ആപ്പ്ജില്ല

ജസ്നക്കായി ഇരുട്ടിൽ തപ്പുകയാണോ പോലീസ്? അന്വേഷണസംഘത്തിനൊപ്പം തെരച്ചിൽ നടത്തി സുഹൃത്തുക്കളും

കാഞ്ഞിരപ്പള്ളിയിലെ പിതൃസഹോദരിയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞ് പുറപ്പെട്ട ജസ്ന എവിടേക്കാണ് മറഞ്ഞത്?അന്വേഷണം നടക്കുന്നതിനിടയിൽ പലയിടങ്ങളിൽ ജസ്‌നയെ കണ്ടതായി പലരും പറഞ്ഞെങ്കിലും ആ സംശയങ്ങൾ ഒന്നും അന്വേഷണത്തെ സഹായിക്കുന്നതായിരുന്നില്ല.

Samayam Malayalam 24 Oct 2020, 3:51 pm
ഏരുമേലിയില്‍ എത്തുന്നത് വരെ കണ്ടവരുണ്ടെന്ന് പോലീസ് പറയുമ്പോഴും പിന്നിട് ആ പെൺകുട്ടിയെ പറ്റി ഒരു വിവരങ്ങളും പോലീസിന് ശേഖരിക്കാൻ സാധിച്ചില്ല .കേസിനെ സഹായിക്കുന്ന തരത്തിൽ ഒരു കച്ചി തുരുമ്പ് പോലും പോലീസിന് ലഭിക്കുന്നില്ലല്ലോ എന്ന അദ്ഭുതമായിരിന്നു എല്ലാവർക്കും. അന്വേഷണ സംഘവും കേരള പോലീസിൻ്റെ സൈബർ ടീമും രാവും പകലും ഊണും ഉറക്കവുമില്ലാതെയുള്ള അന്വേഷണത്തിലാണ്.
Samayam Malayalam kerala police seems clueless about missing jesna while her friends joins investigation team for the search operation
ജസ്നക്കായി ഇരുട്ടിൽ തപ്പുകയാണോ പോലീസ്? അന്വേഷണസംഘത്തിനൊപ്പം തെരച്ചിൽ നടത്തി സുഹൃത്തുക്കളും


​പോലീസ് ഇരുട്ടിൽ തപ്പുന്നു?

ജസ്നക്കായുള്ള അന്വേഷണം ഫലം കാണാതെ വന്നപ്പോൾ പോലീസ് ഇരുട്ടിൽ തപ്പുകയാണെന്ന ആരോപണം ശക്തമായി. ആക്ഷൻ കൗൺസിലും വിവിധ യുവജന സംഘടനകളും രംഗത്ത് എത്തിയതോടെ പ്രതിഷേധം ശക്തമായി . കേരളത്തിനകത്തും പുറത്തും മൂന്ന് സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണവും എങ്ങുമെത്താത്ത സാഹചര്യത്തിൽ ജസ്നയെ കണ്ടെത്താൻ സഹായിക്കുന്നവർക്കുള്ള പാരിതോഷിക തുക രണ്ടു ലക്ഷം രൂപയിൽ നിന്ന് അഞ്ച് ലക്ഷം രൂപയായി പോലീസ് വർദ്ധിപ്പിച്ചു. ഇതിനേ തുടർന്ന് പോലീസിന് ചില ഫോൺ കോളുകളും കത്തുകളും ലഭിച്ചുവെന്നല്ലാതെ പാരിതോഷികം വർധിപ്പിച്ചത് അന്വേഷണത്തിൽ ആശാവഹമായ പുരോഗതി ഒന്നും ഉണ്ടാക്കിയില്ല എന്നതാണ് സത്യം.

​ഗോവയിലും പൂനെയിലും ജസ്ന?

ഇതിനിടയിൽ ഗോവയിലും പൂനെയിലും ജസ്നയോടു സാദൃശ്യമുള്ള പെൺകുട്ടിയെ കണ്ടു എന്നു ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘങ്ങൾ അങ്ങോട്ട് തിരിച്ചു . ഈ സ്ഥലങ്ങളിൽ കോണ്‍വെന്റുകളും നഗരങ്ങളും കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം . പക്ഷേ നിരാശയായിരുന്നു ഫലം. നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ജസ്നയുടെ പോസ്റ്ററുകള്‍ പതിച്ചെങ്കിലും ആരും കണ്ടതായി അറിയിച്ചു വിളിച്ചില്ല. ഒരു വിവരവും ലഭിക്കാതെ വന്നതോടെ മടങ്ങാന്‍ അന്വേഷണ സംഘം തിരികെ നാട്ടിലേക്കു മടങ്ങാൻ തീരുമാനിച്ചു. നഗരങ്ങളില്‍ ജെസ്നയുടെ ചിത്രങ്ങള്‍ പതിക്കുകയും മലയാളി അസോസിയേഷനുകളുടെ സഹായം തേടുകയും ചെയ്തെങ്കിലും ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചില്ല എന്നത് അന്വേഷണത്തെ കാര്യമായി ബാധിച്ചു.

​വനപ്രദേശത്തും തെരച്ചിൽ

അതേ സമയം ദുരൂഹസാഹചര്യത്തില്‍ കാണാതായ ജസ്ന ജെയിംസിനെ കണ്ടെത്താന്‍ സംസ്ഥാനത്തെ വിവിധ വന പ്രദേശങ്ങളിലും പോലീസ് സംഘം തെരച്ചില്‍ നടത്തി. മുണ്ടക്കയം, കുട്ടിക്കാനം, എരുമേലി തുടങ്ങിയ സ്ഥലങ്ങളിലെ വനങ്ങളിലാണ് തെരച്ചില്‍ നടത്തിയത്. ജസ്നയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് വനത്തില്‍ തെരച്ചില്‍ നടത്താന്‍ തീരുമാനിച്ചത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസ് ടീമാണ് തെരച്ചില്‍ നടത്തിയത്. ഇവര്‍ക്കൊപ്പം ജസ്ന പഠിച്ചിരുന്ന കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിലെ വിദ്യാര്‍ഥികളും ഉണ്ടായിരുന്നു. അതേസമയം കാണാതായ ജസ്‌ന മരിയ ജെയിംസ് വിദേശത്തേക്ക് പോയിട്ടുണ്ടോ എന്നറിയാന്‍ റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍മാരുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

​പത്രങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസ്

തിരുവനന്തപുരം റേഞ്ച് ഐ.ജിയുടെ മേല്‍നോട്ടത്തില്‍ സൈബര്‍ വിദഗ്ദ്ധരും വനിതാ ഇന്‍സ്‌പെക്ടറും അടങ്ങുന്ന 15 അംഗ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഫോണ്‍കോളുകള്‍ പരിശോധിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലെയും പത്രങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

അടുത്ത അധ്യായം ഞായറാഴ്ച

ഭാഗം 7: ചെന്നൈയിൽ നിന്ന് കണ്ടെടുത്ത കത്തിക്കരിഞ്ഞ മൃതദേഹം ജസ്‌നയുടേത്?

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്