ആപ്പ്ജില്ല

ലൈംഗിക ചൂഷണത്തിനിരയായ വിവരം പുറത്തുപറയാതെ പെണ്‍കുട്ടികള്‍; വിദഗ്ദ്ധരുടെ സഹായം തേടാന്‍ പോലീസ്, വീഡിയോ

ആദിവാസി ഊരുകളില്‍ പ്രണയത്തകര്‍ച്ചയെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശക്തമായ നടപടിയെടുത്ത് പോലീസ്. എക്‌സൈസ് ജോയിന്റ് കമ്മിഷണര്‍ ആര്‍. ഗോപകുമാര്‍ ആത്മഹത്യ നടന്ന വീടുകള്‍ സന്ദര്‍ശിച്ചു വിവരങ്ങള്‍ ശേഖരിച്ചു. ലൈംഗിക ചൂഷണത്തിന് ഇരയായ വിവരം പല പെണ്‍കുട്ടികളും മറച്ചുവയ്ക്കുന്ന സാഹചര്യത്തിലും പ്രണയത്തകര്‍ച്ചയെ തുടര്‍ന്ന് ആത്മഹത്യ പതിവാകുന്ന സാഹചര്യത്തിലും ബോധവല്‍ക്കരണ നടപടികളടക്കം ശക്തമാക്കാനാണ് തീരുമാനം.

Lipi 17 Jan 2022, 5:36 pm

ഹൈലൈറ്റ്:

  • ആദിവാസി ഊരുകളിലെ പെണ്‍കുട്ടികളുടെ ആത്മഹത്യ
  • ലൈംഗിക ചൂഷണ വിവരം മറച്ചുവെച്ച് പെണ്‍കുട്ടികള്‍
  • ഊരുകളില്‍ ബോധവല്‍ക്കരണം ശക്തമാക്കും
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!

തിരുവനന്തപുരം(Thiruvananthapuram): പെരിങ്ങമ്മല, വിതുര പഞ്ചായത്തിലെ ആദിവാസി ഊരുകളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുള്‍പ്പെടെ അഞ്ച് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം തുടങ്ങി. എക്‌സൈസ് ജോയിന്റ് കമ്മിഷണര്‍ ആര്‍. ഗോപകുമാര്‍ ആത്മഹത്യ നടന്ന വീടുകള്‍ സന്ദര്‍ശിച്ചു വിവരങ്ങള്‍ ശേഖരിച്ചു. പെരിങ്ങമ്മല പഞ്ചായത്തിലെ മൂന്ന് വീടുകളിലാണ് സന്ദര്‍ശനം നടത്തിയത്. എല്ലാ കേസുകളിലും പ്രതികള്‍ പിടിയിലായെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടാകാത്തത് രാഷ്ട്രീയ ഇടപെടലുകള്‍ മൂലമാണെന്ന് നാട്ടുകാരും രക്ഷിതാക്കളും പരാതിപ്പെട്ടു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സാന്നിധ്യം കണ്ടെത്താനും മേഖലയില്‍ ബോധവല്‍ക്കരണം നല്‍കാനും നടപടി സ്വീകരിക്കുമെന്നു എക്‌സൈസ് ജോയിന്റ് കമ്മിഷണര്‍ പറഞ്ഞു.
അതിനിടെ, അന്വേഷണത്തിന് റൂറല്‍ പൊലീസ് ജില്ലാ മേധാവി ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘവും ഇന്നു ഊരുകളിലെത്തും. മരിച്ച പെണ്‍കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍, സുഹൃത്തുക്കള്‍, ആത്മഹത്യാ കേസുകള്‍ കൈകാര്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി സംസാരിച്ചു സംഘം തെളിവുകള്‍ ശേഖരിക്കും.

ആസൂത്രിതമായി ആദിവാസി ഊരുകളിലെ പെണ്‍കുട്ടികളെ ലക്ഷ്യം വയ്ക്കുന്നുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിക്കും. നിലവില്‍ ലൈംഗിക ചൂഷണത്തിന് ഉള്‍പ്പെടെ വിധേയരായ പെണ്‍കുട്ടികള്‍ ഊരുകളില്‍ ഉണ്ടെന്നും പലരും പേടിച്ചു പുറത്തു പറയാത്തതാണെന്നും വിവരമുണ്ട്. ഇതു കണ്ടെത്താന്‍ കൗണ്‍സലിങ് വിദഗ്ധരുടെ ഉള്‍പ്പെടെ സഹായം തേടാനാണ് പോലീസിന്റെ തീരുമാനം. കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ബോധവല്‍ക്കരണം നടത്താനും അത്യാവശ്യ സമയത്തു നിയമ സഹായം തേടാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന തരത്തിലുള്ള സാഹചര്യം ഒരുക്കാനും പദ്ധതികള്‍ ആവിഷ്‌കരിക്കും. ആദിവാസി ഊരുകളിലെ ആത്മഹത്യകളെ കുറിച്ച് അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കണമെന്ന് വനിതാ ശിശു വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസും എക്‌സൈസും അന്വേഷണം തുടങ്ങിയത്.

