ആപ്പ്ജില്ല

കേരളത്തിൽ ഏറ്റവും കൂടുതല്‍ മരണ നിരക്ക് പത്തനംതിട്ടയില്‍; ഏറ്റവും കുറവ് മലപ്പുറത്തെന്നും റിപ്പോര്‍ട്ട്

കേരളത്തില്‍ ജനനം കൂടുതലും നടക്കുന്നത് ഒക്ടോബര്‍ മാസത്തിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. എറ്റവും കുറവ് ഫെബ്രുവരിയിലും. 2018ലെ ജനന -മരണ രജിസ്റ്റര്‍ വിവരത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇത് തയ്യാറാക്കിയത്.

| Edited by Samayam Desk | Lipi 13 Aug 2020, 7:51 pm
പത്തനംതിട്ട : സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മരണ നിരക്ക് പത്തനംതിട്ടയിലെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ ഡിപ്പാർട്ട്മെൻ്റ് ഓഫ് ഇക്കണോമിക്സ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്‌സിൻ്റെ ഏറ്റവും ഒടുവിലത്തെ വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. ഏറ്റവും കുറവ് മലപ്പുറത്താണെന്നും റിപ്പോർട്ട് പറയുന്നു. പത്തനംതിട്ടയില്‍ 2018ലെ ക്രൂ‌ഡ‌് ഡെത്ത് റേറ്റ് (വര്‍ഷത്തിന്‍റെ മദ്ധ്യമാകുമ്പോള്‍ ജനസംഖ്യയും മരണനിരക്കും തമ്മിലുള്ള അനുപാതം) 10.92 ആണെങ്കില്‍ മലപ്പുറത്ത് അത് 4.28 മാത്രമാണ്. പത്തനംതിട്ടയില്‍ പ്രായമേറിയവരുടെ സംഖ്യ കൂടുതലാണ്. മലപ്പുറത്ത് പ്രായക്കുറവുള്ളവരാണ് കൂടുതല്‍.
Samayam Malayalam Pathanamthitta Map


Also Read: കരിപ്പൂര്‍ വിമാന അപകടം; എഞ്ചിന്‍ മണ്ണില്‍ താഴ്ന്നത് അപകട വ്യാപ്തി കുറച്ചു, ഡിജിസിഎ ഉദ്യോഗസ്ഥർ പറയുന്നത് ഇങ്ങനെ... വീഡിയോ കാണാം

കേരളത്തില്‍ ജനനം കൂടുതലും നടക്കുന്നത് ഒക്ടോബര്‍ മാസത്തിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. എറ്റവും കുറവ് ഫെബ്രുവരിയിലും. 2018ലെ ജനന -മരണ രജിസ്റ്റര്‍ വിവരത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇത് തയ്യാറാക്കിയത്. 4.88 ലക്ഷം കുട്ടികളാണ് 2018ല്‍ ജനിച്ചത്. ഇത് 2017നേക്കാള്‍ (5.04 ലക്ഷം) അല്പം കുറവാണ്. മരണ നിരക്കിലും സമാനമായ കുറവുണ്ട്. 2017ല്‍ 2.63 ലക്ഷം പേരാണ് മരിച്ചതെങ്കില്‍ 2018ല്‍ 2.59 ലക്ഷമായി കുറഞ്ഞു. 2018ലെ ക്രൂഡ് ബെര്‍ത്ത് റേറ്റ് 14.10 ആണെങ്കില്‍ 2017ല്‍ ഇത് 14.62 ആയിരുന്നു. മരണ നിരക്കാകട്ടെ 2017ലെ 7.64ല്‍ നിന്ന് 2018ല്‍ 7.47 ആയി കുറഞ്ഞു.

Also Read: '15,000 രൂപയുടെ അത്യാവശ്യമുണ്ട്...' ഋഷിരാജ് സിങ്ങിൻ്റെ പേരില്‍ വ്യാജസന്ദേശം!! ഗൂഗിള്‍ പേ താവളമാക്കി വൻ തട്ടിപ്പ്

2018ല്‍ ജനിച്ചവരില്‍ 50.94 ശതമാനം ആണ്‍കുട്ടികളാണ്. പെണ്‍കുട്ടികള്‍ 49.06 ശതമാനം. ജനനം കൂടുതല്‍ നടന്നത് ഒക്ടോബറിലാണെങ്കില്‍ മരണം കൂടുതല്‍ നടന്നത് സെപ്തംബര്‍ മാസത്തിലാണ്. 2018ല്‍ ആകെ മരിച്ച 2.59ലക്ഷം പേരില്‍ 27,111 പേരും (10.49 ശതമാനം) മരിച്ചത് സെപ്തംബറിലാണ്. മരണസംഖ്യ ഏറ്റവുംകുറവ് ഫെബ്രുവരിയിലും (7.58 ശതമാനം). മരിച്ചവരില്‍ 57.09 ശതമാനം പേരും 70 വയസില്‍ കൂടുതലുളളവരാണ്. 45 -54 പ്രായത്തിലുള്ളവര്‍ 7.45 ശതമാനം പേരും 55-64 പ്രായത്തിലുള്ളവര്‍ 15.22 ശതമാനം വരും. അതേസമയം 65-69 പ്രായ പരിധിയില്‍ മരണ ശതമാനം 11.53 ആണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്