ആപ്പ്ജില്ല

മത്സ്യക്കച്ചവടക്കാരനായ മാഹിൻ കണ്ണുമായി പ്രണയം, താമസം ഒരുമിച്ച്, കുട്ടിയുമായി, റുഖിയയുടെ ഫോൺ വിളിയോടെ എല്ലാം തകിടം മറിഞ്ഞു, വിദ്യയേയും കുട്ടിയേയും കൊലപ്പെടുത്തി

Poovachal vidhya and daughter missing case: പൂവാർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കാൻ പണം ആവശ്യപ്പെട്ടതായും കുടുംബം ആരോപിക്കുന്നുണ്ട്. കാണാതായ ദിവസത്തെ മാഹിൻകണ്ണിന്‍റെ ഫോൺ രേഖകൾ കിട്ടിയിട്ടും പോലീസ് ഒരു നടപടിയുമെടുത്തില്ലെന്നും പോലീസിനെതിരെ ആരോപണം ഉയരുന്നുണ്ട്.

തിരുവനന്തപുരം: പതിനൊന്ന് വർഷമായി കാണാതായ വിദ്യയേയും മകളെയും കൊലപ്പെടുത്തിയതാണെന്ന് ഒടുവിൽ തെളിഞ്ഞു. ഊരുട്ടമ്പലം സ്വദേശി വിദ്യയും മകൾ ഗൗരിയുമാണു കൊല്ലപ്പെട്ടത്. വിദ്യയുടെ പങ്കാളി മാഹിൻ കണ്ണാണ് പതിനൊന്ന് വർഷത്തിന് ശേഷം കുറ്റസമ്മതം നടത്തിയിരിക്കുന്നത്. 2011 ആഗസ്ത് 18 ന് വൈകീട്ടാണ് വിദ്യയെയും രണ്ടര വയസ്സുകാരിയായ മകൾ ഗൗരിയെയും അവസാനമായി നാട്ടുകാർ കണ്ടത്. അന്ന് വൈകിട്ട് ഇരുവരെയും ബൈക്കിൽ‌ കയറ്റി മാഹിൻ കണ്ണ് കൊണ്ടുപോകുന്നത് നാട്ടുകാർ കണ്ടതാണ്. എന്നാൽ അതിന് ശേഷം വിദ്യയേയും കുട്ടിയേയും ആരും കണ്ടില്ല. വർഷങ്ങൾ നീണ്ട തിരോധാനം കൊലപാതമായിരുന്നു എന്ന് തെളിയുമ്പോൾ പോലീസിന്‍റെ ഗുരതര വീഴ്ച കൂടിയാണ് വെളിച്ചത്തു വരികയാണ്.
Samayam Malayalam details about poovachal woman vidhya and daughter missing case
മത്സ്യക്കച്ചവടക്കാരനായ മാഹിൻ കണ്ണുമായി പ്രണയം, താമസം ഒരുമിച്ച്, കുട്ടിയുമായി, റുഖിയയുടെ ഫോൺ വിളിയോടെ എല്ലാം തകിടം മറിഞ്ഞു, വിദ്യയേയും കുട്ടിയേയും കൊലപ്പെടുത്തി


​മത്സ്യകച്ചവടത്തിനിടയിൽ പ്രണയം


2008ലാണ് ചന്തയിൽ മത്സ്യ കച്ചവടത്തിന് എത്തിയ മാഹിൻകണ്ണ് വിദ്യയുമായി ഇഷ്ടത്തിലാകുന്നത്. ഇരുവരും ഒരുമിച്ച് താമസം തുടങ്ങി. അതിനിടെ വിദ്യ ഗർഭിണിയുമായി. കല്യാണം കഴിക്കാൻ വിദ്യയും കുടുംബവും തുടക്കം മുതൽ നിർബന്ധിച്ചെങ്കിലും മാഹിൻകണ്ണ് തയാറായിരുന്നില്ല. ഗർഭിണിയായതോടെ വിവാഹം കഴിക്കണമെന്ന ആവശ്യത്തിൽ വിദ്യ സമ്മർദം ശക്തമാക്കി. ഇതിനിടയിൽ മാഹിൻ കണ്ണ് വിദേശത്തേക്ക് പോകുകയും ചെയ്തു. കുഞ്ഞിന് ഒരു വയസായപ്പോൾ മാഹിൻകണ്ണ് നാട്ടിലേക്കു തിരിച്ചു വന്നു.

