ആപ്പ്ജില്ല

പിണറായി വിജയന്‍ ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കി; സത്യപ്രതിജ്ഞ പത്തിനകം, വീഡിയോ

തുടർഭരണത്തിനായി പുതിയ ഇടത് മന്ത്രിസഭ രൂപീകരിക്കുന്നതിന് മുന്നോടിയായാണ് മുഖ്യമന്ത്രി പിണറായി വിജയൻ രാജിക്കത്ത് കൈമാറിയത്. ഈ മാസം പത്തിനകം പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യും

Lipi 3 May 2021, 4:20 pm

ഹൈലൈറ്റ്:

  • കണ്ണൂരിൽ നിന്ന് രാവിലെ മുഖ്യമന്ത്രി തലസ്ഥാനത്തെത്തി
  • നിലവിലെ മന്ത്രിസഭ കാവൽമന്ത്രിസഭയായി തുടരും
  • കക്ഷിനില അനുസരിച്ച് സിപിഎമ്മിന് കൂടുതൽ മന്ത്രിമാരുണ്ടാകും
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തുടര്‍ഭരണം ലഭിച്ച ചരിത്രവിധിയ്ക്ക് ശേഷം തലസ്ഥാനത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കി. രാവിലെ കണ്ണൂരില്‍ നിന്ന് തലസ്ഥാനത്തെത്തിയ മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിന് ശേഷം രാജ്ഭവനിലെത്തിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാജിക്കത്ത് സമര്‍പ്പിച്ചത്. രാജിക്കത്ത് അംഗീകരിച്ച ശേഷം ഗവര്‍ണര്‍ മന്ത്രിസഭയെ കാവല്‍മന്ത്രിസഭയായി തുടരാന്‍ അനുവദിക്കും.

വിജയികളെ വിജ്ഞാപനം ചെയ്ത് പുതിയ നിയമസഭ രൂപവത്കരിക്കുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനാണ്. അത് ചൊവ്വാഴ്ചയോടെയുണ്ടാവും. തുടര്‍ന്ന് എല്‍.ഡി.എഫ്. മുഖ്യമന്ത്രിയെ നിശ്ചയിച്ച് ഗവര്‍ണറെ അറിയിക്കുന്നതോടെ മന്ത്രിസഭാ രൂപവത്കരണത്തിന് അദ്ദേഹം ക്ഷണിക്കും. ബുധനാഴ്ച മുതല്‍ ഒമ്പതാം തീയതിവരെ കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ പത്തിന് സത്യപ്രതിജ്ഞ നടക്കാനാണ് സാധ്യത. അതിനിടെ, ഇടത് മുന്നണിയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചു. മന്ത്രിസഭ രൂപീകരണ ചര്‍ച്ചകള്‍ക്ക് നാളെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ചേരും.
വികെ പ്രശാന്ത് അന്നേ മേയര്‍ ആര്യയോട് പറഞ്ഞിരുന്നു, എന്നിട്ടും 'പണി ഇരന്നുവാങ്ങി' ! വീഡിയോ കാണാം
കക്ഷി നിലയനുസരിച്ച് സി.പി.എമ്മിന് കൂടുതല്‍ മന്ത്രിമാര്‍ ഉണ്ടാകുമെങ്കിലും പുതിയ ഘടകകക്ഷികള്‍ ഉള്ളതിനാല്‍ കഴിഞ്ഞ സര്‍ക്കാരില്‍ ലഭിച്ചയത്ര മന്ത്രിസ്ഥാനം ലഭിക്കില്ല. 17 സീറ്റില്‍ വിജയിച്ച സി.പി.ഐയ്ക്ക് നാല് മന്ത്രിമാര്‍ ഇത്തവണയുമുണ്ടാകും. കഴിഞ്ഞ തവണ എല്ലാ ഘടകക്ഷികള്‍ക്കും മന്ത്രിസ്ഥാനം നല്‍കിയെങ്കിലും ഇത്തവണ അതുണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. നിരവധി പുതുമുഖങ്ങള്‍ ഉള്‍പ്പെട്ട മന്ത്രിസഭ ആയിരിക്കും വരുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍ എന്നിവരും മന്ത്രിമാരാകും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എച്ച്. കുഞ്ഞമ്പു, സജി ചെറിയാന്‍, വി.എന്‍. വാസവന്‍, എം.ബി. രാജേഷ് എന്നിവര്‍ക്കും സാധ്യത കൂടുതലാണ്.

തിരുവനന്തപുരത്തുനിന്ന് കടകംപള്ളിക്ക് പകരം വി. ശിവന്‍കുട്ടി മന്ത്രിസഭയിലെത്തും. വിവാദങ്ങള്‍ക്ക് പിന്നാലെ രാജിവെച്ച കെടി ജലീലിന് വീണ്ടും അവസരം നല്‍കണമോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടാണ് നിര്‍ണ്ണായകം. സിഐടിയു പ്രതിനിധിയായി പൊന്നാനിയില്‍ നിന്ന് ജയിച്ച പി നന്ദകുമാറിനെ പരിഗണിക്കാന്‍ സാധ്യതയുണ്ട്. കെകെ ശൈലജയ്ക്ക് പുറമെ മറ്റൊരു വനിതയെ കൂടി പരിഗണിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ആറന്‍മുള എംഎല്‍എ വീണ ജോര്‍ജ് മന്ത്രിയാകും. ഇല്ലെങ്കില്‍ സ്പീക്കര്‍ ആക്കിയേക്കും. സിപിഐയില്‍ നിന്ന് പി പ്രസാദ്, ജെ ചിഞ്ചുറാണി, ചിറ്റയം ഗോപകുമാര്‍, കെ രാജന്‍, ഇകെ വിജയന്‍, ടൈസണ്‍ മാസ്റ്റര്‍ എന്നിവര്‍ പരിഗണനയിലുണ്ട്.

കൊടകര കവര്‍ച്ച: പോലീസ് തുറന്ന് പറയാത്തതെന്തെന്ന് ചെന്നിത്തല, വീഡിയോ

കേരളകോണ്‍ഗ്രസില്‍ നിന്ന് റോഷി അഗസ്റ്റിന്‍, എന്‍ ജയരാജ് എന്നിവരില്‍ ഒരാള്‍ മന്ത്രിയാകും. ജെഡിഎസില്‍ നിന്ന് മാത്യു ടി തോമസോ,കെ കൃഷ്ണന്‍കുട്ടിയോ മന്ത്രിസഭ യിലേക്ക് വരും. എന്‍സിപിയുടെ രണ്ട് എംഎല്‍എമാരില്‍ ഒരാള്‍ മന്ത്രിയാകും. ഓരോ സീറ്റില്‍ വിജയിച്ച എല്‍ജെഡി, കോണ്‍ഗ്രസ് എസ്, കേരള കോണ്‍ഗ്രസ് ബി, ജനാധിപത്യകേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍, ആര്‍എസ് പി ലെനിനിസ്റ്റ് എന്നിവരില്‍ ചിലര്‍ക്ക് മാത്രം മന്ത്രിസ്ഥാനം നല്‍കാനാണ് സാധ്യത.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്