'കോടതി വിധി അംഗീകരിക്കാന്‍ കഴിയില്ല'; പൊട്ടിത്തെറിച്ച് ഹരിശങ്കര്‍ ഐപിഎസ്

അഞ്ചു മാസത്തിനിടെ 18 വയസിന് താഴെയുള്ള അഞ്ചു പെണ്‍കുട്ടികളാണ് ആദിവാസി ഊരുകളില്‍ ആത്മഹത്യ ചെയ്തത്. രണ്ട് പേര്‍ ആത്മഹത്യാശ്രമവും നടത്തി. പെരിങ്ങമല, വിതുര ആദിവാസി ഊരുകളിലാണ് ആദിവാസി പെണ്‍കുട്ടികളുടെ ആത്മഹത്യ തുടര്‍ക്കഥയാകുന്നത്. ആത്മഹത്യ ചെയ്ത പല പെണ്‍കുട്ടികളും കഞ്ചാവ് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. പെണ്‍കുട്ടികളെ പ്രണയത്തില്‍ പെടുത്തിയശേഷം കഞ്ചാവ് നല്‍കി പീഡിപ്പിച്ചിരുന്നു. പീഡനത്തിനൊടുവില്‍ ഇവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യ ചെയ്തവരുടെ പോസ്റ്റംമോര്‍ട്ടം റിപോര്‍ട്ടില്‍ ഇവര്‍ ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. ആദിവാസി ഊരുകളില്‍ പിടിമുറുക്കുന്ന കഞ്ചാവ് സംഘങ്ങള്‍ പെണ്‍കുട്ടികളെ പ്രണയക്കുരുക്കിലാക്കി ആത്മഹത്യയിലേക്ക് തള്ളിവിടുകയായിരുന്നുവെന്ന് ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളുടെ രക്ഷിതാക്കളും പറയുന്നു.

ജനുവരി 10 ന് വിതുരയില്‍ 18 വയസുക്കാരിയായ ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. പെണ്‍കുട്ടി മരിച്ചതറിഞ്ഞ് വീട്ടിലെത്തി മൊബൈലില്‍നിന്ന് തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ, വിതുര ചിറ്റാര്‍ സ്വദേശിയായ ശ്രീജിത്ത് ജി നാഥിനെ(20) വിതുര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയും പ്രതിയും തമ്മില്‍ മാസങ്ങളായി അടുപ്പത്തിലായിരുന്നു. പ്രതി വിവാഹം വാഗ്ദാനത്തില്‍ നിന്നു പിന്‍മാറിയതോടെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.

നവംബര്‍ ഒന്നിനാണ് പാലോട് ഇടിഞ്ഞാറില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നത്. പൊലീസ് അന്വേഷണത്തില്‍ പെണ്‍കുട്ടി യുവാവുമായി പ്രണയത്തിലായിരുന്നുവെന്ന് കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ പീഡിപ്പിക്കപ്പെട്ടതായും തെളിഞ്ഞു. തുടര്‍ന്ന് പോക്സോ നിയമപ്രകാരം അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റു ചെയ്യുകയുമായിരുന്നു. തെന്നൂര്‍ ഇടിഞ്ഞാര്‍ കല്യാണി കരിക്കകം സോജി ഭവനില്‍ അലന്‍ പീറ്റര്‍ (25) ആണ് പിടിയിലായത്. അലന്‍ പീറ്റര്‍ പിടിയിലായെങ്കിലും സഹായികളിപ്പോഴും പുറത്ത് വിലസുകയാണ്.

നവംബര്‍ 21നാണ് പെരിങ്ങമല അഗ്രിഫാം ഒരുപറ കരിക്കകം ആദിവാസി കോളനിയില്‍ പതിനാറു വയസ്സുകാരി ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ഇടിഞ്ഞാര്‍ വിട്ടിക്കാവ് ആദിവാസി കോളനി കിഴക്കുംകര കുന്നുംപുറത്ത് വീട്ടില്‍ ശ്യാം എന്നു വിളിക്കുന്ന വിപിന്‍ കുമാര്‍ (19) ആണ് അറസ്റ്റിലായത്. പോസ്റ്റ്മോര്‍ട്ടത്തില്‍ പെണ്‍കുട്ടി ശാരീരികമായി ചൂഷണം ചെയ്യപ്പെട്ടതായി കണ്ടെത്തി. പെണ്‍കുട്ടിയുമായി വിപിന്‍ കുമാര്‍ പ്രണയത്തില്‍ ആയിരുന്നുവെന്നു പൊലീസ് പറഞ്ഞു.

വിതുര ചെമ്പികുന്ന ഊരിലെ രണ്ടു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തത് മാസങ്ങള്‍ക്ക് മുമ്പാണ്. ഡിഗ്രി വിദ്യാര്‍ത്ഥിനിയായ വിതുര ആനപ്പാറ തെക്കുംകര വീട്ടില്‍ ഗിരീശന്‍ കാണിയുടെ മകള്‍ രേഷ്മ(18) തിരുവനന്തപുരം എന്‍ജിനീയറിങ് കോളജിനു സമീപം പട്ടികവര്‍ഗ വികസന വകുപ്പിന്റെ പോസ്റ്റ് മെട്രിക് ഹോസ്റ്റലിലാണ് തൂങ്ങി മരിച്ചത്. കാമുകനുള്ള മറ്റ് ബന്ധങ്ങളറിഞ്ഞാണ് കൃഷ്ണേന്ദുവെന്ന മറ്റൊരു പെണ്‍കുട്ടിയും ആത്മഹത്യ ചെയ്തത്.

Topic: Thiruvananthapuram,vithura case, Tribal area visit

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്