​റുഖിയയുടെ ഫോൺ കോൾ


മാഹിൻ കണ്ണ് നാട്ടിലെത്തിയ വിവരം വിദ്യ അറിയുന്നത് വിദേശത്ത് നിന്ന് എത്തി കുറച്ച് ദിവസങ്ങൾ‌ കഴിഞ്ഞാണ്. വിദ്യ നിർബന്ധിച്ച് മാഹിൻ കണ്ണിനെ വീട്ടിലേക്ക് തിരികെ കൊണ്ടു വന്നു. വിദ്യയും മാഹിൻ കണ്ണും വീട്ടിലുള്ളപ്പോഴായിരുന്നു ആദ്യ ഭാര്യ റുഖിയയുടെ ഫോൺ‌ വരുന്നത്. മാഹിൻകണ്ണ് വിവാഹിതനാണെന്ന കാര്യം വിദ്യ മനസിലാക്കിയത് അപ്പോഴാണ്. ഇതേച്ചൊല്ലി ഇരുവരും നിരന്തരം വഴക്കിലായെന്നാണ് റിപ്പോർട്ട്. കാണാതാകുന്ന ദിവസം വിദ്യയും മകളും വാഹനാപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന സഹോദരി ശരണ്യയുമാണ് വീട്ടിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്.

​പുറത്തേക്ക് പോകുന്നെന്ന് അമ്മയോട് പറഞ്ഞു


വിദ്യയുടെ അമ്മ വീട്ടിലുണ്ടായിരുന്നില്ല. വിദ്യ ഫോണിൽ വിളിച്ചു രണ്ടര വയസ്സുകാരിയായ മകൾക്കും മാഹിൻകണ്ണിനോടൊപ്പം വൈകിട്ട് പുറത്തേക്കു പോകുകയാണെന്ന് അറിയിച്ചിരുന്നു. വിദ്യ തിരികെ വീട്ടിലെത്താത്തതിനെ തുടർന്ന് പൂവാർ സ്റ്റേഷനിൽ പരാതി നൽകി. വിദ്യയെയും മകളെയും വേളാങ്കണ്ണിയിലുള്ള സുഹൃത്തിന്റെ വീട്ടിലാക്കിയെന്നായിരുന്നു മാഹിൻ‌ കണ്ണ് പോലീസിനോട് പറഞ്ഞത്. എന്നാൽ ഒന്നും അന്വേഷക്കാതെ വിദ്യയേയും മകളെയും കൂട്ടിക്കൊണ്ടുവരാൻ മാഹിനോട് തന്നെ പോലീസ് പറയുകയായിരുന്നു. പിന്നീട് പോലീസ് ഈ കേസ് അന്വേഷിച്ചില്ലെന്നാണ് പരാതി.

​വിദേശത്തേക്ക് മുങ്ങി


അവിടെ നിന്നും വീണ്ടും വിദേശത്തേക്ക് മുങ്ങിയ മാഹിൻ കണ്ണ് നാട്ടിൽ തിരിച്ചെത്തി പൂവാറിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. മകളെ കാണാതായ വിഷമത്തിൽ വിദ്യയുടെ പിതാവ് അതിനിടയിൽ ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. 2019ൽ കാണാതായവരുടെ കേസുകൾ പ്രത്യേകം അന്വേഷിക്കാൻ തീരുമാനിച്ചപ്പോൾ കേസ് പ്രത്യേക സംഘം ഏറ്റെടുത്തു. പിന്നീട് വഴിത്തിരിവ് ഉണ്ടായത്. ആദ്യം വിദ്യയെ അറിയില്ലെന്നായിരുന്ന മാഹിൻ കണ്ണ് പറഞ്ഞത്. പിന്നീട് തെളിവുകൾ നിരത്തിയതോടെ തമിഴ്നാട്ടിലുണ്ടെന്ന് പറഞ്ഞു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

​പോലീസിനെതിരെയും ആരോപണം


വിദ്യയെയും മകളെയും കാണാതായി രണ്ടു ദിവസത്തിനുശേഷം ഇരുവരുടെയും മൃതദേഹം തമിഴ്നാട്ടിലെ കുളച്ചൽ ഭാഗത്ത് അടിഞ്ഞിരുന്നു. എന്നാൽ അന്വേഷണ സംഘം ഇതൊന്നും പരിശോധിച്ചിരുന്നില്ല. ആദ്യം കേസ് അന്വേഷിച്ച പോലീസ് സംഘത്തിനു ഗുരുതരമായ വീഴ്ചയുണ്ടായതായി കുടുംബം ആരോപിച്ചിരുന്നു. പൂവാർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കാൻ പണം ആവശ്യപ്പെട്ടതായും കുടുംബം ആരോപിക്കുന്നുണ്ട്. കാണാതായ ദിവസത്തെ മാഹിൻകണ്ണിന്‍റെ ഫോൺ രേഖകൾ കിട്ടിയിട്ടും പൊലീസ് ഒരു നടപടിയുമെടുത്തില്ലെന്നും പോലീസിനെതിരെ ആരോപണം ഉയരുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്