ആപ്പ്ജില്ല

വിവാദങ്ങൾ കെട്ടടങ്ങുന്നു; ആരബിൾ ഭൂമി വനമേഖലയാക്കിയ ഉത്തരവ് റദ്ദാക്കി

ആരബിൾ ഭൂമി നിഷിപ്ത വന മേഖലയിലുൾപ്പെടുത്തി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയതായി അടൂർ പ്രകാശ് എംപിയാണ് അറിയിച്ചത്. കേന്ദ്ര വനം മന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി.

Lipi 23 Sept 2020, 3:46 pm
പത്തനംതിട്ട: റാന്നി, കോന്നി വനം ഡിവിഷനുകളിലെ ആരബിൾ ഭൂമി നിഷിപ്ത വന മേഖലയിലുൾപ്പെടുത്തി പുറപ്പെടുവിച്ച ഉത്തരവ് റദ്ദായതായി അടൂർ പ്രകാശ് എംപി അറിയിച്ചു. റാന്നി ഡിഎഫ്ഒ ഇതുസംബന്ധിച്ച് ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വനം മന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി. റാന്നി ഡിഎഫ്ഒ പുറപ്പെടുവിച്ചിട്ടുള്ളത് ഉത്തരവ് ആയിരുന്നില്ലെന്നും ദുരുദ്ദേശത്തോടെ പുറത്തിറക്കിയ ഒരു നിർദ്ദേശം മാത്രമായിരുന്നുവെന്നും കേന്ദ്ര വനം വകുപ്പിൽനിന്നും ലഭിച്ച വിശദീകരണത്തിൽ പറയുന്നതായി അടൂർ പ്രകാശ് പറഞ്ഞു.
Samayam Malayalam Arable Land in Ranni
റാന്നി ഫോറസ്റ്റ് ഡിവിഷൻ


Also Read: അയിരൂരിൽ പാകമായ വിളകൾ നശിപ്പിച്ച് കാട്ടുപന്നിക്കൂട്ടം; അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് പരാതി

ആരബിൾ ഭൂമിയിലെ കൈവശക്കാർക്ക് തുടർന്നും കൃഷി ഉൾപ്പെടെയുള്ള എല്ലാ പതിവ് പ്രവൃത്തികൾക്കും അനുവാദം ഉണ്ടെന്നും ഇത് തടഞ്ഞുകൊണ്ട് റാന്നി ഡിഎഫ്ഒ കീഴുദ്യോഗസ്ഥർക്ക് നൽകിയ നിർദേശം നിലനിൽക്കുന്നതല്ലെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ നൽകിയ മറുപടിയിൽ വ്യക്തമാക്കി. അടൂർ പ്രകാശ് എംപി ഇടപെട്ടതിനെ തുടർന്ന് ആരബിൾ ഭൂമി നിഷിപ്ത വനഭൂമി ആണെന്ന് കാണിച്ച് റാന്നി ഡിഎഫ്ഒ പുറത്തിറക്കിയ നിർദേശം സംബന്ധിച്ച് കേന്ദ്ര വനം വകുപ്പ് സംസ്ഥാന പ്രിൻസിപ്പൽ ചീഫ് കണ്‍സർവേറ്ററിനോട് വിശദീകരണം തേടിയിരുന്നു. വനസംരക്ഷണ നിയമം ദുർവ്യാഖ്യാനം ചെയ്ത റാന്നി ഡിഎഫ്ഒ ആയിരുന്ന ഉണ്ണിക്കൃഷ്ണനെ സ്ഥലം മാറ്റിയതായും സംസ്ഥാന പ്രിൻസിപ്പൽ ചീഫ് കണ്‍സർവേറ്റർ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. വനഭൂമിയിൽ പുതിയതായി അപേക്ഷ നൽകിയ പാറമടയ്ക്ക് അനുവാദം ലഭ്യമാക്കാൻ വേണ്ടി ആയിരുന്നു റാന്നി ഡിഎഫ്ഒ യുടെ ഗൂഢലക്ഷ്യമെന്നും വിശദീകരണത്തിൽ വ്യക്തമാക്കുന്നു.

Also Read: പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ്: അഞ്ചാം പ്രതി റിയയ്ക്ക് കൊവിഡ്; കസ്റ്റഡി അപേക്ഷ മാറ്റി

കഴിഞ്ഞ ജൂണ്‍ 30 നാണ് റാന്നി ഡിഎഫ്ഒ ആരബിൾ ഭൂമിയിലെ കൈവശക്കാരുടെ ഉടമസ്ഥാവകാശം ചോദ്യം ചെയ്ത് ഉത്തരവ് ഇറക്കിയത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഓഗസ്റ്റ് 20 ന് അടൂർ പ്രകാശ് എംപി കേന്ദ്ര വനം മന്തിക്ക് കത്ത് നൽകിയത്. വിവാദ നിർദേശം പുറത്തിറക്കിയ റാന്നി ഡിഎഫ്ഒയെ സസ്പെൻഡ് ചെയ്യാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും പ്രിൻസിപ്പൽ ചീഫ് കണ്‍സർവേറ്റർ കേന്ദ്ര സർക്കാറിനെ അറിയിച്ചിട്ടുണ്ട്. ഡിഎഫ്ഒയ്ക്കെതിരെ നിരവധി ഗുരുതര ആരോപണങ്ങളും ഉന്നയിക്കുന്നുണ്ട്. ആരബിൾ ഫോറസ്റ്റ് ലാൻഡ് അസൈൻമെൻറ് റൂൾസ് 1970 പ്രകാരം നിർദ്ദിഷ്ട ഭൂമി പട്ടയഭൂമി ആണെന്ന കാര്യം ഡിഎഫ്ഒ മറച്ചുവെച്ച് പാറമടയ്ക്ക് അപേക്ഷ നൽകിയ കമ്പനിയുമായി ചേർന്ന് വൻതോതിൽ മരങ്ങൾ വെട്ടി കടത്താൻ കൂട്ടുനിന്നെന്നും ആരോപണമുണ്ട്. ആരബിൾ ഭൂമിയുടെ ഉടമസ്ഥ അവകാശം സംബന്ധിച്ച് തർക്കത്തിന് കാര്യമില്ലെന്നും വർഷങ്ങൾക്കു മുൻപേ കൈവശക്കാർക്ക് പട്ടയം ഉൾപ്പെടെ നൽകിയിട്ടുള്ള ഭൂമിയുടെ മേൽ ഇവർക്ക് പൂർണ അവകാശമുള്ളതാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുള്ളതായും അടൂർ പ്രകാശ് അറിയിച്ചു.



പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്