ആപ്പ്ജില്ല

വിനീതയുടെ കൊലയാളി സംസാരിച്ചത് ഹിന്ദിയിൽ, സ്കൂട്ടർ ഓടിച്ചയാളെ കണ്ടെത്തി; ഗവിയിലേക്കും അന്വേഷണം

സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിട്ടും വിനീതയുടെ കൊലയാളിയെ കണ്ടെത്താനാകാതെ പോലീസ്. പ്രതി ലിഫ്റ്റ് ചോദിച്ചു കയറിയ സ്കൂട്ടർ ഓടിച്ചയാളെ പോലീസ് കണ്ടെത്തി. ഉള്ളൂരിലാണ് ഇയാൾ ഇറങ്ങിയതെന്ന് സ്കൂട്ടർ ഓടിച്ചയാൾ പോലീസിനോടു പറഞ്ഞു.

Samayam Malayalam 10 Feb 2022, 11:03 pm
തിരുവനന്തപുരം: അമ്പലമുക്കിലെ അലങ്കാര ചെടി വില്‍പന ശാലയിലെ ജീവനക്കാരി കൊലചെയ്യപ്പെട്ട കേസിലെ പ്രതിയെന്നു സംശയിക്കുന്നയാള്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. സംഭവം നടന്ന് അഞ്ചു ദിവസം പിന്നിട്ടിട്ടും കൊലപാതകിയെ കുറിച്ച് പ്രാഥമിക വിവരങ്ങള്‍ പോലും ലഭിക്കാത്തതു പോലീസിന് വെല്ലുവിളിയായിട്ടുണ്ട്. സംഭവ ദിവസം കൃത്യസ്ഥലത്ത് നിന്ന് ഓട്ടോറിക്ഷയില്‍ രക്ഷപ്പെട്ട് മുട്ടട ആലപ്പുറം കുളത്തിന് സമീപത്തെ സ്ഥലത്തെത്തി രക്തക്കറ പുരണ്ട വസ്ത്രങ്ങള്‍ മാറ്റിയശേഷം ടീഷര്‍ട്ടും ട്രാക്ക് സ്യൂട്ടിന് സമാനമായ പാന്റും ധരിച്ച പ്രതി വഴിയാത്രക്കാരനായ യുവാവിനൊപ്പം സ്‌കൂട്ടറില്‍ പോകുന്ന ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു.
Samayam Malayalam police probe underway in thiruvananthapuram ambalamukku vineetha case
വിനീതയുടെ കൊലയാളി സംസാരിച്ചത് ഹിന്ദിയിൽ, സ്കൂട്ടർ ഓടിച്ചയാളെ കണ്ടെത്തി; ഗവിയിലേക്കും അന്വേഷണം



​സ്കൂട്ടർ ഓടിച്ചയാളെ കണ്ടെത്തി

നിരീക്ഷണ ക്യാമറ ദൃശ്യങ്ങളില്‍ നിന്ന് സ്‌കൂട്ടറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ശേഖരിച്ച് സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ശ്രീകാര്യം ചാവടിമുക്ക് സ്വദേശിയെ കണ്ടെത്തി. ഉച്ചയ്ക്ക് 12.11 ന് മുട്ടടയില്‍ നിന്നാണ് ഇയാള്‍ ലിഫ്റ്റ് ചോദിച്ച് സ്‌കൂട്ടറില്‍ കയറിയത്. മെഡിക്കല്‍ കോളേജിലേയ്ക്ക് പോകണമെന്ന് പറഞ്ഞാണ് സ്‌കൂട്ടറില്‍ കയറിയത്. ഉള്ളൂരില്‍ ഇറങ്ങി മെഡിക്കല്‍ കോളേജ് ഭാഗത്തേയ്ക്ക് പോയതായും സ്‌കൂട്ടര്‍ ഓടിച്ചിരുന്നയാള്‍ പോലീസിനോട് പറഞ്ഞു. ഹിന്ദിയിലാണ് സംസാരിച്ചത്. ഉള്ളൂര്‍ വരെയുള്ള യാത്രയ്ക്കിടെ രണ്ടോ മൂന്നോ കാര്യങ്ങളാണ് സംസാരിച്ചതെന്നും യുവാവ് മൊഴി നല്‍കി.

