ആപ്പ്ജില്ല

ഒരു വർഷമായി സ്വന്തം കുഞ്ഞിനെ തേടിയലഞ്ഞ് അമ്മ; അനുപമ പ്രതികരിക്കുന്നു

പ്രസവിച്ച് മൂന്നാം ദിവസം വീട്ടുകാര്‍ എടുത്തുമാറ്റിയ കുഞ്ഞിനെ തേടി തിരുവനന്തപുരത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കയറിയിറങ്ങുകയാണ് ഒരമ്മ. സ്വന്തം മാതാപിതാക്കൾക്കെതിരെ ഗുരുതര ആരോപണമാണ് അവർ ഉന്നയിക്കുന്നത്.

Samayam Malayalam 17 Oct 2021, 4:50 pm
തിരുവനന്തപുരം: ഒരു വര്‍ഷം മുമ്പ് പ്രസവിച്ച കുഞ്ഞിനെ തന്‍റെ അച്ഛനും അമ്മയും കൊണ്ടുപോയെന്ന ഗുരുതര ആരോപണവുമായാണ് അനുപമയെന്ന 22 കാരി രംഗത്തെത്തിയിരിക്കുന്നത്.
Samayam Malayalam report on thiruvananthapuram native anupama in search of her baby for the last one year and raises allegation against parents
ഒരു വർഷമായി സ്വന്തം കുഞ്ഞിനെ തേടിയലഞ്ഞ് അമ്മ; അനുപമ പ്രതികരിക്കുന്നു


​പ്രണയം തുടർന്ന് അനുപമ

സി.പി.എം പേരൂര്‍ക്കട ഏരിയാ കമ്മിറ്റി അംഗം പി.എസ്.ജയചന്ദ്രന്റെ മകള്‍ മുന്‍ എസ്.എഫ്.ഐ. നേതാവായ അനുപമ എസ്.ചന്ദ്രനാണ് വീട്ടുകാര്‍ക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്. ഡി.വൈ.എഫ്.ഐ. പേരൂര്‍ക്കട മേഖലാ പ്രസിഡന്‍റായിരുന്ന അജിത്തുമായി അനുപമ സ്നേഹത്തിലായിരുന്നു. അജിത്ത് ദളിത് ക്രിസ്ത്യനും വിവാഹിതനുമായതിനാല്‍ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തു. പക്ഷേ അജിത്തുമായുള്ള ബന്ധം അനുപമ തുടര്‍ന്നു. ഇതിനിടയില്‍ അനുപമ ഗര്‍ഭിണിയായി. വീട്ടുകാരുടെ നേതൃത്വത്തില്‍ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

​അനുപമയുടെ പരാതി

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 19 ന് സിസേയറിനിലൂടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. തനിക്ക് കൊവിഡ് ബാധിച്ചതിനാലാണ് സിസേറിയന്‍ നടത്തേണ്ടി വന്നതെന്നും അനുപമ പറയുന്നു. പ്രസവിച്ച് മൂന്നു ദിവസം കഴിഞ്ഞപ്പോഴേക്കും നിര്‍ബന്ധപൂര്‍വം കുഞ്ഞിനെ തന്റെ അടുത്തുനിന്ന് അച്ഛനും വീട്ടുകാരും ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നുവെന്നാണ് അനുപമയുടെ പരാതി.സഹോദരിയുടെ വിവാഹത്തിനു ശേഷം കുഞ്ഞിനെ തരാം എന്നായിരുന്നു മാതാപിതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍, വിവാഹം കഴിഞ്ഞിട്ടും കുഞ്ഞിനെ തിരിച്ചുകൊണ്ടുവന്നില്ല. ഇതോടെ കഴിഞ്ഞ ഏപ്രിലില്‍ അജിത്തിനൊപ്പം അനുപമ പോവുകയായിരുന്നു. ജനുവരിയില്‍ വിവാഹമോചനം നേടിയ അജിത്ത് മാര്‍ച്ച് മാസം മുതല്‍ അനുപമയ്‌ക്കൊപ്പം താമസം തുടങ്ങി.

​ഡിഎൻഎ പരിശോധന നടത്തി

അനുപമയുടെ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയില്‍ രേഖകളും വീട്ടുകാര്‍ നല്‍കാത്തതിനാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പോലുമാകുന്നില്ലെന്നാണ് ആരോപണം.ഏപ്രില്‍ 19 ന് കുഞ്ഞിനെ കാണാനില്ലെന്ന പരാതി അനുപമ പേരൂര്‍ക്കട പൊലീസില്‍ നല്‍കി. പലതവണ നേരിട്ട് പോയി. കുട്ടിയെ അന്വേഷിച്ച് കണ്ടെത്തുകയോ കേസെടുക്കുകയോ ഒന്നും ചെയ്തില്ലെന്ന് അനുപമ പറയുന്നു. ഡിജിപിക്കും മുഖ്യമന്ത്രിക്കും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കും സിപിഎം നേതാക്കള്‍ക്കും എല്ലാം പരാതി നല്‍കി. ശിശുക്ഷേമ കമ്മിറ്റിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുഞ്ഞിനെ നല്‍കിയ ഒക്ടോബര്‍ 22-ന് ശിശുക്ഷേമ സമിതിയില്‍ ലഭിച്ച ഒരു കുഞ്ഞിന്റെ ഡി.എന്‍.എ. പരിശോധന നടത്തിയിരുന്നതായി ഇവര്‍ പറയുന്നു. എന്നാല്‍, ഇത് ഇവരുടെ കുട്ടിയായിരുന്നില്ലെന്നു കണ്ടെത്തി. ഇതേ ദിവസം എത്തിയ മറ്റൊരു കുട്ടിയെ ദത്ത് നല്‍കിക്കഴിഞ്ഞിരുന്നു. അതിനാല്‍ ആ കുട്ടിയുടെ ഡി.എന്‍.എ. പരിശോധന നടന്നില്ല.

