ആപ്പ്ജില്ല

കഷായപ്പൊടി വാങ്ങി കഷായം ഉണ്ടാക്കി ഗ്രീഷ്മ, കുടിച്ചതും ഛർദിച്ച് ഷാരോൺ; ബന്ധം വേർപ്പെടുത്താൻ ഒടുവിൽ കടുംകൈ

ഷാരോണും പ്രതിയായ ഗ്രീഷ്മയും തമ്മിൽ ഒരു വർഷമായി അടുപ്പമുണ്ടെന്നും വിവാഹ നിശ്ചയത്തിനുശേഷമാണ് ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ ശ്രമം തുടങ്ങിയതെന്നും എഡ‍ിജിപി അജിത് കുമാർ.

Samayam Malayalam 30 Oct 2022, 11:18 pm
തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് കൊലക്കേസ് വിശദീകരിച്ച് എഡ‍ിജിപി അജിത് കുമാർ. ഷാരോണും പ്രതിയായ ഗ്രീഷ്മയും തമ്മിൽ ഒരു വർഷമായി അടുപ്പമുണ്ട്. ഫെബ്രുവരി മാസം ഇരുവരും തമ്മിൽ പിണക്കം ഉണ്ടായി. ഇതേ മാസം മറ്റൊരാളുമായി ഗ്രീഷ്മയുടെ വിവാഹം നിശ്ചയിച്ചു. അതിനു ശേഷവും ഷാരോണും ഗ്രീഷ്മയും ബന്ധം നിലനിർത്തി. ഈ അടുത്ത കാലത്താണ് ബന്ധത്തിൽ വിള്ളൽ വീണത്. ഇതേ തുടർന്ന് ഷാരോണിനെ ഒഴിവാക്കാനാണ് കൊലപാതകം നടത്തിയതെന്ന് ഗിരീഷ്മ സമ്മതിച്ചുവെന്നു എഡിജിപി വാർത്താസമ്മേളനത്തിൽ അറിയിച്ചു. എഡിജിപിയുടെ വാക്കുകൾ ചുവടെ.
Samayam Malayalam adgp ajith kumar on parassala sharon raj case
കഷായപ്പൊടി വാങ്ങി കഷായം ഉണ്ടാക്കി ഗ്രീഷ്മ, കുടിച്ചതും ഛർദിച്ച് ഷാരോൺ; ബന്ധം വേർപ്പെടുത്താൻ ഒടുവിൽ കടുംകൈ



​ഉദ്ദേശം കൊല്ലണമെന്ന് തന്നെ

ഷാരോണിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ വീട്ടിൽ വിളിച്ചുവരുത്തി കീടനാശിനി കലർത്തിയ കഷായം കുടിപ്പിക്കുകയായിരുന്നു. കഷായം കുടിച്ചതും ഷാരോൺ ഗ്രീഷ്മയുടെ വീട്ടിൽ ഛർദിച്ചു. തുടർന്ന് സുഹൃത്തിനൊപ്പം ഷാരോൺ മടങ്ങിയെന്നാണ് ഗ്രീഷ്മയുടെ മൊഴി. കുപ്പിയിലുണ്ടായിരുന്ന കഷായം അല്ല ഷാരോണിനു നൽകിയത്, പുറത്തുനിന്നു വാങ്ങിച്ച കഷായപ്പൊടി ഉപയോഗിച്ചു ഗ്രീഷ്മ സ്വയം തയ്യാറാക്കിയ കഷായമാണ് നൽകിയതെന്നാണ് മൊഴിയിൽ പറയുന്നത്.


