ആപ്പ്ജില്ല

'അച്ഛനെ കാഴ്ചക്കാരനായി ഇരുത്തി മകളുടെ വിവാഹം കരക്കാർ നടത്തുന്നത് ശരിയാണോ?'

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും മന്ത്രി വീണ ജോർജും തമ്മിലുണ്ടായ തർക്കത്തിൽ സിപിഎം നിലപാടിൽ വിമർശനമുന്നയിച്ച് സിപിഐ രംഗത്ത്. കെ പി ഉദയഭാനു നേരത്തെ നടത്തിയ അഭിപ്രായപ്രകടനത്തെയാണ് സിപിഐ വിമർശിച്ചിരിക്കുന്നത്.

Lipi 15 May 2022, 9:58 pm

ഹൈലൈറ്റ്:

  • സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ. പി ജയനാണ് വിഷയത്തിൽ പ്രതികരിച്ചത്
  • രൂക്ഷമായ അഭിപ്രായ ഭിന്നത നിലനിൽക്കുന്നതിനിടെയാണ് പുതിയ വിവാദം
  • പ്രതികരണം ദൗർഭാഗ്യകരമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി എ പി ജയൻ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
പത്തനംതിട്ട (Pathanamthitta): ഡെപ്യൂട്ടി സ്പീക്കറും അടൂർ എംഎൽഎയുമായ ചിറ്റയം ഗോപകുമാറും ആരോഗ്യ വകുപ്പ് മന്ത്രിയായ വീണാ ജോർജും തമ്മിലുണ്ടായ തർക്കത്തിൽ സി പി എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിന്റെ പ്രതികരണത്തിനെതിരെ വിമർശനമുന്നയിച്ച് സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയൻ രംഗത്ത്. എൽ ഡി എഫിലെ ഘടകകക്ഷികളായ സിപിഎമ്മും സിപിഐയും തമ്മിൽ രൂക്ഷമായ അഭിപ്രായ ഭിന്നത നിലനിൽക്കുന്നതിനിടെയാണ് പുതിയ വിവാദം രൂപപ്പെട്ടിരിക്കുന്നത് .
ചിറ്റയം ഗോപകുമാറും വീണാ ജോർജുമായുണ്ടായ തർക്കത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രതികരണം ദൗർഭാഗ്യകരമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി എ പി ജയൻ അഭിപ്രായപ്പെട്ടു. ക്യാബിനറ്റ് റാങ്കിലുള്ള രണ്ട് പേർ തമ്മിലുള്ള തർക്കം പരിഹരിക്കേണ്ടത് സംസ്ഥാന നേതൃത്വമാണ്. മകളുടെ വിവാഹത്തിന് അച്ഛനെ ക്ഷണിക്കേണ്ടതുണ്ടോ എന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ ചോദ്യത്തിന് മകളുടെ വിവാഹം അച്ഛനെ കാഴ്ചക്കാരനായി ഇരുത്തി കരക്കാർ നടത്തുന്നത് ശരിയാണോ എന്ന മറുചോദ്യവും എപി ജയൻ ഉന്നയിച്ചു.

'മകളുടെ കല്യാണത്തിന് അച്ഛനെ വിളിച്ചില്ല എന്നു പറയും പോലെ...'


ചിറ്റയം ഗോപകുമാർ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സ്വാഭാവികമായി പ്രതികരിക്കുകയായിരുന്നുവെന്നും അദ്ദേഹം എന്തോ തെറ്റായി പറഞ്ഞു എന്നൊന്നും വ്യാഖ്യാനിക്കേണ്ട ആവശ്യമില്ലെന്നും എ പി ജയൻ പറഞ്ഞു. മുന്നണിക്കകത്ത് എല്ലാം ചർച്ച ചെയ്ത് പരിഹരിക്കുമെന്നാണ് പ്രതീക്ഷ എന്നും എ പി ജയൻ പറഞ്ഞു. അതേ സമയം വീണാ ജോർജും ചിറ്റയം ഗോപകുമാറും തമ്മിലുള്ള തര്‍ക്കത്തില്‍ സിപിഎം– സിപിഐ സംസ്ഥാന നേതൃത്വങ്ങള്‍ ഇടപെട്ടിട്ടുണ്ട്. ഇരുനേതാക്കളും മുന്നണിക്കു പരാതി കൊടുത്തതിനാല്‍ ഇവരുടെ ഭാഗം കേള്‍ക്കാന്‍ എല്‍ഡിഎഫ് നേതൃത്വം തീരുമാനിച്ചു. പരസ്യപ്രതികരണത്തിന് മുതിരേണ്ടെന്ന് ഇരുവര്‍ക്കും അതാതു പാര്‍ട്ടികള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആറൻമുള എംഎല്‍എയായ ആരോഗ്യമന്ത്രിയും അടൂര്‍ എംഎല്‍എയായ ഡപ്യൂട്ടി സ്പീക്കറും തമ്മിലുള്ള അഭിപ്രായ ഭിന്നത പരസ്യമായതില്‍ ഇരു പാര്‍ട്ടി നേതൃത്വങ്ങള്‍ക്കും ഇക്കാര്യത്തിൽ വിയോജിപ്പുണ്ട്. ആരോഗ്യമന്ത്രിയുമായും ഡപ്യൂട്ടി സ്പീക്കറുമായും ഇടതുമുന്നണി നേതൃത്വം പ്രത്യേക ആശയവിനിമയം നടത്തും. ഇതിനുശേഷം മാത്രമാകും ഒന്നിച്ചിരുത്തി പ്രശ്നം ചര്‍ച്ച ചെയ്യണമോ എന്ന കാര്യത്തിൽ തീരുമാനമാകുകയെന്നാണ് പാർട്ടിയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ഏറെ നാളായി പത്തനംതിട്ടയിൽ നില നിന്നിരുന്ന സി പി എം സി പി ഐ ഭിന്നത കൊടുമൺ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തെ തുടർന്ന് ഏറെ രൂക്ഷമായി തുടരുന്നതിനിടെ ഉയർന്ന പുതിയ വിവാദം പാർട്ടി പ്രവർത്തകരെ അസ്വസ്ഥരാക്കിയിട്ടുണ്ടെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.


Topic: Veena George, Chittayam Gopakumar, CPI CPIM Issue

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്