​അനുപമക്കെതിരെ അച്ഛൻ

തന്റെ കുഞ്ഞിനെ അച്ഛനും അമ്മയും വിട്ടുതരുന്നില്ലെന്ന് കാട്ടി സിപിഎമ്മിന്റെ പല മുതിര്‍ന്ന നേതാക്കള്‍ക്കും പരാതി നല്‍കിയിരുന്നെന്നും അനുപമ പറഞ്ഞു. പാര്‍ട്ടിക്കാരാരും സഹായിച്ചില്ല. കോടിയേരി ബാലകൃഷ്ണന്‍, ആനാവൂര്‍ നാഗപ്പന്‍, വൃന്ദ കാരാട്ട്, പികെ ശ്രീമതി, പി സതീദേവി തുടങ്ങിയ നേതാക്കള്‍ക്കെല്ലാം പരാതി നല്‍കിയിരുന്നെന്നാണ് അനുപമ പറഞ്ഞത്. അനുപമ ഇത് പറഞ്ഞതിനു പിന്നാലെ വനിതാ കമ്മീഷന്‍ അധ്യക്ഷയായ പി സതീദേവി ഇക്കാര്യം ശരിവെക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, അനുപമയുടെ സമ്മതത്തോടെയാണ് കുഞ്ഞിനെ ശിശുക്ഷേമസമിതിയെ ഏല്‍പ്പിച്ചതെന്ന് അച്ഛന്‍ പി.എസ്.ജയചന്ദ്രന്‍ പറഞ്ഞു.കുഞ്ഞിനെ സംരക്ഷിക്കാനുള്ള വരുമാനമോ കഴിവോ ആ സമയത്ത് അനുപമയ്ക്കുണ്ടായിരുന്നില്ല. നോട്ടറി സാക്ഷ്യപ്പെടുത്തിയ സമ്മതപത്രം അനുപമയില്‍നിന്നു വാങ്ങിയാണ് ശിശുക്ഷേമസമിതിയില്‍ കുഞ്ഞിനെ നല്‍കിയത്. പരാതി വന്നപ്പോള്‍ ഇത് പോലീസിനെ കാണിച്ച് ബോധ്യപ്പെടുത്തിയിരുന്നു. കുഞ്ഞിനെ തിരിച്ചാവശ്യമുണ്ടെങ്കില്‍ നിയമപരമായി കോടതിയെ സമീപിക്കുകയാണ് വേണ്ടത്. ഇതും മകളോട് പറഞ്ഞിരുന്നതാണ്.

​കുഞ്ഞിനായി പോരാട്ടം തുടരുമെന്ന് അനുപമ

ഇപ്പോള്‍ വിവാദങ്ങളുണ്ടാക്കുന്നത് പാര്‍ട്ടി സമ്മേളനങ്ങളുടെ ഭാഗമായി ചര്‍ച്ചകള്‍ കൊണ്ടുവരാനാണെന്നും ജയചന്ദ്രന്‍ ആരോപിച്ചു. എന്നാല്‍ അച്ഛന്‍ പറയുന്നതൊക്കെ കളവാണെന്നാണ് അുപമ പറയുന്നത്. പ്രസവ ശേഷം വീട്ടിലേക്ക് വരുമ്പോള്‍ കാറില്‍ നിന്ന് കുഞ്ഞിനെ എടുത്തുകൊണ്ടുപോകുകയായിരുന്നു. ചേച്ചിയുടെ വിവാഹം 15 ദിവസത്തിനകം നടക്കുമെന്നും അതിനുശേഷം കുഞ്ഞിനെ തിരിച്ചുനല്‍കാമെന്നും, അജിത്തിനൊപ്പം പോകാമെന്നുമാണ് അമ്മ പറഞ്ഞിരുന്നത്. ചേച്ചിയുടെ വിവാഹം കഴിഞ്ഞതോടെ അമ്മ വാക്ക് മാറ്റി. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഗര്‍ഭം അലസിപ്പിക്കാനും പലതവണ ഇവര്‍ ശ്രമിച്ചു. മാംസ പിണ്ഡമല്ലേ വയറ്റില്‍ അതിനെ നിനക്ക് കളഞ്ഞുകൂടെ എന്നായിരുന്നു സഹോദരിയുടെ ചോദ്യമെന്നും അനുപമ പറയുന്നു. കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ വേണ്ടി നിയമപോരാട്ടം തുടരുമെന്നും അനുപമ പറഞ്ഞു.

പ്രസവിച്ചയുടനെ കുഞ്ഞിനെ മാറ്റിയെന്ന് അനുപമ; പോരാട്ടം പാർട്ടിക്കും തലവേദന

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്