ആപ്പ്ജില്ല

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കുമോ ബിജെപി? സിറ്റിംഗ് സീറ്റിൽ എസ് സുരേഷിനെ മത്സരിപ്പിക്കുന്നതിന് പിന്നിൽ

തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ വാശിയേറിയ പോരാട്ടം.

Samayam Malayalam 17 Nov 2020, 11:53 am
തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ മുന്നേറ്റമുണ്ടാക്കാനുള്ള ശ്രമത്തിലാണ് മൂന്ന് മുന്നണികളും. തിരുവനന്തപുരം കോര്‍പ്പറേഷന് പുറമേ ശക്തമായ മത്സരം നടക്കുന്നത് ജില്ലാ പഞ്ചായത്തിലേക്കാണ്, മികച്ച ഭൂരിപക്ഷത്തോടെ തന്നെ ജില്ലാ പഞ്ചായത്ത് നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ്. കഴിഞ്ഞ തവണ കൈവിട്ട് പോയ ഭരണം തിരിച്ച് പിടിക്കാനുള്ള പ്രയത്‌നത്തില്‍ യുഡിഎഫ്. നിയമസഭാ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ ജില്ലയിലുണ്ടായ മുന്നേറ്റം ജില്ലാപഞ്ചായത്തിലും ആവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.
Samayam Malayalam bjp leader s suresh contesting from venganoor divsion in thiruvananthapuram district panchayat election 2020
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കുമോ ബിജെപി? സിറ്റിംഗ് സീറ്റിൽ എസ് സുരേഷിനെ മത്സരിപ്പിക്കുന്നതിന് പിന്നിൽ



​നിലവിലെ കക്ഷിനില

26 ഡിവിഷനുകളില്‍ 19 എണ്ണമാണ് എല്‍ഡിഎഫിന്റെ കൈവശമുള്ളത്. ആറെണ്ണം യുഡിഎഫിനും ഒരെണ്ണം ബിജെപിക്കുമാണ്. ജില്ലാ പഞ്ചായത്ത് രൂപവത്കരിച്ചതിന് ശേഷം നാലു തവണ തുടര്‍ച്ചയായി ഭരണം എല്‍ഡിഎഫിനായിരുന്നു. 2010 ല്‍ യുഡിഎഫ് ആദ്യമായി ഭരണം പിടിച്ചെടുത്തു. കഴിഞ്ഞ തവണ ആദ്യമായാണ് ബിജെപിക്ക് ഒരു ഡിവിഷന്‍ ലഭിക്കുന്നത്. വെങ്ങാനൂര്‍ ഡിവിഷനാണ് ബിജെപിക്ക് ലഭിച്ചത്. ബിജെപി കന്നി അങ്കത്തിനു ഇറക്കിയ ലതാകുമാരി യുഡിഎഫിന്റെ ഭാഗമായിരുന്ന (എല്‍ജെഡി) എസ് ഷിനിയെ 570 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്.

​സിറ്റിംഗ് സീറ്റ് നിലനിർത്തണം, ബിജെപിക്ക് ലക്ഷ്യം 5 സീറ്റ്

വെങ്ങാനൂരിലെ സിറ്റിംഗ് സീറ്റ് നിലനിര്‍ത്തുക ഇത്തവണ ബിജെപിക്ക് വന്‍വെല്ലുവിളിയാണ്. ഇത്തവണ 5 ഡിവിഷനെങ്കിലും പിടിക്കുമെന്ന വാശിയിലാണ് ബിജെപി. നിലവില്‍ വെങ്ങാനൂര്‍ പഞ്ചായത്തും സമീപത്തുള്ള പള്ളിച്ചല്‍ പഞ്ചായത്തും ബിജെപിയാണ് ഭരിക്കുന്നത്. ബിജെപിക്ക് അനുകൂലമായ രണ്ട് പഞ്ചായത്തും വെങ്ങാനൂര്‍ ജില്ല ഡിവിഷനിലായതുകൊണ്ട് അവിടെയും തുടര്‍ ജയമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. സീറ്റു നിലനിര്‍ത്താന്‍ സംസ്ഥാന സെക്രട്ടറിയും ജില്ലയുടെ മുന്‍ പ്രസിഡന്റുമായ എസ് സുരേഷിനെ ആണ് ബിജെപി ഇത്തവണ നിയോഗിച്ചിരിക്കുന്നത്.

