ആപ്പ്ജില്ല

മരണശേഷവും രഞ്ജിത്ത് രക്ഷകനാകും; ഫയർ ഫോഴ്സ് ഉദ്യോഗസ്ഥന്‍റെ കണ്ണുകൾ ദാനം ചെയ്യും; മരണമറിഞ്ഞിട്ടും തീ കെടുത്താന്‍ നിന്ന് സഹപ്രവര്‍ത്തകര്‍

തീ അണയ്ക്കാനുള്ള ശ്രമത്തിനിടെയാണ് കെട്ടിടത്തിന്‍റെ ഭാഗം ഇടിഞ്ഞ് വീണ് രഞ്ജിത്ത് അപകടത്തിൽപ്പെട്ടത്. ഏറെ പാടുപെട്ടാണ് രഞ്ജിത്തിനെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും പുറത്തെടുത്തത്.

Edited byലിജിൻ കടുക്കാരം | Lipi 23 May 2023, 12:16 pm

ഹൈലൈറ്റ്:

  • തുമ്പ കിൻഫ്ര തീപിടിത്തം
  • രഞ്ജിത്തിൻ്റെ കണ്ണുകൾ ദാനം ചെയ്യും
  • മരണം തീ അണക്കാനുള്ള ശ്രമത്തിനിടെ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
തിരുവനന്തപുരം: തുമ്പ കിന്‍ഫ്രയിലെ സംഭരണ കേന്ദ്രത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട അഗ്‌നിശമന സേനയുടെ ചാക്ക യൂണിറ്റിലെ അംഗമായ രഞ്ജിത്തിന്‍റെ കണ്ണ് ദാനം ചെയ്യും. രഞ്ജിത് നേരത്തെ ട്രെയിനിംഗ് സമയത്ത് തന്നെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സമ്മതപത്രം നല്‍കിയിരുന്നു. കുടുംബാംഗങ്ങള്‍ ഇക്കാര്യം അറിയിച്ചതിനെ തുടര്‍ന്ന് നടപടികള്‍ക്കായി തിരുവനന്തപുരം കണ്ണാശുപത്രിയില്‍ നിന്നുള്ള സംഘം രഞ്ജിത്തിന്‍റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന കിംസ് ആശുപത്രിയില്‍ എത്തി. ആശുപത്രിയില്‍ എത്തുന്നതിനു മുമ്പ് മരണപ്പെട്ടതുകൊണ്ട് രഞ്ജിത്തിന്‍റെ മറ്റ് അവയവങ്ങളൊന്നും ദാനം ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ്. കണ്ണ് ദാനം ചെയ്യാന്‍ തീരുമാനിച്ചതായി കുടുംബാംഗങ്ങളും വ്യക്തമാക്കി.
തുമ്പ കിന്‍ഫ്രയിലെ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍റെ മരുന്ന് സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ കെട്ടിടം പൊളിച്ചുള്ള രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് രഞ്ജിത്തിന് ജീവന്‍ നഷ്ടമായത്. പുലര്‍ച്ചെ 1. 30ഓടെ തീപിടിത്തം ഉണ്ടായ കാര്യം സെക്യൂരിറ്റി ജീവനക്കാരനാണ് ഫയര്‍ഫോഴ്‌സിനെ അറിയിച്ചത്. വിവരം അറിഞ്ഞയുടന്‍ പത്ത് മിനിറ്റിനുള്ളില്‍ തന്നെ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ പാഞ്ഞെത്തുകയായിരുന്നു.

Also Read : തിരുവനന്തപുരം കിൻഫ്ര പാർക്കിൽ തീപിടിത്തം; ഫയർഫോഴ്സ് ജീവനക്കാരന് ദാരുണാന്ത്യം

കെട്ടിടം പൊളിച്ചുനടത്തിയ രക്ഷാപ്രവര്‍ത്തനത്തിനിടെ കോണ്‍ക്രീറ്റ് ഭാഗം ഇടിഞ്ഞ് രഞ്ജിത്തിന്‍റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും 3.50ഓടെ മരിച്ചു. രഞ്ജിത്ത് മരിച്ചതറിഞ്ഞിട്ടും സഹപ്രവര്‍ത്തകര്‍ കണ്ണീരണിഞ്ഞാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

തീ അടുത്തുള്ള മറ്റ് കെട്ടിടങ്ങളിലേക്ക് പടരാതിരിക്കാന്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെ സമയോജിതമായ ഇടപെടല്‍ സഹായിച്ചു. നാട്ടുകാരുടെ സഹകരണവും രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിച്ചു. രഞ്ജിത്തിന്റെ വിയോഗം സേനയ്ക്കും നാടിനും നോവായി മാറിയിരിക്കുകയാണ്. അപകടത്തില്‍ കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. കഴിഞ്ഞ ആറ് വര്‍ഷമായി ഫയര്‍ സര്‍വ്വീസില്‍ ജീവനക്കാരനാണ് രഞ്ജിത്ത്.

പുലര്‍ച്ചെ 1.30-ന് വലിയ ശബ്ദത്തോടെ ഗോഡൗണില്‍ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു. തീപിടിത്തത്തില്‍ രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. ബ്ലീച്ചിംഗ് പൗഡറിന് തീപിടിച്ചതാണ് അപകട കാരണം. ഇത് മറ്റ് രാസവസ്തുക്കളിലേക്കും പടര്‍ന്ന് പിടിക്കുകയായിരുന്നു. മരുന്നുകള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് തീ പടരാത്തതിനാല്‍ മരുന്നുകള്‍ സുരക്ഷിതമാണ്.

Also Read : സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങി; പെരിയാറില്‍ ബാസ്‌കറ്റ് ബോള്‍ താരമായ വിദ്യാര്‍ഥി മുങ്ങിമരിച്ചു

മരുന്നുകള്‍ മറ്റൊരു കെട്ടിടത്തിലായിരുന്നു. കെമിക്കലുകള്‍ സൂക്ഷിച്ചിരുന്ന ചെറിയ കെട്ടിടം പൂര്‍ണ്ണമായും കത്തി നശിച്ചു. അപകടം നടക്കുമ്പോള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളു. ഏകദേശം 1.22 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍.
ഓതറിനെ കുറിച്ച്
ലിജിൻ കടുക്കാരം
സമയം മലയാളം വാർത്താ വിഭാഗത്തിൽ പ്രിൻസിപ്പൽ ഡിജിറ്റൽ കണ്ടന്‍റ് പ്രൊഡ്യൂസറാണ് ലിജിൻ കടുക്കാരം. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2016 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിലാണ് തുടക്കം. പിന്നീട് ന്യൂസ് 18 മലയാളത്തിൽ ജനറൽ ന്യൂസിനൊപ്പം സ്പോർട്സ് സെക്ഷനും കൈകാര്യം ചെയ്തു. 2019ലാണ് സമയം മലയാളത്തിൻ്റെ ഭാഗമായത്. നിലവിൽ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്