ആപ്പ്ജില്ല

ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഒരുങ്ങുകയാണോ? ഇത്തവണ നിബന്ധനകള്‍ ഇങ്ങനെ,വീഡിയോ

ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തുന്നവര്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമായും കരുതേണമെന്ന് നിബന. ഇല്ലെങ്കില്‍ 3 മാസത്തിനുള്ളില്‍ കൊവിഡ് പോസിറ്റിവായ സര്‍ട്ടിഫിക്കേറ്റും കൈവശം കരുതണം 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ പരമാവധി 1500 പേര്‍ക്കാണ് ക്ഷേത്രദര്‍ശനത്തിന് അനുമതി ഉണ്ടാവുക.

Lipi 13 Feb 2022, 12:11 pm

ഹൈലൈറ്റ്:

  • ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധം
  • 3 മാസത്തിനുള്ളില്‍ കൊവിഡ് പോസിറ്റിവായതിന്റെ രേഖ കരുതണം
  • ക്ഷേത്ര കോമ്പൗണ്ടിനുള്ളില്‍ 1500 പേര്‍ക്ക് മാത്രം പ്രവേശനം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!

തിരുവനന്തപുരം(Thiruvananthapuram): ആറ്റുകാല്‍ പൊങ്കാല ദര്‍ശനത്തിന് എത്തുന്നവര്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍.ടി.പി.സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണമെന്ന് ജില്ലാ കലക്ടറുടെ ഉത്തരവ്. അല്ലെങ്കില്‍ മൂന്നു മാസത്തിനുള്ളില്‍ കൊവിഡ്‌ പോസിറ്റീവായതിന്റെ രേഖ വേണം. രോഗലക്ഷണങ്ങള്‍ ഇല്ലാത്ത 18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് കുടുംബാംഗങ്ങളോടൊപ്പം പ്രവേശിക്കാം. വോളണ്ടിയര്‍മാര്‍ക്കും നിര്‍ദേശം ബാധകമാണ്.
ക്ഷേത്ര കോമ്പൗണ്ടിനുള്ളില്‍ 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ പരമാവധി 1500 പേര്‍ക്ക് ക്ഷേത്രദര്‍ശനത്തിന് അനുമതി നല്‍കി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ.നവ്‌ജ്യോത്‌ഖോസ ഉത്തരവിറക്കി. ക്ഷേത്രാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രൗണ്ട്, കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലും ഇത് ബാധകമായിരിക്കും.


സംസ്ഥാനത്തെ ഏക സൈനിക സ്‌കൂള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍, വീഡിയോ
രോഗലക്ഷണമുള്ളവര്‍ക്ക് ക്ഷേത്രത്തിനുള്ളില്‍ പ്രവേശനം അനുവദിക്കില്ല. ക്ഷേത്രത്തിനുള്ളിലും പരിസരത്തും കൊവിഡ്‌ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് സംഘാടകര്‍ ഉറപ്പുവരുത്തണം. സാമൂഹിക അകലം പാലിക്കുന്നതിന്, കൃത്യമായ അകലം നിശ്ചയിച്ച് വൃത്താകൃതിയില്‍ നിലത്ത് അടയാളപ്പെടുത്തണം. ഭക്തജനങ്ങള്‍ ഈ അടയാളങ്ങളില്‍ മാത്രം നില്‍ക്കുന്നതിന് സംഘാടകര്‍ നിര്‍ദേശം നല്‍കണം.

ക്യൂ, ബാരിക്കേഡുകള്‍ എന്നീ സംവിധാനങ്ങളിലൂടെ പോലീസും സംഘാടകരും ആള്‍ക്കൂട്ടം നിയന്ത്രിക്കണം. ആചാരപ്രകാരമല്ലാത്ത പരിപാടികള്‍ അനുവദിക്കില്ല. ക്ഷേത്രദര്‍ശനത്തിനെത്തുന്നവര്‍ മുഴുവന്‍ സമയവും കൊവിഡ്‌ പ്രോട്ടോക്കോള്‍ (മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം) പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

നിര്‍ദേശത്തിന്റെ പ്രായോഗികബുദ്ധിമുട്ട് അറിയിച്ചെങ്കിലും കൊവിഡ്‌ വ്യാപനം ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശത്തെ പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു. ഉത്സവം അഞ്ചാം ദിനത്തിലേക്ക് കടക്കുമ്പോള്‍ ഭക്തി ലഹരിയിലാണ് ആറ്റുകാല്‍ ക്ഷേത്ര പരിസരം. ഉത്സവങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് കൂടുതല്‍ ഇളവ് നല്‍കിയ സാഹചര്യത്തിലാണ് കൂടുതല്‍ പേര്‍ എത്തിത്തുടങ്ങിയത്. കുത്തിയോട്ടത്തിനുള്ള പണ്ടാര ഓട്ടക്കാരന്റെ ആദ്യനമസ്‌ക്കാര ദിനമായിരുന്നു ശനിയാഴ്ച. അവധി ദിവസമായതിനാല്‍ ക്ഷേത്രത്തില്‍ രാവിലെ മുതല്‍ ദര്‍ശനത്തിന് തിരക്കുണ്ടായിരുന്നു. മണിക്കൂറുകള്‍ വരിനിന്നാണ് ഭക്തര്‍ ദേവിയെ തൊഴുതു മടങ്ങിയത്. നാരങ്ങാവിളക്ക് തെളിയിച്ച് പ്രാര്‍ഥിക്കാനും തിരക്കുണ്ടായിരുന്നു. ഇന്നും നല്ല തിരക്കാണ് പ്രതീക്ഷിക്കുന്നത്. തിരക്ക് നിയന്ത്രിച്ച് ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ട്രസ്റ്റ് അധികൃതര്‍ അറിയിച്ചു.

അംബ, അംബിക, അംബാലിക ഓഡിറ്റോറിയങ്ങളില്‍ നടക്കുന്ന വിവിധ ക്ഷേത്രകലകള്‍ ആസ്വദിക്കുന്നതിനും ഭക്തര്‍ ഇടംപിടിച്ചിരുന്നു. ദരിദ്രനായിത്തീര്‍ന്ന കോവലന്‍ നിത്യവൃത്തിക്കായി ദേവിയുടെ കാല്‍ച്ചിലമ്പ് വില്‍ക്കാന്‍ കൊണ്ടുപോകുന്ന കഥയാണ് തോറ്റംപാട്ടുകാര്‍ ശനിയാഴ്ച അവതരിപ്പിച്ചത്. ചിലമ്പുമായി പോകുന്ന കോവലനെ മധുരയിലെ സ്വര്‍ണപ്പണിക്കാരന്‍, താന്‍ ചെയ്ത കുറ്റം ഒളിപ്പിക്കാന്‍ രാജ്ഞിയുടെ ചിലമ്പ് മോഷ്ടിച്ചെന്ന് ആരോപിച്ച് പാണ്ഡ്യരാജാവിന്റെ സദസ്സില്‍ എത്തിക്കുന്ന രംഗമാണ് ഞായറാഴ്ച പാടുന്നത്. ഉത്സവനാളുകളില്‍ മണക്കാട് ശാസ്താവിനെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിക്കുന്ന പതിവുണ്ട്. ശനിയാഴ്ച മണക്കാട് ശാസ്താക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി. ആറ്റുകാലില്‍ ആറാം ഉത്സവദിവസമായ തിങ്കളാഴ്ച വൈകീട്ട് 3.30ന് ശാസ്താവിനെ ആറ്റുകാലിലേക്ക് എഴുന്നള്ളിക്കും.

Topic: Thiruvananthapuram, Attukal pongala, Attukal temple

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്