നീടത് തേങ്ങയില്‍ എന്നായിരുന്നു. ഇതിനു പിന്നില്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നും ഹരിദാസ് ആരോപണം ഉന്നയിച്ചു. ഇതേപ്പറ്റി വിശദമായി അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി, അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, വനം വകുപ്പ് മന്ത്രി, ജില്ലാ ഫോറസ്റ്റ് മേധാവി, വനം ക്രൈം വകുപ്പ് സൗത്ത്, നോര്‍ത്ത് റീജിയണ്‍ എന്നിവര്‍ പരാതി നല്‍കിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്