​ലോഡ്ജുകളിലടക്കം പരിശോധന

ഇയാള്‍ നല്‍കിയ അടയാളങ്ങളുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് ഭാഗത്തെ ലോഡ്ജുകള്‍, അന്യ സംസ്ഥാന തൊഴിലാളി ക്യാംപുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പരിശോധന പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു. ഉള്ളൂര്‍ ജംഗ്ഷനില്‍ നിന്ന് ആക്കുളം, കേശവദാസപുരം, മെഡിക്കല്‍ കോളേജ്, ശ്രീകാര്യം ഭാഗങ്ങളിലേക്കുള്ള മെയിന്‍ റോഡുകളും പോക്കറ്റ് റോഡുകളുമുള്‍പ്പെടെ എല്ലാ റോഡുകളിലെയും സിസിടിവി കാമറകള്‍ പോലീസ് പരിശോധിച്ച് തുടങ്ങിയിട്ടുണ്ട്.

​ബസിൽ കയറിയോ? മാല പണയം വെച്ചോ?

കൂടാതെ ഉച്ചസമയത്ത് ഉള്ളൂരില്‍ നിന്ന് വിവിധ റൂട്ടുകളിലേക്ക് പോയ കെഎസ്ആര്‍ടിസി ബസുകള്‍, ഓട്ടോറിക്ഷകള്‍ തുടങ്ങിയ വാഹനങ്ങളുടെ വിവരങ്ങളും ശേഖരിച്ചുവരികയാണ്. ബസിലോ മറ്റ് വാഹനങ്ങളിലോ ഇയാള്‍ സ്ഥലം വിട്ടോയെന്നറിയാനാണിത്. കൂടാതെ കവര്‍ച്ച മുതലായുള്ള മാല പണയം വെക്കുകയോ വില്‍ക്കുകയോ ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ധനകാര്യ സ്ഥാപനങ്ങള്‍, ജ്വല്ലറികള്‍ എന്നിവിടങ്ങളിലും അവരുടെ വാട്‌സാപ് ഗ്രൂപ്പുകളിലും ഇയാളുടെ ഫോട്ടോയും വീഡിയോയും പോലീസ് ഷെയര്‍ ചെയ്തിട്ടുണ്ട്.

​ഓട്ടോയിൽ കയറി മുട്ടടയിൽ ഇറങ്ങി

ചെടിക്കടയ്ക്കു സമീപത്തെ നീരീക്ഷണ ക്യാമറയില്‍ ഞായറാഴ്ച രാവിലെ 11ന് ഒരാള്‍ കടയ്ക്കുള്ളിലേക്കു കയറിപ്പോകുന്നതും 20 മിനിറ്റിനു ശേഷം പുറത്തിറങ്ങുന്നതും വ്യക്തമായിരുന്നു. കടയ്ക്കു സമീപത്തു നിന്നു മെഡിക്കല്‍ കോളജിലേക്കു പോകണമെന്നു പറഞ്ഞാണ് പ്രതിയെന്നു സംശയിക്കുന്നയാള്‍ ഓട്ടോറിക്ഷയില്‍ കയറുന്നത്. മുട്ടട ജംഗ്ഷനു സമീപമെത്തിയപ്പോള്‍ അവിടെ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടു.

