ആപ്പ്ജില്ല

'രാജനെ വസന്ത നിരന്തരം ദ്രോഹിച്ചു, കോളനിയിലെ ശല്യക്കാരി' ; മാതാപിതാക്കളെ ആശുപത്രിയിൽ എത്തിച്ചത് കടം വാങ്ങിയ പണം കൊണ്ട്

രാജനും കുടുംബത്തിനുമെതിരെ ആരോപണങ്ങൾ ഉയർത്തിയ വസന്തക്കെതിരെ കടുത്ത വിമർശനമാണ് അയൽവാസികൾ ഉയർത്തുന്നത്. കോളനിയിൽ താമസിക്കുന്ന പലർക്കുമെതിരെ വസന്ത കേസ് കൊടുത്തിട്ടുണ്ടെന്നാണ് അയൽവാസികൾ പറയുന്നത്.

Samayam Malayalam 30 Dec 2020, 3:13 pm
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യാശ്രമത്തിനിടെ പൊള്ളലേറ്റ് മരിച്ച രാജനും കുടുംബവും ഒന്നര വര്‍ഷമായി താമസിക്കുന്ന ഭൂമി തന്റേതാണെന്ന സമീപവാസി വസന്തയുടെ പരാതിക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് നാട്ടുകാര്‍. ഈ സ്ഥലം പുറമ്പോക്കാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Samayam Malayalam report on neighbours say on vasantha who complained against rajan and his family in neyyattinkara
'രാജനെ വസന്ത നിരന്തരം ദ്രോഹിച്ചു, കോളനിയിലെ ശല്യക്കാരി' ; മാതാപിതാക്കളെ ആശുപത്രിയിൽ എത്തിച്ചത് കടം വാങ്ങിയ പണം കൊണ്ട്


​തനിക്കും കുടുംബത്തിനും അലർജിയെന്ന് വസന്ത

വസന്ത നിരന്തരം രാജനെ ദ്രോഹിച്ചിരുന്നു. വസന്തയുടെ വീടിന് ഒരു കിലോമീറ്റര്‍ അപ്പുറമുള്ള കുടുംബവീട്ടില്‍ മരപ്പണി ചെയ്താണ് രാജനും കുടുംബവും കഴിഞ്ഞിരുന്നത്. എന്നാല്‍ രാജന്റെ ആശാരിപ്പണി കാരണം തന്റെ വീട്ടിലേക്ക് മരപ്പൊടി കാറ്റില്‍ പറന്നുവരുന്നുവെന്നും ഇത് തനിക്കും കുടുംബത്തിനും അലര്‍ജിയുണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി വസന്ത പോലീസില്‍ പരാതി നല്‍കി. ഇതോടെ രാജന്‍ പോലീസ് സ്‌റ്റേഷന്‍ കയറിയിറങ്ങേണ്ട അവസ്ഥയിലായി. വസന്ത നിരന്തരം പരാതി നല്‍കിയതോടെ പോലീസ് വീട്ടിലെത്തുന്ന സ്ഥിതിയുമായി. ഇതോടെയാണ് മാനസികരോഗിയായ ഭാര്യയെയും മക്കളെയും കൂട്ടി രാജന്‍ വസന്തയുടെ വീടിനു സമീപമുള്ള പുറമ്പോക്ക് വസ്തുവില്‍ കുടില്‍കെട്ടി താമസം തുടങ്ങിയത്. ഇതോടെ രാജന്‍ താമസിക്കുന്ന വസ്തു തന്റേതാണെന്ന് പറഞ്ഞ് വസന്ത നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കി.

​കുടിയൊഴിപ്പിക്കാൻ വസന്തയുടെ ശ്രമം

വസ്തു ഒഴിയാന്‍ 6 മാസം മുന്‍പു കോടതി ഉത്തരവിട്ടു. 2 മാസം മുന്‍പ് ഒഴിപ്പിക്കാന്‍ അധികൃതര്‍ എത്തിയെങ്കിലും രാജന്റെയും കുടുംബത്തിന്റെയും പ്രതിഷേധത്തെ തുടര്‍ന്നു പിന്മാറി. പിന്നീട് പോലീസിന്റെയും സ്ഥലത്തെ ചില രാഷ്ട്രീയക്കാരുടെ സ്വാധീനവും ഉപയോഗിച്ച് രാജനെ കുടിയൊഴിപ്പിക്കാന്‍ വസന്ത നിരന്തരം ശ്രമം നടത്തിയിരുന്നു. കോളനിക്കാര്‍ക്കെല്ലാം ശല്യക്കാരിയായ സ്ത്രീയാണ് പരാതിക്കാരിയായ വസന്ത എന്ന് നാട്ടുകാര്‍ പറയുന്നു. എതിര്‍ക്കുന്നവര്‍ക്കെതിരെയെല്ലാം വസന്ത കേസ് നല്‍കും.

