ആപ്പ്ജില്ല

ഇവിടെ അടി 'വല്യേട്ട'നും 'കൊച്ചേട്ട'നും തമ്മിൽ! സോഡാക്കുപ്പിയേറും കല്ലേറും വരെ; സിപിഎം-സിപിഐ പോരിന് കാരണമിത്

പത്തനംതിട്ടയിലെ കൊടുമൺ അങ്ങാടിക്കല്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയാണ് സിപിഎം-സിപിഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. സംഭവത്തിൽ പോലീസുകാർക്കടക്കം പരിക്കേറ്റു.

Samayam Malayalam 16 Jan 2022, 9:18 pm
പത്തനംതിട്ട: 'വല്യേട്ട'നും 'കൊച്ചേട്ട'നും തമ്മിൽ തർക്കം നിലനിൽക്കുന്ന കൊടുമണ്ണിൽ, സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ഇരുവരും തമ്മിൽ ഏറ്റുമുട്ടി. ഇരു വിഭാഗത്തിൽ പെട്ടവർക്കും സിഐ അടക്കം പോലീസിനും പരിക്ക്. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. സിപിഎം-സിപിഐ പ്രവര്‍ത്തകരാണ് ഏറ്റുമുട്ടിയത്. കൊടുമൺ അങ്ങാടിക്കല്‍ സഹകരണ ബാങ്കില്‍ ഭരണം തുടരാന്‍ സിപിഎമ്മും അഴിമതി ആരോപിച്ചു ഭരണക്കാരെ പുറത്താക്കാന്‍ സിപിഐയും ശ്രമിച്ചിരുന്നു. സഹകരണ സംരക്ഷണം പറയുന്ന യുഡിഎഫ് മത്സരിക്കാതെ തന്നെ കളത്തിന് പുറത്താകുകയും ചെയ്തു. സിപിഎം വര്‍ഷങ്ങളായി ഭരിക്കുന്ന അങ്ങാടിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിനിടെ കള്ളവോട്ടിന്റെ പേരിലാണ് അക്രമവും സംഘര്‍ഷവും ഉണ്ടായത്.
Samayam Malayalam report on reason for issue between cpm and cpi at kodumon of pathanamthitta
ഇവിടെ അടി 'വല്യേട്ട'നും 'കൊച്ചേട്ട'നും തമ്മിൽ! സോഡാക്കുപ്പിയേറും കല്ലേറും വരെ; സിപിഎം-സിപിഐ പോരിന് കാരണമിത്



​വ്യാജവോട്ടിൻ്റെ പേരിൽ വാക്കേറ്റം

രാവിലെ തെരഞ്ഞെടുപ്പ് ആരംഭിച്ചപ്പോൾ തന്നെ വ്യാജ വോട്ടിന്റെ പേരിൽ വാക്കേറ്റവും തുടങ്ങിയിരുന്നു. പോലീസ് ഇത് പറഞ്ഞു തീർത്തു. എന്നാൽ ഉച്ചക്ക് ശേഷമാണ് വീണ്ടും രണ്ടു കൂട്ടരും ഉരസിയത്. പരസ്പരം കല്ലേറും സോഡാക്കുപ്പി കൊണ്ട് അടിയും നടന്നു. സോഡക്കുപ്പി കൊണ്ടുള്ള ഏറില്‍ തലയ്ക്ക് പരിക്കേറ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ മഹേഷ്‌ കുമാര്‍, അടൂര്‍ കെഎപി മൂന്നാം ബറ്റാലിയനിലെ പോലീസുകാരായ ജിനു കോശി, രാഹുല്‍ എന്നിവര്‍ ആശുപത്രിയിൽ ചികിത്സയിലാണ്. സിപിഎം പ്രവര്‍ത്തകരായ വിഷ്ണു, പ്രഭ, സുധീഷ് എന്നിവര്‍ക്കും പരിക്കുണ്ട്. ഇവരെല്ലാം അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊടുമണ്‍ ഡിവിഷനില്‍ നിന്നുള്ള സിപിഎമ്മിന്റെ ജില്ലാ പഞ്ചായത്തംഗം ബീന പ്രഭയുടെ ഭര്‍ത്താവാണ് പരുക്കേറ്റ പ്രഭ.

​സിപിഐ-സി പി എം സംഘർഷം തുടർക്കഥ

ബാങ്ക് ഭരണം നിലനിര്‍ത്താന്‍ സിപിഎമ്മും കള്ളവോട്ട് തടയാനും അഴിമതി ഭരണം അവസാനിപ്പിക്കാനും സിപിഐയും അടൂര്‍ ലോബിയെ ആണ് ഇറക്കിയത്. അടുത്തിടെ ഈ പ്രദേശങ്ങളിൽ എല്ലാം സിപിഐ-സി പി എം സംഘർഷം നടന്നിരുന്നു. വര്‍ഷങ്ങളായി സിപിഎം ഒറ്റയ്ക്ക് ഭരണം നടത്തിയിരുന്ന ബാങ്കില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്ന ആരോപണത്തിനിടെ ആയിരുന്നു തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചത്.