​കയ്പ്പുള്ള കഷായം

വീട്ടിലുണ്ടായിരുന്ന എല്ലാവരും കയ്പ്പുള്ള കഷായം കുടിക്കുന്നതിനെ ഷാരോൺ കളിയാക്കിയിരുന്നു. താനും കുടിച്ചു കാണിക്കാമെന്ന് ഷാരോൺ പറ‍ഞ്ഞിരുന്നു. ഷാരോൺ വീട്ടിലെത്തിയപ്പോൾ കഷായം കുടിക്കാൻ നിർബന്ധിക്കുകയായിരുന്നു. ഷാരോണിൻ്റെ മരണം നടന്ന് പിറ്റേദിവസം തന്നെ ഗ്രീഷ്മയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിൽ വൈരുധ്യം ഉണ്ടായിരുന്നു. ഷാരോണിൻ്റെ മരണം ആസിഡ് കുടിച്ചാണെന്നു പോസ്റ്റുമോർട്ടത്തിൽ കണ്ടെത്താനായിരുന്നില്ല. ഛർദി നീല കലർന്ന മഞ്ഞനിറത്തിലാണെന്നു പറഞ്ഞതോടെ കോപ്പർ സൾഫേറ്റാണോ (തുരിശ്) കഴിച്ചതെന്നു കണ്ടെത്താനായി തുടർപരിശോധനയ്ക്ക് തീരുമാനിച്ചുവെന്ന് ഫോറൻസിക് ഡോക്ടർ അറിയിച്ചിരുന്നു.

​ഛർദിക്ക് നിറവ്യത്യാസം, അത് തുരിശല്ല

ഛർദിക്ക് നിറവ്യത്യാസം വരാനുള്ള കാരണം ക്രൈം ബ്രാഞ്ച് അന്വേഷിച്ചു. കരളിനെയും വൃക്കയെയും ബാധിക്കുന്നതിനാലാണ് ഇത്തരം നിറവ്യത്യാസങ്ങൾ ഉണ്ടാകുന്നത്, അതിനാൽ രണ്ട് അവയവങ്ങളെയും ബാധിക്കുന്ന വിഷപദാർഥങ്ങളിലേക്കു അന്വേഷണം വ്യാപിപ്പിച്ചു. തുടർന്നാണ് കഷായത്തിൽ കലർത്തിയ കീടനാശിനിയിലേക്ക് എത്തിയത്. എന്നാൽ ഗ്രീഷ്മ നൽകിയ കീടനാശിനിയിൽ കോപ്പർ സൾഫേറ്റില്ല. കീടനാശിനി വീട്ടിൽ ഉണ്ടായിരുന്നതാണെന്നാണ് പ്രതിയുടെ മൊഴി. ഇതുസംബന്ധിച്ചും കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ട്.

​വിവാഹിതരല്ല, കടുംകൈയിലേക്ക് എത്തിയത്

ഷാരോണിൻ്റെയും ഗ്രീഷ്മയുടെ കല്യാണം നടന്നിട്ടില്ല. പള്ളിയിൽ പോയി സിന്ദൂരം ചാർത്തി നൽകിയെന്നതു ശരിയാണ്. വിവാഹ നിശ്ചയത്തിനു ശേഷം ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കാനായി പലതവണ ശ്രമിച്ചിട്ടുണ്ട്. ജാതകദോഷമടക്കം ചൂണ്ടിക്കാട്ടി ബന്ധം വേർപിരിയാൻ ഗ്രീഷ്മ ശ്രമിച്ചെങ്കിലും ഷാരോൺ തയ്യാറായിരുന്നില്ല. ഒടുവിലാണ് കൊലപാതകമെന്ന കടുംകൈയിലേക്ക് എത്തുന്നത്.

​മാതാപിതാക്കൾക്കെതിരെ തെളിവില്ല

ഷാരോൺ മുമ്പു രണ്ടുതവണ ഛർദിച്ചതായി പറയുന്നുണ്ട്. എന്നാൽ ഇതു വിഷം നൽകിയതിനെ തുടർന്നാണെന്നു സ്ഥിരീകരിക്കാനുള്ള തെളിവുകൾ ലഭിച്ചിട്ടില്ല. ഷാരോണിൻ്റെ മരണമൊഴിയിൽ ഗ്രീഷ്മയ്ക്ക് എതിരായി ഒന്നും പറഞ്ഞിട്ടില്ല. കൊലപാതകവിവരം ഗ്രീഷ്മ മറ്റാരോടും പറഞ്ഞിട്ടില്ലെന്നാണ് അവർ അവകാശപ്പെടുന്നത്. ഗ്രീഷ്മയുടെ മാതാപിതാക്കളെ പ്രതിയാക്കാനുള്ള തെളിവുകൾ പ്രാഥമിക അന്വേഷണത്തിൽ ലഭിച്ചിട്ടില്ലെന്നും എഡിജിപി പറഞ്ഞു.

Video-ഷാരോൺ രാജ് കൊലക്കേസ് വിശദീകരിച്ച് എഡിജിപി അജിത് കുമാർ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്