​പോലീസുകാരനെതിരെ വ്യാജ പരാതി

ഒരു പോലീസ് ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡന പരാതി പോലും ഇവര്‍ നല്‍കിയിട്ടുണ്ട് എന്നും നാട്ടുകാര്‍ ആരോപിക്കുന്നു. വസന്ത ഇപ്പോള്‍ പറയുന്നത്: ''ഭൂമി വീണ്ടെടുക്കാനുള്ള നിയമവഴി മാത്രമാണു സ്വീകരിച്ചത്. വസ്തു വിട്ടുകൊടുക്കാന്‍ മക്കള്‍ പറയുന്നു. തല്‍ക്കാലം വിട്ടുകൊടുക്കില്ല. നിയമത്തിനു മുന്നില്‍ മുട്ടുകുത്തിച്ച ശേഷം അതേക്കുറിച്ച് ആലോചിക്കാം''. അതേസമയം, പൊള്ളലേറ്റ അച്ഛനെയും അമ്മയെയും കടംവാങ്ങിയ തുക ഉപയോഗിച്ചാണ് മക്കള്‍ ആശുപത്രിയിലെത്തിച്ചത്. നെയ്യാറ്റിന്‍കര ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാനായി ആശുപത്രിയില്‍ നിന്ന് അറിയിപ്പ് വന്നതോടെ ആംബുലന്‍സിന് വേണ്ടി കാശില്ലാതെ രജ്ഞിത്തും രാഹുലും ഏറെ ബുദ്ധിമുട്ടി. ഒടുവില്‍ കൂട്ടുകാരനില്‍ നിന്നും 1300 രൂപ കടം വാങ്ങിയാണ് ആംബുലന്‍സിന് വേണ്ടിയുള്ള രൂപ പോലും നല്‍കിയത്.

​ഭക്ഷണം കഴിക്കാൻ അനുവദിക്കാതെ പോലീസ്

പലപ്പോഴും വീട് പട്ടിണിയിലായിരുന്നെങ്കില്‍ പോലും പുറത്തറിയിക്കാതെയാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്. ഭക്ഷണം കഴിക്കാനുള്ള സമയം അനുവദിച്ചിരുന്നെങ്കില്‍ അഛനും അമ്മക്കും ഈ ഗതിവരില്ലായിരുന്നുവെന്നാണ് രാഹുലും രഞ്ജിത്തും കണ്ടവരോടെല്ലാം പറയുന്നത്. ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനു തൊട്ടു മുന്‍പാണ് രാജനെയും കുടുംബത്തെയും കുടിയൊഴിപ്പിക്കാന്‍ പൊലീസ് നടപടിയെടുത്തത്. ഒന്നര മണിക്കൂറിന്റെ വ്യത്യാസത്തില്‍ ഹൈക്കോടതിയില്‍നിന്നു സ്‌റ്റേ ഉത്തരവ് എത്തുമ്പോഴേക്കും ആത്മഹത്യാ ശ്രമത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ് രാജനും ഭാര്യ അമ്പിളിയും ആശുപത്രിയിലായി. നെയ്യാറ്റിന്‍കര പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയുടെ ഉത്തരവു നടപ്പാക്കാന്‍ 22 ന് ഉച്ചയോടെയാണു പൊലീസ് ഉള്‍പ്പെട്ട സംഘം എത്തിയത്. അന്നു തന്നെ ഉച്ചയ്ക്കു രണ്ടരയോടെ രാജന്റെ ഹര്‍ജിയില്‍ ജസ്റ്റിസ് വി. ഷെര്‍സിയുടെ ബെഞ്ചില്‍നിന്നു സ്‌റ്റേ ഉത്തരവുണ്ടായി. അപ്പോഴേക്കും രാജന്റെ തിരുവനന്തപുരത്തെ അഭിഭാഷകന്‍ വിളിച്ച് ഈ ദാരുണ സംഭവത്തെക്കുറിച്ചു പറഞ്ഞതായി ഹൈക്കോടതിയില്‍ ഹാജരായ ജിനേഷ് പോള്‍ പറഞ്ഞു.

​'നിങ്ങളെല്ലാം ചേര്‍ന്നാണ് എന്റെ അച്ഛനെ കൊന്നത്'

കഴിഞ്ഞ ജൂണ്‍ 16 നാണു രാജനെയും കുടുംബത്തെയും ഒഴിപ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്. സബ് കോടതി അപ്പീല്‍ പരിഗണിക്കാന്‍ വൈകിയതിനാല്‍ ഹൈക്കോടതിയെ സമീപിച്ചു. മുന്‍സിഫ് കോടതി ഉത്തരവിനു ജനുവരി 15 വരെയാണു സ്‌റ്റേ അനുവദിച്ചിട്ടുള്ളത്. രാജന്‍ മരിച്ച ശേഷവും അവകാശത്തര്‍ക്കമുള്ള ഭൂമിയില്‍ രാജനെ സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. പിതാവ് ഇത്രയും കാലം ജീവിച്ച ഭൂമിയില്‍ സംസ്‌കരിക്കണമെന്ന് മക്കളായ രഞ്ജിത്തും രാഹുലും ആവശ്യപ്പെട്ടു. നാട്ടുകാര്‍ പോലീസിനെ ഭയന്ന് മാറിനില്‍ക്കെ, പിതാവിന് കുഴിയെടുക്കാന്‍ രഞ്ജിത്ത് ഇറങ്ങി. കുഴി വെട്ടുന്നതിനിടെയും പോലീസ് തടഞ്ഞു. അപ്പോള്‍ കൈ ചൂണ്ടി 'നിങ്ങളെല്ലാം ചേര്‍ന്നാണ് എന്റെ അച്ഛനെ കൊന്നതെ'ന്ന് രഞ്ജിത്ത് വിലപിക്കുന്ന ദൃശ്യങ്ങള്‍ കേരളത്തെ ഞെട്ടിക്കുന്നതായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്