​സോഡാകുപ്പിയേറും കല്ലേറും

അങ്ങാടിക്കല്‍ വടക്ക് എസ്‌എന്‍വി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ രാജാറാവുവാണ് നിലവില്‍ ബാങ്ക് പ്രസിഡന്റ്. എന്നാൽ മറ്റൊരു പരാതിയുടെ പേരില്‍ രാജാറാവുവിനെതിരേ അന്വേഷണം നടക്കുകയാണ്. ഇതേ തുടർന്ന് റാവുവിനെ മാറ്റി നിര്‍ത്തിയാണ് സിപിഎം സ്ഥാനാർഥികളെ മത്സരത്തിനിരക്കിയത്. അങ്ങാടിക്കല്‍ വടക്ക് എസ്‌എന്‍വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളായിരുന്നു പോളിങ് സ്റ്റേഷൻ. കള്ളവോട്ടിനെ ചൊല്ലി ഇരു വിഭാഗവും ഇവിടെ വാക്കേറ്റം നടക്കുന്നതിനിടയിൽ സമീപത്തെ കടയില്‍ നിന്നും സോഡാകുപ്പികളും കല്ലുകളും ഇതിനിടയിലേക്ക് എറിഞ്ഞു. ഇതിലാണ് പോലീസിന് ഏറു കൊണ്ടത്. സംഘര്‍ഷം സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പോലിസും ക്യാമ്പുചെയ്യുന്നുണ്ടായിരുന്നു. തലയ്ക്കും മറ്റും പരിക്കേറ്റവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവശിപ്പിച്ചു.

​പാര്‍ട്ടി മെമ്പര്‍മാർ രാജിവെച്ച്‌ സിപിഐയില്‍

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ സിപിഐ സീറ്റ് ആവശ്യപ്പെട്ടെങ്കിലും സിപിഎം വഴങ്ങിയില്ല. വര്‍ഷങ്ങളായി സിപിഎം ഒറ്റക്ക് ഭരിക്കുന്ന ബാങ്കിൽ നിലവിലെ സ്ഥിതി തുടരാന്‍ തീരുമാനിച്ചതിനാല്‍ സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന് സിപിഎം നേതൃത്വം അറിയിച്ചതാടെയാണ് സിപിഐ ഒറ്റക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. പോലീസ് സുരക്ഷയിലാണ് വൈകിട്ട് വോട്ടെണ്ണല്‍ നടന്നത്. രണ്ടാഴ്ച മുമ്പും സിപിഎം അങ്ങാടിക്കല്‍ ലോക്കല്‍ കമ്മിറ്റിയുടെ കീഴിലുള്ള അങ്ങാടിക്കല്‍ വടക്ക് സീയോന്‍ കുന്ന് ബ്രാഞ്ചിലെ മുഴുവന്‍ പാര്‍ട്ടി മെമ്പര്‍മാരും രാജിവെച്ച്‌ സിപിഐയില്‍ ചേര്‍ന്നിരുന്നു. ഇതും ഇരു വിഭാഗങ്ങളും തമ്മിൽ അകൽച്ചക്ക് കാരണമായി.ഇത് കൊടുമൺ അങ്ങാടിക്കല്‍ മേഖലയില്‍ സംഘര്‍ഷ സാധ്യത നിലനിർത്തിയിരുന്നു.

​വിജയിച്ചത് സിപിഎം

പിന്നീട് സിപിഎം അങ്ങാടിക്കല്‍ പ്രദേശത്ത് വിശദീകരണ യോഗങ്ങള്‍ നടത്തുകയും പാര്‍ട്ടി വിട്ട ചിലരെ തിരികെ കൊണ്ടുവരികയും ചെയ്തിരുന്നു. മുന്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം ബി സഹദേവനുണ്ണിത്താന്‍, ഡിവൈഎഫ്‌ഐ മുന്‍ വില്ലേജ് സെക്രട്ടറി സുരേഷ് കുമാര്‍, സിയോന്‍ കുന്ന് ബ്രാഞ്ച് സെക്രട്ടറിയും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന അഡ്വ. മറിയാമ്മ തോമസ് എന്നിവരുടെ നേതൃത്വത്തില്‍ 70 ഓളം പേരാണ് സിപിഎം വിട്ടത്. സിപിഎമ്മും സിപിഐയും തമ്മിൽ ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപങ്ങളിൽ പലയിടത്തും തർക്കം തുടരുന്നതിനിടെയാണ് ഇപ്പോൾ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘർഷം. തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥികൾ വിജയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്