​രണ്ടാം അങ്കത്തിനിറങ്ങി എസ് സുരേഷ്

ജില്ലാ പഞ്ചായത്തില്‍ ഇതേ ഡിവിഷനില്‍ സുരേഷിന് ഇതു രണ്ടാം അങ്കമാണ്. 2010 ല്‍ ആയിരുന്നു ആദ്യ മത്സരം. അന്നു വിജയിക്കാന്‍ ആയില്ലെങ്കിലും 14,000ത്തില്‍ പരം വോട്ടുകള്‍ നേടി ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ ബിജെപി കേരളത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടുന്ന ഡിവിഷന്‍ എന്ന പേര് ഉണ്ടാക്കാനായി. വെങ്ങാനൂര്‍ ഡിവിഷനിലെ രണ്ടു ഗ്രാമപ്പഞ്ചായത്തുകളില്‍ ഭരണമുള്ളത് ഉള്‍പ്പെടെ വികസന പദ്ധതികളും ഇത്തവണ വിജയ പ്രതീക്ഷ ഉയര്‍ത്തുന്നതായി എസ് സുരേഷ് പറഞ്ഞു. അതേസമയം മറ്റു ഡിവിഷനുകളിലും ബിജെപി വിജയസാധ്യത പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ സീറ്റുകള്‍ നേടുക ബിജെപിക്ക് വലിയ വെല്ലുവിളിയാണെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

​സകല അടവുകളുമായി യുഡിഎഫ്

2010 ല്‍ ജില്ല പഞ്ചായത്ത് ഭരണം സ്വന്തമാക്കിയ യുഡിഎഫിന് കഴിഞ്ഞ തവണ ലഭിച്ചത് വെറും 6 സീറ്റാണ്. കരുത്തരായ സ്ഥാനാര്‍ഥികളില്ലാത്തതിനാലാണ് പരാജയം ഏറ്റുവാങ്ങേണ്ടി വന്നതെന്ന് അന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. 2015 ലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചകളും അന്ന് ജില്ലാ യുഡിഎഫില്‍ ചര്‍ച്ചയും പ്രതിഷേധവുമുണ്ടാക്കിയിരുന്നു. എന്നാല്‍ ഇത്തവണ ഭരണം തിരിച്ചു പിടിക്കാനുള്ള സകല അടവുകളുമൊരുക്കി ശക്തരായ സ്ഥാനാര്‍ഥികളെയാണ് യുഡിഎഫ് നേതൃത്വം അവതരിപ്പിക്കുന്നത്.

​രണ്ടാം ഘട്ട പ്രചാരണത്തിലേക്ക് എൽഡിഎഫ്

യുഡിഎഫിന് മുൻപേ പ്രചാരണ രംഗത്ത് ആദ്യം ഇറങ്ങിയ ഇടത് മുന്നണി ആദ്യഘട്ട പ്രചാരണങ്ങള്‍ പൂര്‍ത്തിയാക്കി രണ്ടാം ഘട്ടത്തിലേക്ക് കടന്നു. 19 സീറ്റ് സിപിഎമ്മിനും 4 എണ്ണം സിപിഐയുക്കുമാണ്. ജനതാദള്‍ (എസ് ), ജെഡിഎസ്, കേരള കോണ്‍ഗ്രസ് എന്നിവര്‍ക്ക് ഓരോ സീറ്റ് വീതമുണ്ട്. 9 വനിതകളെയാണ് സിപിഎം രംഗത്തിറക്കിയിരിക്കുന്നത്. പുതുമുഖങ്ങളെയും പ്രാദേശിക തലത്തിലുള്ള നേതാക്കളെയുമാണ് എല്‍ഡിഎഫ് കൂടുതലും കളത്തിലിറക്കിയത്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ജില്ലാ പഞ്ചായത്തില്‍ നടപ്പാക്കിയ വികസനം ചൂണ്ടിക്കാട്ടിയാണ് ഇടതിന്റെ പ്രചാരണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്