​ഓട്ടോ ഡ്രൈവർക്ക് സംശയം

വസ്ത്രങ്ങളില്‍ രക്തക്കറ പറ്റിയതു ഓട്ടോറിക്ഷാ ഡ്രൈവര്‍ ശ്രദ്ധിച്ചതായി സംശയിച്ചതു കൊണ്ടാകാം മുട്ടടയില്‍ ഇറങ്ങിയതെന്നും ആലപ്പുറം കുളത്തിനു സമീപത്തു ചുറ്റിത്തിരിയുന്നതിനിടെ വസ്ത്രം മാറാന്‍ കാരണം ഇതായിരിക്കാമെന്നും പോലീസ് പറയുന്നു. ഓട്ടോഡ്രൈവര്‍ സമാന മൊഴി നല്‍കിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനായി മൊബൈല്‍ സേവനദാതാക്കള്‍ക്ക് കത്തു നല്‍കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

​ഗവിയിലേക്കും അന്വേഷണം

അതിനിടെ, പത്തനംതിട്ടയിലെ ടൂറിസ്റ്റ് സ്പോട്ടായ ഗവിയിലേക്കും അന്വേഷണം പോലീസ് വ്യാപിപ്പിച്ചിട്ടുണ്ട്. വിനീത മോളും കുടുംബവും വര്‍ഷങ്ങളോളം ഗവിയിലാണ് താമസിച്ചിരുന്നതെന്നു പോലീസ് കണ്ടെത്തിയിരുന്നു. വിനിതയുടെ അമ്മ രാഗിണിയുടെ കുടുംബവീട് ഗവിയിലായിരുന്നു. ഗവിയിലെ തോട്ടം തൊഴിലാളികളായിരുന്നു വിനിതയും ഭര്‍ത്താവ് സെന്തില്‍കുമാറും.

​ബന്ധുക്കളടക്കം നിരീക്ഷണത്തിൽ

10 വര്‍ഷം മുമ്പുണ്ടായ അപകടത്തില്‍ മരം ഒടിഞ്ഞുവീണ് സെന്തില്‍കുമാറിന്റെ നട്ടെല്ലിന് ഗുരുതര പരിക്കേല്‍ക്കിരുന്നു. ഇതോടെ ചികിത്സയ്ക്കായി സെന്തില്‍ കുടുംബത്തോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തി. പിന്നീടാണ് നെടുമങ്ങാട് വാണ്ടയില്‍ സ്ഥിരതാമസമാക്കുന്നത്. വിനീതമോളുടെ അമ്മ രാഗിണി രണ്ട് വര്‍ഷം മുമ്പാണ് ഗവിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയത്. വിനീതയുടെ ഗവിയിലെയും തിരുവനന്തപുരത്തെയും ബന്ധുക്കള്‍, അടുപ്പക്കാര്‍, സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ എന്നിവരെ ഉള്‍പ്പെടെയുള്ളവര്‍ പോലീസ് നിരീക്ഷണത്തിലാണെന്നാണ് വിവരം.

​കൊല്ലപ്പെടുന്നത് ഞായറാഴ്ച

നെടുമങ്ങാട് കരിപ്പൂര് പറമ്പള്ളിക്കോണം കുന്നുംപുറത്തു വീട്ടില്‍ വിനീത (38) യെ കഴിഞ്ഞ ഞായറാഴ്ചയാണ് കഴുത്തിനു കുത്തുകൊണ്ടു കൊല്ലപ്പെട്ട നിലയില്‍ ഇവര്‍ ജോലി നോക്കിയിരുന്ന അലങ്കാര ചെടി വില്‍പന ശാലയ്ക്കുള്ളില്‍ കണ്ടെത്തിയത്. സംഭവത്തിന് ദൃക്സാക്ഷികള്‍ ഇല്ലാത്തതിനാല്‍ ഫോണ്‍കോള്‍ ലിസ്റ്റ് പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. പ്രതിയെന്ന് കരുതുന്നയാള്‍ മറുനാടന്‍ തൊഴിലാളിയെന്നാണ് പോലീസ് പറയുന്നത്.

Video-വിനീതയെ കൊലപ്പെടുത്തിയിട്ട് 5 ദിവസം; പ്രതിയെ കണ്ടെത്താനാകാതെ പോലീസ്

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്